Friday, 5 Jul 2024

കൽക്കി ഭഗവാൻ കുതിരപ്പുറത്തേറി 3 നാള്‍ കൊണ്ട് ഭൂമിയെ രക്ഷിക്കും

ഡോ. രാജേഷ് പുല്ലാട്ടില്‍
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്ത ദ്വീതിയയാണ് കൽക്കി അവതാര ദിനമായി കേരളത്തിൽ ആചരിക്കുന്നത്. ഇങ്ങനെയാണ് മലയാള പഞ്ചാംഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2023 സെപ്തംബർ 17, ചിങ്ങം 32 ഞായറാഴ്ചയാണ് ഈ വിശേഷ ദിവസം. എന്നാൽ മാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളില്‍ അര്‍ദ്ധരാത്രി ആയിരിക്കും ഭഗവാന്റെ തിരുവവതാരം സംഭവിക്കുക എന്ന് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നു. (2023 ഡിസംബർ 5, 1199 വൃശ്ചികം 19) കലിയുഗാന്ത്യത്തോടെ ലോകത്ത് സര്‍വജനങ്ങളും, നാസ്തികരും, അധര്‍മ്മികളും, മ്ലേച്ഛമായ കാര്യങ്ങൾ
ചെയ്യുന്നവരുമായി മാറും. ദുഷ്ടതയും അധർമ്മവും അതിന്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ ദേവന്‍മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണുഭഗവാന്‍ ശംഭള ഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതാരം എടുക്കും. ഇതാണ് ഖഡ്ഗി അവതാരം. ഈ കൽക്കി ഭഗവാന്‍ പരശുരാമനെ ഗുരുവായി വരിച്ച് സര്‍വവിദ്യകളും അഭ്യസിക്കും. സിംഹളരാജാവായ ബൃഹദശ്വന്റെ പുത്രിയായ പത്മാവതിയെയും ശശിധ്വജന്റെ പുത്രിയായ രമയെയും കൽക്കി ദേവന്‍ വിവാഹം കഴിക്കും. പിന്നെ കൽക്കി ദേവന്‍ ഭൂലോകത്തിലെ സകലദുഷ്ടരെയും നിഗ്രഹിക്കും. അങ്ങനെ സത്യധര്‍മ്മങ്ങൾ പുനഃസ്ഥാപിച്ചു കഴിയുമ്പോൾ കലിയുഗത്തിനു ശേഷം സത്യയുഗം സമാഗതമാകും. അന്ന് സര്‍വജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കും. ഇപ്രകാരം തന്റെ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കൽക്കിദേവന്‍ സ്വധാമത്തെ പ്രാപിക്കും.

കൽക്കിദേവന്റെ അവതാരംം സംഭവിക്കുന്നത് ഉൾപ്പെടെ സകല കാര്യങ്ങളും കൽക്കി പുരാണത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. മറ്റ് പുരാണങ്ങളിലും കൽക്കിദേവന്റെ വരവ് ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതത്തില്‍ കൽക്കി ദേവന്റെ കുതിരയുടെ പേര് ദേവദത്തം എന്ന് പറയുന്നുണ്ട്. കൽക്കി ദേവന്റെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചു കൊണ്ടിരിക്കുന്നു.

ഭഗവാൻ ഭൂമണ്ഡലം മുഴുവന്‍ സഞ്ചരിച്ച് നൃപന്‍മാരുടെ വേഷത്തില്‍ ഒളിഞ്ഞിരിക്കുന്ന ചോരന്മാരെ നിഗ്രഹിക്കും. കൽക്കി അവതാരം എടുക്കുന്നതോടെ സത്യയുഗത്തിന്റെ ആരംഭവും സമാഗതമാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിനു സമാനമായ ചരിതം തന്നെ വിഷ്ണു പുരാണവും പറയുന്നുണ്ട്.

ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ പരാമര്‍ശം കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യോളവും വലിപ്പമുള്ളതായി തീരും എന്നാണ്. അക്കാലത്താണ് കൽക്കി അവതരിക്കുക. ഭഗവാൻ അതിവേഗം കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍കൊണ്ട് ഭൂമിയെ മ്ലേച്ഛശൂന്യമാക്കി തീര്‍ക്കും. പിന്നെ ആറുദിവസം തുടര്‍ച്ചയായി മഴപെയ്യും. അതോടെ ഭൂമി മുഴുവന്‍ ജലത്തിന്റെ അടിയിലായിത്തീരും. പിന്നെ ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച് ഉദിച്ച് ജലം വറ്റിച്ചു പൂര്‍വ്വസ്ഥിതിയിലാക്കും. ഭവിഷ്യ പുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ്. കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക് യോഗ്യരാകും. അധര്‍മ്മം വര്‍ദ്ധിച്ചിരിക്കുന്ന അക്കാലത്ത് യമധര്‍മന്‍ ബ്രഹ്മാവിനെ ചെന്നുകണ്ട് സങ്കടം പറയും. ബ്രഹ്മാവ് യമനെയുംകൂട്ടി വൈകുണ്ഠത്തിലേക്ക് പോയി വിഷ്ണുഭഗവാനോട് എല്ലാ കാര്യങ്ങളും ഉണര്‍ത്തിക്കും പിന്നെ ഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും.

കൽക്കി ദേവന്റെ പിതാവ് വിഷ്ണുയശസ്സ് കശ്യപ പ്രജാപതിയുടെ പുനര്‍ജന്മം ആണത്രേ. കൽക്കിദേവന്റെ മാതാവിന്റെ പേര്‍ വിഷ്ണു കീര്‍ത്തി എന്നായിരിക്കും. അവര്‍ ഭഗവാന്റെ ചരിത്രങ്ങളെ ലീലാചരിതത്തെ ജനങ്ങളെ വായിച്ചു കേള്‍പ്പിക്കും. ഇതുകേട്ട് മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടക്കും. ഇതിനുശേഷം അവതരിക്കുന്ന കൽക്കി ഭഗവാന്റെ ദ്വിഗ്ജയം 16000 സംവത്സരം പൂര്‍ത്തിയാക്കും.
അപ്പോഴേക്കും ഭൂമി മനുഷ്യശൂന്യമാകുകയും കലിയുഗം അവസാനിക്കുകയും ചെയ്യും. കൽക്കി ഭഗവാന്റെ നിവേദ്യം തേനാണ്. പുഷ്പം നന്ത്യാർവട്ടപ്പൂവ് .

ഡോ. രാജേഷ് പുല്ലാട്ടിൽ +91 9895502025

Story Summary: Date and Significance of Kalki Avatar

error: Content is protected !!
Exit mobile version