Friday, 22 Nov 2024

ഗായത്രി ലോകത്തെ ഏറ്റവും ശക്തമായ മന്ത്രം;അനന്തമായ ദേവീ കൃപയ്ക്ക് എന്നും ജപിക്കാം

മംഗള ഗൗരി
ഗായത്രിയാണ് ലോകത്തെ ഏറ്റവും ശക്തമായ മന്ത്രമെന്ന് ഒരു പഠനം വെളിപ്പെടുത്തി. സെക്കന്റിൽ ഒരു ലക്ഷത്തി പതിനായിരം ശബ്ദ തരംഗങ്ങൾ ഈ ഹൈന്ദവ മന്ത്രം സൃഷ്ടിക്കുന്നു എന്നാണ് പഠനത്തിലെ മുഖ്യ കണ്ടെത്തൽ. പ്രത്യേക അനുക്രമത്തിൽ ഈ മന്ത്രം ജപിച്ചാൽ സവിശേഷ ആത്മീയ ഉണർവ് സാധ്യമാകും എന്നും പഠനം അവകാശപ്പെടുന്നു. അമേരിക്കൻ ഗവേഷകൻ ഡോ ഹോവാർഡ് സ്ന്റെൻ ഗ്രിൽ നടത്തിയ ഈ പഠനത്തിലെ വിവരങ്ങൾ ഡിലോയിറ്റ് കമ്പനിയിലെ മുൻ കൺസൾട്ടൻറ്റ് സൗരഭ് തിലക് രാജ് ജെയിൻ ക്വാറയിലാണ് പങ്കുവയ്ച്ചത്.

മന്ത്രരാജൻ, മന്ത്രങ്ങളുടെ മന്ത്രം, പ്രണവ മന്ത്രം എന്നെല്ലാം പ്രകീർത്തിക്കുന്ന ഗായത്രി മന്ത്രത്തിൽ ഈശ്വരൻ തന്നെ കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്നു. 4 വേദങ്ങളിലും – അതായത് ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം – പരാമർശിക്കപ്പെടുന്ന ഈ മന്ത്രത്തിന്റെ ദേവത സാവിത്രിയാണ്. അതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്നും പറയുന്നു. ഗായത്രി മന്ത്ര ജപത്തിന് 10 ഫലസിദ്ധിയാണ് പ്രധാനമായും പറയപ്പെടുന്നത്. സന്തോഷം, ഈശ്വര വിശ്വാസം, ബുദ്ധി ശക്തി, അതീന്ദ്രിയ ശക്തി, അനുഗ്രഹ ശേഷി, മന:ശാന്തി, കോപശമനം, ത്വക് കാന്തി, അന്ന ശുദ്ധി, നേത്ര കാന്തി. ഗായത്രി മന്ത്രത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്ന ഒരു കഥ പ്രചാരത്തിലുണ്ട്. ആ കഥ ഇങ്ങനെ:

ഒരു ദേവീഭക്തന്‍ സന്ധ്യകഴിഞ്ഞ് ഇരുട്ടു വീണു തുടങ്ങിയപ്പോൾ ഒരു വനത്തിലൂടെ പോകുകയായിരുന്നു. അയാള്‍ ഗായത്രീമന്ത്രം ജപിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നു കാട്ടിനുള്ളില്‍ നിന്നും ഭയാനകമായ ഒരു ശബ്ദം കേട്ടു. ഭക്തന്‍ പേടിച്ചു പോയി. ഉടനെ അയാള്‍ തൃഷ്ടുപ്പ് മന്ത്രം ജപിച്ചു തുടങ്ങി:
ഓം ജാതവേദസേ സുനുവാമ സോമ മരാതിയതോ നിദഹാതിവേദഃ സനഃ പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി- (ഋഗ്വേദം)
പെട്ടെന്ന് ഒരു സ്ത്രീ ചിരിക്കുന്ന ശബ്ദം മാത്രം മുഴങ്ങി. ഹാ! ഇരുമ്പുലക്കയെവിട്ട് ഉണ്ണിപ്പിണ്ടി (വാഴയുടെ തടി) പിടിക്കുന്നോ?” പെട്ടെന്നു തന്നെ ഭക്തന് ഗായത്രിയുടെ മഹാത്മ്യം മനസിലായി. അതുതന്നെ ജപിക്കുവാനും തുടങ്ങി.

ഗായത്രിമന്ത്രം
ഓം ഭൂർഭുവസ്‌സുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോദേവസ്യ ധീമഹി
ധീയോയോ ന:
പ്രചോദയാത്

നിത്യേന 2 നേരവും 108 പ്രാവശ്യം ഗായത്രി മന്ത്രം ജപിക്കുന്ന വ്യക്തിക്ക് അനന്തമായ ദേവികടാക്ഷവും ദൈവാധീനവും ഉണ്ടാകും. ശൈവ വൈഷ്ണവപരമായ മറ്റെല്ലാ മന്ത്രങ്ങളും ഗായത്രിക്ക് താഴെ എന്ന് കണക്കാക്കുമ്പോൾ ദേവിയുടെ പ്രാധാന്യം കൂടുതൽ എടുത്തു പറയപ്പെടുന്നു. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് നെയ്‌വിളക്ക് കൊളുത്തി വച്ച് വേണം ഗായത്രി മന്ത്രം ജപിക്കാൻ. പൂജാമുറിയിലോ അത്രയും പരിശുദ്ധമായ മറ്റ് സ്ഥലങ്ങളിലേ ഇരുന്ന് ജപിക്കാം. 2 നേരവും കുളിച്ച് പരിശുദ്ധമായ വെളുത്ത വസ്ത്രം ധരിച്ച് ജപിക്കണം. ജപം തുടങ്ങുന്നതിന് പൗർണ്ണമി, കാർത്തിക, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങൾ നല്ലതാണ്. ഉച്ചത്തിൽ ജപിക്കരുത്. മാനസിക ജപമാണ് ഏറ്റവും നന്ന്. വെറും നിലത്തിരുന്ന് ജപിക്കരുത്. പലകയിലോ പട്ട്‌വിരിച്ചോ കരിമ്പടം വിരിച്ചോ ഇരിക്കാം. മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ബ്രഹ്മചര്യം നിർബന്ധമില്ല.

Story Summary: Gayatri Mantra the most powerful hymn in the world


error: Content is protected !!
Exit mobile version