Wednesday, 25 Sep 2024

ഗാന്ധാരി അമ്മന്‍കോവിലിലെ കാലഭൈരവൻ ദൃഷ്ടിദോഷം അകറ്റും

മംഗള ഗൗരി
തിരുവനന്തപുരം നഗര ഹൃദയത്തിലാണ് ഗാന്ധാരി അമ്മന്‍കോവില്‍. സെക്രട്ടറിയേറ്റില്‍ നിന്നും ഏതാനും
ചുവടുകൾ വച്ചാൽ മതി ഇവിടെയെത്തും. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും സെക്രട്ടറിയേറ്റിന്റെ തെക്കേ ഗേറ്റിലേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഗാന്ധാരി അമ്മൻ കോവിലായി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം പറയുന്ന
ഗാന്ധാരി അമ്മന്‍കോവില്‍ കാലഭൈരവ മൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.
മഹാദേവന്റെ രൗദ്ര സംഹാര ഭാവമാണ് കാലഭൈരവൻ.
ഭഗവാന്റെ എട്ട് ഭൈരവ രൂപങ്ങളിൽ പ്രധാനി. ഭഗവാൻ
ഈ പ്രചണ്ഡ രൂപത്തിലാണ് ബ്രഹ്മാവിന്റെ അഹങ്കാര
പ്രതീകമായ അഞ്ചാമത്തെ ശിരസ്സ് നുള്ളിയെടുത്തത്.
കാലത്തിന്റെ ഭഗവാനായ കാലഭൈരവനെ ഉപാസിച്ചാൽ
കാലക്കേടുകൾ ഒഴിഞ്ഞ് ദീർഘായുസ്സ് ലഭിക്കും. ഋഷഭം
അല്ല നായയാണ് കാലഭൈരവന്റെ വാഹനം.

പണ്ടൊരു കാലത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പുന്തോട്ടമായിരുന്ന ഇന്നത്തെ ശാന്തിനഗര്‍ ഗാന്ധാരി
അമ്മൻ കോവിലിന് സമീപത്താണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഗാന്ധാര ദേശത്ത് നിന്നും എത്തിയ കൊത്തുപണിക്കാരില്‍ ഒരു വിഭാഗം താമസിച്ചത് ഗാന്ധാരി അമ്മന്‍ ക്ഷേത്രത്തിനടുത്താണ്.
അങ്ങനെയാണ് ഈ അമ്മൻ ക്ഷേത്രം ഗാന്ധാരി അമ്മന്‍
കോവിലായതെന്ന് ചിലർ പറയുന്നു. സംഗീതപ്രിയയായ ദേവിയാതിനാലാണ് ഗാന്ധാരി എന്ന പേര് വന്നതെന്നും
പറയപ്പെടുന്നു.

ഈ അടുത്തകാലത്ത് തമിഴ്‌നാട് ശൈലിയിൽ പണിത ഗോപുരവും അലങ്കാരപ്പണികളും വളരെ പഴക്കം ചെന്ന വേപ്പിൻ മരവും ക്ഷേത്രത്തെ ഏറെ ആകർഷമാക്കുന്നു. തൊട്ടു മുന്നിലൂടെ കടന്നു പോകുന്നവർക്കും അനുഗ്രഹം ചൊരിയുന്ന ഗാന്ധാരി അമ്മയുടെ പ്രതിഷ്ഠ വടക്കോട്ട് ദർശനമായിട്ടാണ്. ശ്രീകോവിലില്‍ ദേവി ഗാന്ധാരി അമ്മ സിംഹവാഹിനിയായി വലതുകാല്‍ മടക്കി വച്ച രീതിയില്‍ വിളങ്ങുന്നു. വലതുകൈയില്‍ ത്രിശൂലം. ഇടതു കൈയില്‍ അമൃതകലശം. പ്രണവസ്വരൂപിണിയായ ഈ അമ്മയ്ക്ക്
ശാന്തഭാവം.

കന്നിമൂലയില്‍ കിഴക്കോട്ട് ദര്‍ശനമായി ഗണപതിയും, ദേവീക്ഷേത്രത്തിന്റെ കിഴക്ക് തെക്കോട്ട് ദര്‍ശനമായി ശ്രീ കാലഭൈരവ മൂര്‍ത്തിയുമുണ്ട്. ഇതു പോലൊരു
കാലഭൈരവ പ്രതിഷ്ഠ മറ്റെവിടെയും കണ്ടെന്നുവരില്ല. ശ്രീകോവിലിന് മുന്‍ഭാഗത്ത് കിഴക്ക് ദര്‍ശനമായി മാടന്‍തമ്പുരാന്റെയും യക്ഷിയുടെയും പ്രതിഷ്ഠകളും അതിനടുത്തായി നാഗരാജാവും നാഗയക്ഷിയും തൊട്ടു മുന്നില്‍ വടക്കുമാറി നവഗ്രഹ പ്രതിഷ്ഠയും വടക്ക് ഭാഗത്ത് കിഴക്ക് ദര്‍ശനമായി ഹനുമാന്‍ ക്ഷേത്രവുമുണ്ട്.

