Tuesday, 26 Nov 2024

ഗുരുവായൂരപ്പന് ഏകാദശി വിളക്കുകൾ; കൺകുളിർക്കെ കണ്ടാൽ അനുഗ്രഹം

രാമയ്യർ പരമേശ്വരൻ
ഗുരുപവനപുരേശന് വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയോടനുബന്ധിച്ച് ഭക്തജനങ്ങൾ സമർപ്പണബുദ്ധ്യാ നടത്തുന്ന പ്രധാനമായ വഴിപാടാണ് രാത്രി അത്താഴപ്പൂജക്കുശേഷം നടക്കുന്ന ചുറ്റുവിളക്കാചാരം. ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാസമ്പ്രദായങ്ങളും ആചാര സമ്പ്രദായങ്ങളും ചിട്ടപ്പെടുത്തിയത് ആദിശങ്കരാചാര്യസ്വാമികളാണെന്ന് ക്ഷേത്രം ചരിത്രം ഉദ്ഘോഷിക്കുന്നു. അതുകൊണ്ട് തന്നെ നിത്യം ഗുരുവായൂരിൽ ആചാര്യസ്മരണയും നടന്നു വരുന്നു. ഭഗവാന്റെ ചുറ്റുവിളക്കിന് ഇത്രയും പ്രാധാന്യം കൈവന്നതും ഇതുകൊണ്ടത്രെ. ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചുറ്റുവിളക്കിന് ക്ഷേത്രസന്നിധിയിൽ വന്ന് ഭഗവാനെ ഒന്ന് കൺകുളിർക്കെ കണ്ടാൽ, ഒരു ദീപം എങ്കിലും തെളിയിക്കാൻ കഴിഞ്ഞാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിർല്ലോപമാണെന്ന് ഭാഗവത ആചാര്യന്മാരും ഭക്തവൃന്ദവും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാവാം ഈ സന്നിധിയിൽ ചുറ്റുവിളക്ക് വഴിപാട് നടത്താൻ ഭക്തജനത്തിരക്ക് വർദ്ധിച്ചു വരുന്നതും.

അരലക്ഷം രൂപയോളം ചെലവു വരുന്ന ചുറ്റുവിളക്ക് വഴിപാടിന് ഭക്തർ വരിനിൽക്കുന്ന സാഹചര്യമാണിന്ന്. വിളക്കാഘോഷത്തിന് വിശേഷവിധിയായി ലക്ഷങ്ങൾ ചെലവിട്ട് വാദ്യഘോഷങ്ങളും കലാപരിപാടികളുമായി വഴിപാടു നടത്തുന്ന ഭക്തൻ ചടങ്ങിന്റെ സമാപന വേളയിൽ ചേങ്ങിലയിൽ എട്ടേകാൽ രൂപ സമർപ്പിക്കുന്ന നടക്കൽപ്പണ സമർപ്പണം എന്ന ആചാരപരം തികച്ചും ഭക്തിസാന്ദ്രമാണ്. അതിനു ശേഷമേ ഗജവാഹനത്തിനു മുകളിൽ നിന്നും ഭഗവാന്റെ സ്വർണ്ണത്തിടമ്പ് താഴെ ഇറക്കാറുള്ളൂ എന്നത് വിളക്കാചാരത്തിന്റെ പരിപാവനത വർദ്ധിപ്പിക്കുന്നു.

പാലക്കാട് ദേശത്തെ പൗരാണികമായ പറമ്പോട്ടു കുടുംബം വക ചുറ്റുവിളക്കോടെയാണ് ഈ വർഷവും ഏകാദശിവിളക്ക് വഴിപാട് 2022 നവംബർ 4 ന് തുടങ്ങുക. ഈ കുടുംബക്കാർ 1940 മുതൽ വഴിപാടു നടത്തുന്നു
എന്ന് രേഖകളിൽ കാണാം. 1940 ജനവരി 8 ന് സാമൂതിരി രാജയാണ് ഇവർക്ക് വഴിപാടിന് അനുമതി നൽകിയത്. 82 വർഷമായി ഈ കുടുംബത്തിന്റെ വിളക്ക് വഴിപാട്
ഇന്നും അഭംഗുരം തുടരുന്നു. 108 വർഷംമുമ്പ് വരെ ഗുരുവായൂരപ്പന്റെ ഏകദശി എഴുന്നള്ളിപ്പിന് ആനകൾക്ക് പൊന്നിൻ തലെക്കെട്ടും ജീവതയും ഉപയോഗിച്ചിരുന്നു എന്ന് രേഖകളിൽ സൂചനയുണ്ട്. 30 ദിവസത്തെ ഏകാദശി വിളക്കുകൾ 2022 ഡിസംബർ
3 ന് ഏകാദശി നാളിൽ ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമയ പൂജയോടെ പൂർത്തിയാകും. ഏകാദശി വിളക്കാഘോഷം ഭക്തജനങ്ങളുടെ പ്രാർത്ഥനയോടെ ഐശ്വര്യപൂർണ്ണമാകട്ടെ. ഗുരുവായൂരപ്പൻ കൃപാകടാക്ഷം ചൊരിയട്ടെ. നമുക്ക് പ്രാർത്ഥിക്കാം.

