Saturday, 23 Nov 2024

ഗണപതിക്കൊരുക്ക് പൊങ്കാല ഇടുമ്പോൾ ഒഴിവാക്കരുത്

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് ആത്മസായൂജ്യം നൽകുന്ന, അവരെ ദുരിത ദോഷങ്ങളിൽ നിന്നും നിന്നും മുക്തരാക്കുന്ന ആറ്റുകാൽ പൊങ്കാല ഇക്കുറി മാർച്ച് 7
ചൊവ്വാഴ്ചയാണ്. അന്ന് രാവിലെ 10: 30 നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. പാണ്ഡ്യരാജാവിന്റെ വധം തോറ്റംപാട്ടുകാർ പാടിത്തീരുമ്പോൾ ശംഖൊലിമുയരും. ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പണ്ടാര അടുപ്പിൽ കൊളുത്താനുള്ള അഗ്നി പകർന്ന് മേൽശാന്തി
പി. കേശവൻ നമ്പൂതിരിക്ക് നൽകും. അദ്ദേഹം അത് തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും അടുപ്പിൽ കൊളുത്തിയിട്ട് സഹമേൽശാന്തിമാർക്ക് നൽകും. അവരാണ് വേലി കെട്ടിത്തിരിച്ച് പുണ്യാഹം നടത്തിയ സ്ഥലത്തുള്ള പണ്ടാര അടുപ്പിൽ കൊളുത്തുക.

പണ്ടാര അടുപ്പിൽ തീ കൊളുത്തിയാലുടൻ കതിനാവെടി മുഴങ്ങും. ഇതേ സമയം ഭക്തർക്ക് പണ്ടാര അടുപ്പിലെ അഗ്നി പകർന്നു കിട്ടും. കിണ്ടിയിൽ ജലം സഹിതം വിളക്ക് കത്തിച്ച് വച്ച്‌ ഗണപതിക്ക് ഒരുക്കുമായി കാത്തിരിക്കുന്ന ഭക്തർ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിച്ചു കഴിഞ്ഞാലുടൻ ഗണപതി വിളക്കിൽ നിന്നും ദീപം പകർന്ന് അടുപ്പു കത്തിക്കണം. പൊങ്കാലയിടുന്നവർ ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്തതാണ് ഗണപതി ഒരുക്ക്. പ്രഥമ പൂജനീയനായ ഗണപതി പ്രീതിയില്ലാതെ ഒരു പൂജയും പൂർണ്ണമാകില്ല. വിധി പ്രകാരം ഒരുക്കുന്ന പൊങ്കാല തിളച്ച് തൂവിയാൽ ഭക്തർ ദേവീ സ്തുതികളോടെ നിവേദ്യത്തിന് കാത്തിരിക്കണം. ഉച്ചതിരിഞ്ഞ് 2:30 ന് ക്ഷേത്രത്തിൽ പൊങ്കാല നേദിക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്നും ചുമതലപ്പെടുത്തുന്ന ശാന്തിക്കാർ എല്ലായിടത്തും എത്തി പൊങ്കാല നേദിച്ച് തരും . പൊങ്കാല തിളച്ച ശേഷമേ ജലപാനം പോലും പാടുള്ളൂ. നിവേദ്യം കഴിഞ്ഞ് പൊങ്കാല, കരിക്ക്, പഴം എന്നിവയിൽ ഏതെങ്കിലും കഴിച്ച് വ്രതം അവസാനിപ്പിക്കാം. വിശുദ്ധമായി പൊങ്കാല വഴിപാട് സമർപ്പിച്ചാൽ അഭീഷ്ട സിദ്ധി ലഭിക്കും. വിവാഹം, രോഗശമനം, ഉദ്യോഗം, കുടുംബഭദ്രത, സന്താനാഭിവൃദ്ധി തുടങ്ങി എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും. പൊങ്കാലയായി ശർക്കരപ്പായസമാണ് മുഖ്യമായി സമർപ്പിക്കുന്നത്. പഞ്ചസാരപ്പായസം, പാൽപ്പായസം, വെള്ളനിവേദ്യം, തെരളി, അട മുതലായവയാണ് മറ്റ് സമർപ്പണങ്ങൾ. ഇവ ഓരോന്നിനും ഓരോ ഫലമാണ്. ശർക്കര പായസം ഐശ്വര്യവും സുഖവും നൽകും. വെളള നിവേദ്യം ആഗ്രഹ ലബ്ധിക്ക് ഉത്തമം. മണ്ടപ്പുറ്റ് രോഗശമനം പ്രത്യേകിച്ച് ശിരോരോഗങ്ങൾ മാറാൻ നല്ലതാണ്. തെരളി ധന ധാന്യ സമൃദ്ധി നൽകുമെന്നാണ് വിശ്വാസം.

പൊങ്കാല സമർപ്പിക്കുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

1 വ്രതമെടുത്ത് പൊങ്കാലയിടണം
2 പൊങ്കാലയിടുന്നവർ മാത്രം വ്രതമെടുത്താൽ മതി
3 എല്ലാവരും വ്രതമെടുത്താൽ കുടുംബാഭിവൃദ്ധി
4 പുതുവസ്ത്രം ധരിച്ച് പൊങ്കാലയിടുന്നത് നല്ലത്
5 പുതിയ മൺകലത്തിൽ പൊങ്കാലയിടണം
6 കിഴക്ക് ദർശനമായി പൊങ്കാലയിടുന്നത് ഉത്തമം
7 തെക്കുവശം ദർശനമായി പൊങ്കാല ഇടരുത്
8 പൊങ്കാലയിട്ട കലത്തിൽ പിന്നീട് പാചകമരുത്
9 അടുപ്പ് തെളിക്കും മുമ്പ് ഗണപതിക്കൊരുക്കണം
10 മാസമുറ തുടങ്ങി 7 രാത്രി കഴിഞ്ഞ് പൊങ്കാല ഇടാം
11 പൊങ്കാല കിഴക്കോട്ട് തൂകിയാൽ സദ്ഫലം
12 പൊങ്കാല കഴിച്ച് വ്രതം മുറിക്കാം
13 പൊങ്കാല ദിവസം ആറ്റുകാൽ ദർശനം നിർബന്ധമില്ല
14 പൊങ്കാലയ്ക്ക് മുൻപ് ഒരു ദിവസം ദർശനം വേണം.
15 അടുപ്പു തെളിക്കുമ്പോൾ ദേവീമന്ത്രം ജപിക്കണം
16 പുല – വാലായ്മയുള്ളവർ പൊങ്കാല ഇടരുത്

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Summary: Attukal Ponkala 2023: Importance of Ganapathy Orukku in Ponkala offering

error: Content is protected !!
Exit mobile version