കർക്കടക സംക്രമം, രാമായണ മാസാരാംഭം, ആയില്യ പൂജ ; ഈ ആഴ്ചത്തെ നക്ഷത്രഫലം
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
കർക്കടക സംക്രമം, രാമായണ മാസാരാംഭം, കർക്കടക വാവ്, ആടിചൊവ്വ, കർക്കടകത്തിലെ ആയില്യ പൂജ, ആടിവെള്ളി ഇവയാണ് 2023 ജൂലൈ 16 ന് തിരുവാതിര നക്ഷത്രം ആദ്യപാദത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ. 2023 ജൂലൈ 17 തിങ്കളാഴ്ച പുലർച്ചെ 5:07 മണിക്ക് പുണർതം നക്ഷത്രത്തിലാണ് കർക്കടക സംക്രമം. ഉത്തരായണ ശേഷം ദക്ഷിണായനം തുടങ്ങുന്ന കർക്കടകമാസം രാമായണമാസമായി ആചരിക്കുന്നു. നാടെങ്ങും രാമനാമങ്ങൾ ഉയരുന്ന ഇക്കാലം ദേവന്മാർ ഉണർന്നിരിക്കുന്ന ദേവമാസമാണ്. വിഷ്ണുരാമനായും വേദംരാമായണമായും അവതരിച്ചു എന്നാണ് വിശ്വാസം. ഈ അർത്ഥത്തിൽ വേദപാരായണം തന്നെയാണ് രാമായണ പാരായണം. കർക്കടപ്പുലരിയിൽ തന്നെയാണ് ഇത്തവണ കർക്കടകവാവ് വരുന്നത്. ഈ ദിവസം പിതൃപ്രീതിക്ക് വാവുബലി ഇടുന്നവർ ജൂലൈ 16 ന് ഒരിക്കൽ ഉൾപ്പെടെ എല്ലാ വ്രതനിഷ്ഠകളും പാലിച്ച് വേണം അടുത്ത ദിവസം ബലിയിടാൻ. കർക്കടകത്തിലെ ചൊവ്വാഴ്ചകളും വെള്ളിയാഴ്ചകളും ആടിചൊവ്വ, ആടി വെള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ദേവീശക്തി ഏറ്റവും വർദ്ധിക്കുന്ന ഈ ദിവസങ്ങൾ സുബ്രഹ്മണ്യനെ പ്രാർത്ഥിക്കാനും നല്ലതാണ്. ജൂലൈ 18, 21 ദിനങ്ങളിലെ ആടിചൊവ്വയും ആടിവെള്ളിയും മാസത്തിലെ ആദ്യത്തെ ചൊവ്വയും വെള്ളിയും ആയതിനാൽ മുപ്പെട്ട് ചൊവ്വയും വെള്ളിയും കൂടിയാണ്. ജൂലൈ 19 ബുധനാഴ്ചയാണ് മിക്കസ്ഥലങ്ങളിലും കർക്കടക മാസത്തെ ആയില്യ പൂജ ആചരിക്കുന്നത്. ജൂലൈ 20 നും 11 നാഴിക ആയില്യം നക്ഷത്രം ഉണ്ട്. 2023 ജൂലൈ 22 ന് ഉത്രം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
വസ്തുവകകൾ സൂക്ഷിക്കണം. ജോലിസ്ഥലത്ത് വച്ച് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെടാൻ സാധ്യത കാണുന്നു. കുടുംബാഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. ഇഷ്ടമുള്ള ഒരു വ്യക്തിയോട് അക്കാര്യം തുറന്നു പറയും. അത് ചില വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഊർജ്ജസ്വലതയോടെ ജോലി ചെയ്യാൻ കഴിയും. വിരുന്നു സൽക്കാരങ്ങൾ നടത്തും. സന്താനങ്ങളുടെ കാര്യത്തിലെ ആശങ്ക ഒഴിവാക്കാൻ കഴിയും. തൊഴിലിൽ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും.
ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തികമായി വളരെ നല്ല സമയമായിരിക്കും. ഈ സമയത്ത് പുതിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ധാരാളം അവസരങ്ങൾ ലഭിക്കും. വിവാദപരമായ വിഷയങ്ങളിൽ തർക്കങ്ങൾ ഒഴിവാക്കണം. ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ തെറ്റിദ്ധാരണ ശക്തമാകും. ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പ്രിയപ്പെട്ടവരോട് ക്ഷമിക്കുന്നതിലൂടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.
