Friday, 5 Jul 2024

ഗുരുവായൂരപ്പന് ഇക്കുറി വിഷുക്കണി
ഒരുക്കുന്നത് തോട്ടം ശിവകരൻ നമ്പൂതിരി

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തെ മേൽശാന്തിയായി കോട്ടയം ഉഴവൂർ കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ശിവകരൻ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിദ്ധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാൻ നിയോഗം ലഭിച്ചത്. ശനിയാഴ്ച്ച ഉച്ചപൂജ നിർവ്വഹിച്ച ഓതിക്കൻ പി.എം ഭവദാസൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.

മാർച്ച് 20 തിങ്കളാഴ്ച മുതൽ 12 ദിവസത്തെ ക്ഷേത്ര ഭജനത്തിനു ശേഷം മാർച്ച് 31 ന് രാത്രി അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ശിവകരൻ നമ്പൂതിരി പുറപ്പെടാശാന്തിയായി ചുമതലയേൽക്കും. അതിനാൽ ഗുരുവായൂരപ്പന് ഇത്തവണ വിഷുക്കണി സമർപ്പിക്കുക തോട്ടം ശിവകരൻ നമ്പൂതിരിയായിരിക്കും. 2015 ഏപ്രിൽ 15 വിഷുവിന് പുലർച്ചെ രണ്ടരയ്ക്ക് ഗുരുവായൂർ നട തുറക്കും. ക്ഷേത്രത്തിനുള്ളിൽ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുന്നത്. നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, എന്നിവ കൊണ്ട് അലങ്കരിച്ച സ്വർണ്ണ സിംഹാസനത്തിൽ ഭഗവാന്റെ തങ്കത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കും. ഭഗവാന്റെ തിടമ്പിനു മുന്നിൽ സ്വർണ്ണഉരുളിയിൽ കണിസാധനങ്ങൾ വയ്ക്കും. മേൽശാന്തി ആദ്യം കണികാണും. തുടർന്ന് ഭക്തർക്ക് കണികാണാം. പാഞ്ഞാൾ തോട്ടം മനയിൽ പരേതരായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജനത്തിന്റെയും മകനാണ് ശിവകരൻ നമ്പൂതിരി. ആലുവ തന്ത്രവിദ്യാ പീഠത്തിൽ കൽപ്പുഴ ദിവാകരൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് വേദവും തന്ത്രവും പഠിച്ചത്. അച്ഛനാണ് സാമവേദ ഗുരു. കുറിച്ചിത്താനത്ത് ശ്രീധരി എന്ന ആയുർവേദ ആശുപത്രി നടത്തുന്നുണ്ട്. ഭാര്യ: ആയുർവേദ ഡോക്ടറായ മഞ്ജരി. മക്കൾ: ആയുർവേദ ഡോക്ടർമാരായ നന്ദിത, നിവേദിത.

മേൽശാന്തി തെരഞ്ഞെടുപ്പിൽ തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരിൽ 33 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്.
വലായ്മയായതിനാൽ നിലവിലെ ക്ഷേത്രം മേൽശാന്തി ഡോ.കിരൺ ആനന്ദ് നമ്പൂതിരിക്ക് പങ്കെടുക്കാനായില്ല. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആർ ഗോപിനാഥ്, വി.ജി.രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

error: Content is protected !!
Exit mobile version