ഗണേശപ്രീതി ഇല്ലെങ്കിലുള്ള ദുരനുഭവങ്ങൾ ഇതെല്ലാം
എം.നന്ദകുമാർ, റിട്ട. ഐ എ എസ്
ഗണേശപ്രീതി ഇല്ലെങ്കിൽ സംഭവിക്കാനിടയുള്ള ദുരനുഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. സന്താനലബ്ധി പ്രയാസമായിരിക്കുക വിവാഹം നീണ്ടു പോകുക, മുടങ്ങുക, ഭരണ നിർവഹണത്തിൽ വൈകല്യമുണ്ടാകുക, ജോലിയിൽ സ്ഥാനഭ്രംശം നേരിടുക, മറ്റു തരത്തിലുള്ള തൊഴിൽ പ്രശ്‌നങ്ങളുണ്ടാകുക, വിദ്യാഭ്യാസത്തിൽ തടസം വരുക എന്നിങ്ങനെ ജീവിതത്തിൽ കഷ്ടതകളും യാതനകളും ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കും. ഇതിനെല്ലാം പുറമെയുളള ഒരു പ്രധാന പ്രശ്നമാണ് ദുസ്വപ്നങ്ങൾ കാണുക. വെള്ളത്തിൽ മുങ്ങുന്നത്, പൊങ്ങുന്നത്, തല മൊട്ടയടിക്കുന്നത്, വലിയ പക്ഷികളുടെ പുറത്ത് യാത്ര ചെയ്യുന്നത്, ശത്രുക്കളുടെ തടങ്കലിലാകുന്നത്, ഒട്ടകം, കഴുത ഇവയുടെ പുറത്ത് പോകുന്നത് സാമൂഹ്യവിരുദ്ധരുടെ പിടിയിൽ അകപ്പെടുന്നത് ഇതെല്ലാം ഇത്തരം സ്വപ്നങ്ങളുടെ കൂട്ടത്തിൽ പെടുന്നു. യാഞ്ജവൽകൃസ്മൃതിയിലാണ് ഗണപതിയുടെ പ്രീതിക്കുറവിന്റെ സൂചനകളായി ഇതെല്ലാം പറഞ്ഞിരിക്കുന്നത്. പാർവ്വതിയെയും വിനായകനെയും ഗൗരീവിനായക ഗായത്രികളാൽ പൂജിച്ചാൽ ഇത്തരം ദുരനുഭവങ്ങൾ ഓടി ഒളിക്കും എന്നാണ് യാജ്ഞവൽക്യൻ പറയുന്നത്.
വിനായക ഗായത്രി
ഓം തത്പുരുഷായവീദ്മഹേ
വക്രതുണ്ഡായധീമഹി
തന്നോദന്തി പ്രചോദയാത് എന്നാണ്
ഗൗരീഗായത്രി
ഓം സുഭഗായൈ വിദ്മഹേ
കാമ മാലിന്യൈ ധീമഹി
തന്നോഗൗരി പ്രചോദയാത്
പാർവതിയുടെയും വിനായകന്റെയും പ്രതിമകൾ സ്വസ്തികപദ്മത്തിൽ വച്ച് ഗൗരീഗായത്രിയും വിനായക ഗായത്രിയും കൊണ്ട് പൂജിക്കുകയാണ് ഗണേശ പ്രീതിക്കുറവു മൂലം അനുഭവപ്പെടുന്ന ദുരനുഭവങ്ങളിൽ നിന്നുള്ള മോചനത്തിന് ഉത്തമ മാർഗ്ഗം.
വിഘ്‌നനിവാരണത്തിനും വിജയത്തിനും അനിവാര്യവും അനുപേക്ഷണീയവുമാണ് ഗണേശപൂജ എന്ന് ഹേരംബോപനിഷത്തിൽ ഹേരംബഗണപതിയുടെ മാഹാത്മ്യം ഉദ്‌ഘോഷിക്കവേ ശ്രീ പരമേശ്വരൻ ശ്രീ പാർവ്വതിയോട് പറയുന്നുണ്ട്. ഗണപതി മന്ത്രവും ഗായത്രിയും ആദ്യമായി കാണുന്നത് അഥർവ്വവേദത്തിലാണ്. ഈ വേദത്തിൽ നിന്നാണ് ഗണപത്യുപനിഷത്ത് അഥവാ ഗണപത്യഥർവ്വശീഷോപനിഷത്ത് ഉളവായിരിക്കുന്നത്. എല്ലാം ഗണപതി തന്നെ എന്ന വേദാന്തസ്വഭാവം സംശയരഹിതമായി പ്രഖ്യാപിക്കുന്ന ഒന്നാണ് ഗണപത്യുപനിഷത്ത്. തത്ത്വമസി മഹാവാക്യത്തിന്റെ വിസ്താരമാണിത്.
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാ പണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിൽ പ്രണവത്തിൽ താമസിക്കുന്നു.
മൊബൈൽ : 91 94 97836666
വെബ് സൈറ്റ്: www.mnandakumar.com )