ദിവസവും 108 ഉരു ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കഠിനാധ്വാനത്തിന് പൂർണ്ണ ഫലങ്ങൾ ലഭിക്കും. പുതിയ
പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹ നിർമ്മാണം
വീണ്ടും ആരംഭിക്കും. ബഹുമതികളും അംഗീകാരങ്ങളും
തേടി വരും. പങ്കാളിത്ത സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ
സമയമാണ്. കലാരംഗത്ത് നേട്ടങ്ങളുണ്ടാകും. ആരോഗ്യം
ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരിച്ച് കിട്ടും. ലഹരി വസ്തുക്കൾ ഉപയോഗം കുടുംബത്തിലെ സമാധാന
അന്തരീക്ഷത്തെ ബാധിക്കും. പരുഷമായ സംഭാഷണം
ഒഴിവാക്കണം. എന്നും ഓം നമോ നാരായണ” ജപിക്കുക.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ജോലി സംബന്ധമായ നേട്ടങ്ങൾ കൈവരിക്കും. പുതിയ
സ്ഥാനമാനങ്ങൾ, ആഗ്രഹിച്ച ജോലി, സ്ഥലം മാറ്റം എന്നിവ ലഭിക്കും. വിദേശത്ത് പുരോഗതി ഉണ്ടാക്കാൻ കഴിയും. സന്താനത്തിന്റെ വിവാഹം തീരുമാനിക്കും. സർക്കാരിന്റെ സഹായം ലഭിക്കും. ബഹുമതിക്ക് യോഗം. മാനസിക സമ്മർദ്ദം അനുഭവപ്പെടും. നിഷേധ ചിന്തകൾ ഒഴിവാക്കണം. സ്വഭാവത്തിൽ അസ്ഥിരത കാണും.
കുടുംബ സ്വത്തിൽ നിന്ന് പെട്ടെന്ന് നേട്ടങ്ങൾ ലഭിക്കാം.
ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തിക നേട്ടമുണ്ടാകും. അംഗീകാരങ്ങൾ ലഭിക്കും. സ്ഥലം മാറ്റം, സ്ഥാനമാനങ്ങൾ എന്നിവയ്ക്ക് യോഗം കാണുന്നു. ഗൃഹനിർമ്മാണം അല്ലെങ്കിൽ നവീകരണം സാധ്യമാകും. പ്രതീക്ഷിച്ച സഹായ സഹകരണം ലഭിക്കും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. തിരക്കുകൾ കാരണം ദാമ്പത്യ ജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉടലെടുക്കും. ആരോഗ്യം മെച്ചപ്പെടും. പഠനത്തിൽ ഗുണപരമായ ധാരാളം മാറ്റമുണ്ടാകും. വിദൂരയാത്രയ്ക്ക് അവസരം ലഭിക്കും. എന്നും ആദിത്യ ഹൃദയം ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
പ്രതിസന്ധി തരണം ചെയ്യാൻ കഴിയും. ശുഭപ്രതീക്ഷ
ഗുണം ചെയ്യും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും.
കർമ്മരംഗത്ത് പുരോഗതി കൈവരിക്കും. തെറ്റിദ്ധരണ തിരുത്തും. ആഗ്രഹിക്കുന്ന രീതിയിൽ ഉപരിപഠനത്തിന് കഴിയും. സാമ്പത്തിക പുരോഗതി നേടും. സുഖസൗകര്യം പ്രത്യേകിച്ച് വിനോദവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ കൂടുതൽ സമയവും പണവും ചെലവിടും. പുതിയ വീട് വാങ്ങും. ബിസിനസിൽ സാഹസിക നീക്കം നടത്തുന്നത് ദോഷകരമാകും. വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും. ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആഗ്രഹിച്ച ജോലി ലഭിക്കും. ചുമതലകൾ വർദ്ധിക്കും.
ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. അമിതാദ്ധ്വാനം ഒഴിവാക്കണം. സ്ഥലം മാറ്റം, സ്ഥാനമാറ്റം എന്നിവയ്ക്ക്
സാധ്യതയുണ്ട്. ചെലവ് കർശനമായി നിയന്ത്രിക്കാൻ
കഴിയും. ഗൃഹ നിർമ്മാണം ആരംഭിക്കും. സന്താനഭാഗ്യം
കാണുന്നു. കോടതി സംബന്ധമായ ഏത് കാര്യത്തിലും വിജയം നേടാൻ കഴിയും. മാനസിക സമാധാനം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച് പേരുദോഷമുണ്ടാക്കാനിടയുണ്ട്.
നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
വരുമാനവും ചെലവും ഒരു പോലെ വർദ്ധിക്കും. പുതിയ
പദ്ധതികൾ ആസൂത്രണം ചെയ്യും. വീട്, ഭൂമി വാങ്ങാൻ
സാധിക്കും. അഗ്രഹങ്ങൾ സഫലമാകും. സുപ്രധാനമായ
തീരുമാനങ്ങൾ എടുക്കും. സ്വജനങ്ങളുടെ പിണക്കം മാറ്റാൻ സാധിക്കും. ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ജീവിത പങ്കാളിയെ സഹായിക്കാൻ കഴിയും. ജോലി ഭാരം കുറയും. പൂർത്തിയാക്കാത്ത പ്രവൃത്തികൾ തീർക്കും. പഴയ ചില പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ദിവസവും 108 തവണ ഓം വചത്ഭുവേ നമഃ ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ദീർഘകാലമായുള്ള ചില ആഗ്രഹങ്ങൾ സഫലമാകും.
കാർഷികാദായം വർദ്ധിക്കും. തൊഴിൽരംഗത്ത് പുതിയ
പദ്ധതികൾ പ്രാവർത്തികമാക്കും. സൗഹൃദങ്ങൾ വഴി
ചില ഗുണങ്ങൾ ലഭിക്കും. വീട് പണി പൂർത്തീകരിക്കും.
ജീവിതപങ്കാളിയുടെ നേട്ടങ്ങളിൽ സന്തോഷിക്കും. യാത്ര
ഗുണകരമാകും. ഈശ്വരീയമായ കാര്യങ്ങളിൽ താല്പര്യം.
പെട്ടെന്ന് യാത്ര പോകേണ്ടി വരാം. ചെലവ് വർദ്ധിക്കും. ഗൃഹാന്തരീക്ഷം മാനസികമായ പിരിമുറുക്കം കുറയ്ക്കും. പങ്കാളിയുമായി ഒരു തർക്കം അവസാനിച്ചാലുടൻ പുതിയ പ്രശ്നം തുടങ്ങും. ഓം നമോ നാരായണായ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2, )
തൊഴിൽ രംഗത്തെ ശാന്തമായ അന്തരീക്ഷം മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കും. മികച്ച ജോലി കിട്ടാൻ സാധ്യതയുണ്ട്. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. സകുടുംബം യാത്ര പോകും. അഭിപ്രായ സ്ഥിരത പുലർത്തും. സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിൽ വിജയിക്കും.സുരക്ഷിതമായ സാമ്പത്തിക പദ്ധതികളിൽ മാത്രം നിക്ഷേപം നടത്തണം. സ്വന്തമായി പദ്ധതികൾക്ക് രൂപം നൽകും. അനാവശ്യ വിവാദം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. കഠിനാധ്വാന ശേഷവും പരീക്ഷയിൽ നേട്ടം ലഭിക്കില്ല. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക കാര്യങ്ങളിൽ ആശാവഹമായ പുരോഗതി കൈവരിക്കാൻ സാധിക്കും. ഉത്കണ്ഠകൾ ശമിക്കും. സ്വജനങ്ങളുടെ എതിർപ്പുകൾ മറികടക്കും. ആഗ്രഹിച്ച തരത്തിൽ ഉപരിപഠനത്തിന് സാധിക്കും. പ്രതിസന്ധികൾ ബുദ്ധിപൂർവകമായ നീക്കങ്ങളിലൂടെ തരണം ചെയ്യാൻ കഴിയും. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങൾ മാറിക്കിട്ടും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ല, സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കും. ഭാവി സുരക്ഷിതമാക്കുന്നതിൽ വിജയിക്കും. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് പൂർണ്ണ ആശ്വാസം കിട്ടും. എന്നും നരസിംഹമൂർത്തിയെ ഭജിക്കുന്നത് നല്ലത്.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ബന്ധുമിത്രാദികളുടെ ആഗ്രഹം സാധിച്ചു കൊടുക്കും. ഭാവിയിൽ നേട്ടമാകും എന്ന പ്രതീക്ഷയിൽ ബിസിനസിൽ പുതിയ നിക്ഷേപങ്ങൾ നടത്തും. ഭൂമി വാങ്ങാൻ കഴിയും. വാക്ക് പാലിക്കാൻ തയ്യാറാകും. രോഗക്ലേശങ്ങൾ കാരണം വിഷമിക്കുന്നവർക്ക് നല്ല ആശ്വാസം ലഭിക്കും. കുടുംബപരമായ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ കഴിവിനെ അഭിനന്ദിക്കും. പ്രമോഷനോ ആനുകൂല്യമോ ലഭിക്കും. പ്രയോജനമില്ലാത്ത ജോലി മുഴുകി വെറുതെ ഊർജ്ജം പാഴാക്കരുത്. മത്സരപരീക്ഷയിൽ വിജയം നേടാനാകും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 8921709017
Summary: Predictions: This week for you