ഗുരുവായൂർ ഏകാദശി വിളക്കിലെ നാഴികക്കല്ലുകൾ

1916 വരെ നവമി വിളക്ക് ഗുരുവായൂരപ്പന്റെ മേൽശാന്തി വക ; പിന്നീട് കൊളാടി കുടുംബം വക.

1914 ഗുരുവായൂർ ഏകാദശിക്ക് പൊന്നിൻ തലേക്കെട്ടും ജീവിതയും. ശാമുപട്ടരും, കൃഷ്ണപട്ടരും ദഹണ്ഡക്കാർ. ഭണ്ഡാരം അറയുടെ താക്കോലുമായി ഗോപാലമേനോൻ.

1940 ൽ പറമ്പോട്ട് അച്ചുതന് വഴിപാട് നടത്താൻ സാമൂതിരിയുടെ അനുമതി

1950 വരെ വടക്കേടത്ത് മന വകയും ഏകാദശിവിളക്ക്

1951 ൽ മരനാട് ഏകാദശി വിളക്ക് ഒഴിഞ്ഞു. പകരം എടത്രനാടിന് നെയ്‌വിളക്ക് നടത്താൻ അനുമതി.

1956 ൽ പുന്നത്തൂർ കോവിലകം ഏകാദശി വിളക്ക് ഒഴിഞ്ഞു. ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ ഏറ്റെടുത്തു.

2016 മുതൽ എംപ്ലോയിസ് അസോസിയേഷനും പെൻഷനേഴ്സ് അസോസിയേഷനും സംയുക്തമായി വഴിപാട്

1969 ൽ മദിരാശി പി ടി കുമാരപ്പണിക്കർ ഒഴിഞ്ഞു. ഗുരുവായൂരിലെ ജി ജി കൃഷ്ണയ്യർക്ക് ഏകാദശി വിളക്ക് നടത്താൻ സാമൂതിരിയുടെ ഉത്തരവ്.

1971 ൽ ഏകാദശി സുദിനത്തിലെ വിളക്ക് ചിറളയം രാജകുടുംബം ഒഴിഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.

1972 ദശമി സുദിനം ഏകാദശിവിളക്ക് സാമൂതിരി കോവിലകം ഒഴിഞ്ഞു. ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് ഏറ്റെടുത്തു. ഈ വർഷം അൻപതാം വർഷത്തെ വിളക്ക് 1976 മുതൽ ഉള്ളനാട്ട് പണിക്കർ ഒഴിഞ്ഞു. ഗുരുവായൂർ അയ്യപ്പഭജനസംഘം ഏകാദശി വിളക്ക് ആരംഭിച്ചു.

1978 ൽ 17 ൽ നിന്നും ഏകാദശി വിളക്കുകൾ 27 ആയി.6 ഉദയാസ്തമനപൂജയും

1980 കളിൽ ഏകാദശിവിളക്കുകൾ 27 ൽ നിന്നും ഉദയാസ്തമന പൂജ ഉൾപ്പെടെ 32 ആയി.

സമ്പാദകൻ: രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം
കടപ്പാട്: വള്ളത്തോൾ വിദ്യാപീഠം, ശുകപുരം ഗുരുവായൂരപ്പൻ മാസിക, ഭക്തപ്രിയ

Story Summary: Significance of Guruvayoor Ekadeshi Vilakku

error: Content is protected !!
Exit mobile version