Friday, 20 Sep 2024

ഗയയിൽ പോയി ബലിയിട്ട് മോക്ഷം നൽകിയാലും ആണ്ടു ബലിയിടണം

രാമേശ്വരത്ത് അസ്ഥിനിമഞ്ജനം ചെയ്ത് സായൂജ്യപൂജ, തിലഹവനം എന്നിവ നടത്തിയാല്‍ പിന്നെ ആണ്ടുതോറും ശ്രാദ്ധമൂട്ടേണ്ടതില്ല എന്ന്  ചിലർ പറയാറുണ്ട്. ഇത് ശരിയാണോ?

രാമേശ്വരത്തല്ല ഗയയിൽ പോയി ബലിയിട്ട് മോക്ഷപ്രാപ്തി വരുത്തിയാലും പിതൃക്കൾക്ക്  ആണ്ടുതോറും വാവു ബലിയിടണം. മാതാപിതാക്കളെ ആചാരങ്ങളോടെ ഓർമ്മിക്കുവാൻ കിട്ടുന്ന ഏക അവസരമാണ് ബലിയിടൽ. ഗയാ ശ്രാദ്ധമാണ് ഏറ്റവും പ്രധാനം. അലഹബാദ്, ത്രിവേണി, കാശി, ഗയ എന്നിവിടങ്ങളിൽ ശ്രാദ്ധം  ഇടുന്നു. അതിൽ എല്ലാ പിതൃക്കൾക്കും മോക്ഷഗതിയാകുന്നു എന്നാണ് സങ്കൽപം. എന്നാലും എന്തുവന്നാലും  അച്ഛനും  അമ്മയ്ക്കും വേണ്ടി എല്ലാ വർഷവും ബലി ഇടണം. പൂര്‍വികരോടും മാതാപിതാക്കളോടുമുള്ള ബന്ധം മരണത്തോടു കൂടി അവസാനിക്കുന്നതല്ല. ജീവിച്ചിരിക്കുമ്പോള്‍ ഉള്ളതായ എല്ലാവിധ വികാര വിചാരങ്ങളേടും കൂടി തന്നെ മരണത്തിനു ശേഷവും ആത്മാവ് സ്ഥിതിചെയ്യുന്നു. ഇപ്രകാരം സ്ഥിതി ചെയ്യുന്ന ആത്മാവിനെയാണ്  പിതൃ എന്നു പറയുന്നത്. പിതൃക്കള്‍ക്ക് ഭൗതികമായ ശരീരം ഇല്ലാത്തതുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നവാന്‍ സാധ്യമല്ല. അതുകൊണ്ട്  പിതൃക്കള്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അനന്തരാവകാശികളായ മനുഷ്യരുടെ കര്‍ത്തവ്യമാണ്. ഇതാണ് ശ്രാദ്ധം അനുഷ്ഠിക്കുന്നതിന്റെ അടിസ്ഥാനം. ശ്രാദ്ധം അനുഷ്ഠിക്കുന്നതുകൊണ്ടുള്ള ഏറ്റവും ഉത്തമമായ ഫലം സന്തതിപരമ്പരകള്‍ക്ക് അഭിവൃദ്ധിയുണ്ടാകും എന്നതാണ്. പതിവായി ശ്രാദ്ധം നടത്താതിരുന്നാല്‍ അടുത്ത തലമുറയില്‍പ്പെട്ടവര്‍ക്ക് സന്താനഹീനത്വം വരെയുുണ്ടാക്കാം. ബലിതന്നെ  മാസബലി, ആണ്ട് ബലി, അമാവാസി ബലി എന്നിങ്ങനെ മൂന്ന് വിധത്തിലുണ്ട്. ഒരു വ്യക്തി മരിച്ചാല്‍ ഒരു വര്‍ഷത്തേക്ക് മാസം തോറും നടത്തുന്നതാണ് മാസബലി. ഇങ്ങനെ ഒരു വർഷം ബലിയിട്ട് സായുജ്യപൂജ, നാരായണബലി, തിലഹോമം തുടങ്ങിയവ നടത്തി പിതൃവിന് മോക്ഷ പ്രാപ്തിയേകും. വ്യക്തിമരിച്ച നക്ഷത്രമോ തിഥിയോ വരുന്ന ദിവസം വര്‍ഷത്തില്‍ നടത്തുന്നതാണ് ആണ്ട് ബലി. വര്‍ഷത്തില്‍ ഒരു തവണ നടത്തുന്ന ഈ ബലിക്ക് വളരെ പ്രധാന്യമുണ്ട്. മിക്കവരും കർക്കടക വാവിനിടുന്ന ഈ ബലി  മുടക്കാതിരിക്കാന്‍ ശ്രമിക്കണം തന്റെ വംശത്തില്‍ അറിഞ്ഞും, അിറയാതെയുമുള്ള സമസ്ത പിതൃക്കള്‍ക്കും വേണ്ടിയാണ് അമാവാസിനാളില്‍ ബലിയിടുന്നത്. എല്ലാ അമാവാസികളും പിതൃബലി നടത്തുന്നതിന് ഉത്തമമാണ്. അതില്‍ തന്നെ  തുലാം, കുംഭം, ഇടവം എന്നീ  മാസങ്ങളിലെ അമാവാസികളും  ശ്രേഷ്ഠമാണ്. ഈ നാലിലും വെച്ച് കര്‍ക്കിടകത്തിലെ അമാവാസി അധികം ശ്രേഷഠമാണ്.