രാവിലെ അഞ്ചരയ്ക്ക് നടതുറക്കും. ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും തുറക്കും. ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് രാത്രി എട്ടരയ്ക്ക് ക്ഷേത്രം അടക്കും. നിത്യവും ദേവീഭാഗവത പാരായണവും വര്‍ഷത്തിൽ ഒരിക്കല്‍ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും സപ്താഹവും നടന്നുവരുന്നു. പുറമേ ദേവപ്രശ്‌നവിധി പ്രകാരമുള്ള നവഗ്രഹ മഹാഹോമവും കാലുകഴുകിച്ചൂട്ടും, ചണ്ഡികാഹോമവുമുണ്ട്.

എല്ലാ ചൊവ്വാഴ്ചയും മൂന്നുമണി മുതല്‍ നാലര വരെ രാഹുകാല പൂജയുണ്ട്. എല്ലാ മലയാളമാസം ഒന്നാം തീയതിയും വൈകുന്നേരം സമൂഹ ഐശ്വര്യ പൂജകളും ആദ്യത്തെ തിങ്കളാഴ്ച കാലഭൈരവ ക്ഷേത്രനടയില്‍ ശിവസഹസ്രനാമാര്‍ച്ചനയും നടക്കും. തുലാമാസത്തിലെ അഷ്ടമിക്കാണ് കാലഭൈരവജയന്തി ആഘോഷം. അന്ന് രുദ്രകലശാഭിഷേകവും നടക്കാറുണ്ട്. ഇവിടെ നിത്യവും ധാരയുണ്ട്. മംഗല്യഭാഗ്യത്തിനായി ഉമാമഹേശ്വര പൂജ നടത്തും. കൂടാതെ കന്യകമാരുടെ നേര്‍ച്ചയായി സ്വയംവര പുഷ്പാഞ്ജലിയും നടത്തിവരുന്നു. നേര്‍ച്ചയുടെ സാഫല്യമെന്നോണം വിവാഹ ദിവസം ഗാന്ധാരിഅമ്മന് താലി സമര്‍പ്പിക്കാറുണ്ട്.

ദൃഷ്ടിദോഷത്തിനു വേണ്ടി ഇവിടെ നടത്തുന്ന ഉച്ചാടന കര്‍മ്മം പ്രസിദ്ധമാണ്. കാലഭൈരവന്റെ ക്ഷേത്രത്തിന് മുന്നില്‍ വച്ച് നാളികേരം തലയ്ക്കുഴിഞ്ഞ് പൂജനടത്തി ക്ഷേത്രത്തിന് പുറത്ത് ഉടച്ച് ദൃഷ്ടിദോഷങ്ങൾ ഉച്ചാടനം ചെയ്യുന്നു. വിദ്യാർത്ഥികൾ, കായിക താരങ്ങൾ, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ, ഉന്നതമായ പദവികളും ഉദ്യോഗങ്ങളും ചുമതലകളും വഹിക്കുന്നവർ,
കലാകാരന്മാർ, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർ
തുടങ്ങിയവർ അത്യാവശ്യം ചെയ്യേണ്ട പൂജയാണിത്.

വൃശ്ചികമാസത്തിൽ 41 ദിവസം ചിറപ്പ് മഹോത്സവമുണ്ട്. ആടി വെള്ളി, ആടി ചൊവ്വ ദിവസങ്ങളില്‍ വിശേഷാല്‍ ചിറപ്പുണ്ടാകും. അവസാനത്തെ ആടി ചൊവ്വാ ദിവസം സമൂഹ ലക്ഷാര്‍ച്ചന, സമൂഹസദ്യ, കാലഭൈരവ ക്ഷേത്ര നടയില്‍ ശിവസഹസ്ര നാമ ലക്ഷാര്‍ച്ചന ഇവ ഉണ്ടാകും. ആയില്യത്തിനും നാഗര്‍ക്ക് നൂറും പാലും സമര്‍പ്പണവും പുള്ളുവന്‍പാട്ടുമുണ്ട്.

ഇവിടുത്തെ ചിത്രാപൗര്‍ണ്ണമി ഉത്സവം പ്രസിദ്ധമാണ്. ഏഴു ദിവസമാണ് ഉത്സവം. കാപ്പുകെട്ടി ദേവിയെ പച്ചപന്തലില്‍ കുടിയിരുത്തി തോറ്റംപാട്ടോടെയാണ് ഉത്സവം തുടങ്ങുക. ചിത്തിര നക്ഷത്രവും വെളുത്തവാവും ഒന്നിച്ചുവരുന്ന ദിവസമാണിത്. നവഗ്രഹങ്ങളെ സങ്കല്‍പ്പിച്ച് ഒന്‍പതു പുരോഹിതരെ ക്ഷണിച്ചു വരുത്തി ഓരോ ഗ്രഹത്തിനും അതിന്റേതായ ചമതയും പൂജാദ്രവ്യങ്ങളും ഉപയോഗിച്ച് നടത്തുന്ന ഹോമമാണ് നവഗ്രഹ മഹാഹോമം. ഗ്രഹദോഷ പരിഹാരത്തിനുവേണ്ടി നടത്തുന്ന പൂജാകര്‍മ്മങ്ങളാണ് ഇത്. ഉത്സവത്തിന്റെ സമാപനദിവസം നവകാഭിഷേകവും ഉണ്ടാകും.

മംഗള ഗൗരി

Story Summary: Gandhari Amman Kovil, Pulimoodu, Thiruvananthapuram: Gandhari Amman is the principal deity of this temple. Powerful, rare Kalabhirava Moorthy idol and evil eye pooja is the special attraction of this temple complex.

error: Content is protected !!
Exit mobile version