Friday, 22 Nov 2024

ഗുരുവായൂരപ്പന് ബുധനാഴ്ച തൃക്കൊടിയേറ്റ് ; ആനയോട്ടം

മംഗള ഗൗരി
ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ‍ ക്ഷേത്രം പത്ത് ദിവസത്തെ ഉത്സവത്തിനൊരുങ്ങി. കുംഭമാസത്തിലെ പൂയത്തിന്, 2024 ഫെബ്രുവരി 21 ന് ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ ആറു മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ട് ഉയരും. ഉച്ചതിരിഞ്ഞ് 3 മണിക്ക് മഞ്ജുളാൽ പരിസരത്തു നിന്നും ക്ഷേത്രത്തിലേക്കുള്ള ആനയോട്ടമാണ് ഒന്നാം ഉത്സവ നാളിലെ സുപ്രധാന ആകർഷണങ്ങളിലൊന്ന്. വൈകിട്ട് 6 മണിക്ക് ആചാര്യ വരണ്യവും കൊടിപൂജയും നടക്കും. കൊടിയേറ്റ ചടങ്ങ് നടത്തുന്നതിന് തന്ത്രിക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണം. രാത്രി 8 മണിക്ക് തുടങ്ങുന്ന കൊടിയേറ്റ് ചടങ്ങുകൾ അത്താഴ പൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയോടെ 12 മണി വരെ നീളും. ഈ ദിവസത്തെ വിളക്കിനാണ് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നത്. ഒറ്റക്കയറാണ് കൊടിയേറ്റിന് ഉപയോഗിക്കുന്നത്. ഏച്ചുകൂട്ടിയത് പാടില്ല. 150 അടി നീളമുണ്ടായിരിക്കും. കൊടിമരത്തിന്റെ ഇരട്ടി നീളം എന്നതാണ് കണക്ക്. സ്വർണ്ണക്കൊടിമരത്തിൽ ഏഴു നിറത്തിലുള്ള കൊടിയാണ് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉയർത്തുക. കൊടിക്കും കയറിനും വരുന്ന ചെലവ് ഒരു ഭക്തന്‍ അതിനായി നിക്ഷേപിച്ച സംഖ്യയുടെ പലിശകൊണ്ടാണ് നിർവ്വഹിക്കുക. ആനയില്ലാ ശീവേലിയും ആനയോട്ടവും കൊടിയേറ്റും കഴിഞ്ഞാൽ അവസാന 3 ദിവസങ്ങളിലെ ഉത്സവബലിയും പള്ളിവേട്ടയും ആറാട്ടുമാണ് പ്രധാന ആഘോഷങ്ങൾ. ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ബ്രഹ്മകലശം വ്യാഴാഴ്ച
കൊടിയേറ്റിന് മുൻപ് 8 ദിവസങ്ങളിൽ നടന്ന താന്ത്രിക ചടങ്ങുകൾ കൊടിയേറ്റിന് തലേന്ന് നടക്കുന്ന വിശിഷ്ടമായ ബ്രഹ്മകലശത്തോടെ അവസാനിക്കും. രാവിലെ 7 മണിക്ക് തുടങ്ങുന്ന ബ്രഹ്മകലശ അഭിഷേക ചടങ്ങുകള്‍ തീരാൻ നാല് മണിക്കൂറെടുക്കും. മന്ത്രപുരസ്‌സരം ഒരുക്കിയ 1001 കുടങ്ങളിലെ ദ്രവ്യങ്ങള്‍ ശ്രീ ഗുരുവായൂരപ്പന് അഭിഷേകം നടത്തുന്ന അതി സങ്കീര്‍ണ്ണമായ ഈ ചടങ്ങ് ദേവചൈതന്യ വര്‍ദ്ധനയ്ക്കും ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടിയാണ്. കണക്കനുസരിച്ച് 25 ഭാഗങ്ങളായി 1001 കലശങ്ങള്‍ പത്മമിട്ട് നിരത്തും. 26 എണ്ണം സ്വര്‍ണ്ണക്കുടങ്ങളും; ബാക്കി വെള്ളിക്കുടങ്ങളും. വാദ്യഘോഷങ്ങളോടെ പട്ടുകുട ചൂടി വെണ്‍ചാമരം വീശി എഴുന്നള്ളിക്കുന്ന ബ്രഹ്മകലശം ഭഗവാന് അഭിഷേകം ചെയ്ത് ഉച്ചപൂജയ്ക്ക് നടയടക്കും. പിറ്റേന്ന് ആനയില്ലാ ശീവേലിയോടെ കൊടിയേറ്റ് ഉത്സവം ആരംഭിക്കും.
മുളയിടല്‍ കൊടിയേറ്റിന് മുമ്പ് നാലമ്പലത്തിനകത്ത് മണിക്കിണറിന് സമീപം വടക്കുഭാഗത്ത് മുളയറയില്‍ മുളംപാനികളില്‍ ധാന്യങ്ങള്‍ വിതയ്ക്കും. നവര, ഉഴുന്ന്, യവം, തിന, എള്ള്, തൂവര, മുതിര, ചെറുപയര്‍, കടുക്, അമര, ചാമ വലിയുപയര്‍ എന്നിങ്ങനെ പന്ത്രണ്ട് തരം വിത്തുകളാണ് മുളദ്രവ്യം. മുള ഐശ്വര്യ സൂചകമാണ്. രാവിലെയും വൈകിട്ടും ഇവിടെ പൂജ നടത്തും. പള്ളിവേട്ട ദിവസം വരെ ഈ മുള നില്ക്കും. വേട്ട കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന ഭഗവാന് ഉറങ്ങാൻ ചുറ്റും കാട് ഒരുക്കുക മുളകളാണെന്ന് സങ്കല്പം.