രാമേശ്വരം ക്ഷേത്രത്തിൽ പിതൃകര്‍മ്മത്തിന് പ്രാധാന്യമുണ്ടെന്നത് ശരിയാണ്. ഈ ക്ഷേത്രം രാവണനെ വധിച്ച പാപം നശിക്കുന്നതിനായി ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണെന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് രാമേശ്വരം എന്ന് പേരുണ്ടായത്. രാമേശ്വരത്ത് ഒരു മതില്‍കെട്ടിനുള്ളില്‍ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. ഒന്ന് കാശിവിശ്വനാഥക്ഷേത്രവും, മറ്റൊന്ന് സീതാദേവി മണല്‍കൊണ്ട് ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചതായി വിശ്വസിക്കുന്ന രമേശ്വരം ക്ഷേത്രവും. ക്ഷേത്രത്തിനകത്ത് 22 തീര്‍ത്ഥങ്ങളുണ്ട്. കടല്‍ തീരത്ത്  സ്ഥിതി ചെയ്യുന്ന ഈ തീര്‍ത്ഥങ്ങളിലെ ജലത്തിന് അല്പം പോലും ഉപ്പുരസമില്ല. ദ്വാദശജോതിര്‍ ലിംഗക്ഷേത്രങ്ങളില്‍ ഒന്നായും  രാമേശ്വരം  കണക്കാക്കുന്നു. ക്ഷേത്രത്തിനു മുന്‍പിലുള്ള കടല്‍തീരത്തു വച്ചാണ് ഇവിടെ ബലികര്‍മ്മങ്ങള്‍ നടത്തുന്നത്. ഇവിടെ ബലിയിട്ടാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. അതു കൊണ്ടാകണം  പിന്നെ ബലിയിടേണ്ട കാര്യമില്ലെന്ന് പറയുന്നത്.

(ഈശ്വര കഥകൾ, ആരാധനാ രീതികൾ, ആചാരങ്ങൾ, അപൂർവ്വ  മന്ത്രങ്ങൾ, ജ്യോതിഷ വിഷയങ്ങൾ, ഗ്രഹസ്ഥിതി പഠനങ്ങൾ, പ്രവചനങ്ങൾ, നിരീക്ഷണങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ  നേരം ഓൺലൈനിൽ സൗജന്യമായി നിങ്ങൾക്ക് പങ്കിടാം. ചെയ്യേണ്ടത് ഇത്രമാത്രം: neramtoday@gmail.com എന്ന ഇ മെയിലിലേക്ക് മലയാളത്തിൽ എഴുതി അയക്കുക. ആക്ഷേപകരവും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നതും മറ്റ് ഗൂഢതാല്പര്യങ്ങൾ ഉള്ളതുമായ അറിവുകളും വിവരങ്ങളും   വ്യാജപ്രചരണങ്ങളും നേരം ഓൺലൈൻ പങ്കിടില്ല.പുതുമയുള്ളതും അന്ധവിശ്വാസ  പ്രേരിതമല്ലാത്തതുമായ വിവരങ്ങൾ പങ്കിടും. നേരം ഓൺലൈൻ മുൻപ് പോസ്റ്റ് ചെയ്തതിനോട് സാമ്യമുള്ള വിവരങ്ങളും ഒഴിവാക്കും.മറ്റ് എവിടെയെങ്കിലും മുൻപ് പ്രസിദ്ധീകരിച്ച വിവരങ്ങൾ പകർത്തി അയയ്ക്കരുത്. പകർത്തിയതാണെന്ന്അത് ആരെങ്കിലും വസ്തുതാപരമായി ശ്രദ്ധയിൽപ്പെടുത്തിയാൽ കഴിയുന്നതും വേഗം നീക്കം ചെയ്യും. എഴുന്നത് ലേഖകരുടെ അഭിപ്രായവും നിരീക്ഷണവും വിശകലനവും മാത്രമാണ്. അതിന്റെ ഉത്തരവാദിത്തവും അവർക്ക് മാത്രമാണ്. അത് പിൻതുടരുന്നതിന് മുൻപ്  ഏതൊരാളും സ്വയം അന്വേഷിച്ച് അതിന്റെ ആധികാരികത ഉറപ്പാക്കണം.)

error: Content is protected !!
Exit mobile version