ദിക്കു കൊടികള്‍
രണ്ടാം ഉത്സവനാൾ ശീവേലിക്ക് മുമ്പ് ദിക്കുകൊടികള്‍ സ്ഥാപിക്കും. ഉത്സവചടങ്ങുകള്‍ അഷ്ട ദിക്പാലകരെ ഏല്പിക്കുയാണ് ഇവ സ്ഥാപിക്കുന്നതിലൂടെ ചെയ്യുന്നത്. അഷ്ടദിക് പാലകരെ സങ്കല്പിച്ച് എട്ടും ഊര്‍ദ്ധ്വഅധോ നായകരെ ഉദ്ദേശിച്ച് രണ്ടും സ്ഥാനങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങളിലാണ് ദിക് കൊടികള്‍ സ്ഥാപിക്കുന്നത്.
ബലിപീഠത്തിനോടനുബന്ധിച്ച് ചെറിയമുളം കാലുകളിൽ കൊടിയും മണിയും കെട്ടും.

കാഴ്ചശീവേലി
കണ്ണിന് ആനന്ദം പകരുന്ന ചടങ്ങാണ് കാഴ്ച ശീവേലി. ഉത്സവം തുടങ്ങിയാല്‍ ഗുരുവായൂർ ക്ഷേത്ര മതിലകം പഞ്ചാരി നാദത്താല്‍ മുഖരിതമാകും. ഗുരുവായൂരപ്പന്റെ ഉത്സവശീവേലിക്ക് നൂറോളം വാദ്യക്കാർ പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കും. എഴുന്നള്ളത്തിന് മുമ്പില്‍ മൂന്നുനേരം മേളത്തിന്റെ മാസ്മരിക അകമ്പടി കാണും. രാവിലെ ഏഴിന് തുടങ്ങിയാല്‍ പത്തുവരെ, ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ചാല്‍ വൈകിട്ട് ആറുവരെ. രാത്രി 12 മുതല്‍ ഒരു മണി വരെ പൊടിപാറുന്ന മേളമാണ്. പഞ്ചാരി മേളം മാത്രമേ ഗുരുവായൂർ മതിലകത്ത് പാടുള്ളൂ. രാവിലെ ഒറ്റക്കോല്‍ പഞ്ചാരി; ഉച്ചതിരിഞ്ഞ് ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും. അമ്പതോളം ചെണ്ട, ഇരുപതോളം കൊമ്പ്, പത്തോളം കുഴല്‍, 30 താളം എന്നിവയടങ്ങുന്ന വന്‍മേളം, എട്ടാം ഉത്സവം വരെ ക്ഷേത്രത്തിനകത്ത് കാഴ്ചശീവേലി മേളത്തോടെ നടക്കും. പള്ളിവേട്ട ദിവസം രാവിലെ ക്ഷേത്രമതിലകത്താണ് എഴുന്നള്ളത്തെങ്കില്‍ വൈകിട്ട് പുറത്ത് എഴുന്നള്ളിക്കുമ്പോൾ പാണ്ടിമേളമാണ്. ആറാട്ടിന് തീര്‍ത്ഥക്കുളം പ്രദക്ഷിണത്തിന് പഞ്ചവാദ്യവും മേളവും നടക്കും. രാജകീയ ചിഹ്നങ്ങളോടെയാണ് ഭഗവാന്റെ ക്ഷേത്രപ്രദക്ഷിണം. ഉത്സവം കാലത്ത് മാത്രമേ ഈ ചടങ്ങുള്ളൂ. മുന്നില്‍ രണ്ട് തഴയും അതിനു മുന്നില്‍ പതിന്നാറ് കൊടിക്കൂറയും തൊട്ടടുത്ത് രണ്ട് സൂര്യമറയും താളത്തിനനുസരിച്ച് താഴെ കറങ്ങിക്കൊണ്ടിരിക്കും. സൂര്യമറയുടെ ഒന്നിന്റെ ഒരു ഭാഗത്ത് ഗരുഡനും ശ്രീചക്രവും രണ്ടാമത്തേതിന്റെ ഒരു ഭാഗത്ത് ഹനുമാനും ശംഖും ആലേഖനം ചെയ്തിട്ടുണ്ട്. എഴന്നള്ളിത്തിന് മുന്നില്‍ അതിഗംഭീരമായ പഞ്ചാരിമേളം. പഞ്ചാരിയില്‍ കുലുങ്ങാത്ത തലകളുണ്ടാവില്ല. തലമുറ ഭേദമില്ലാതെ സകലരും ഒത്തുചേര്‍ന്നുള്ള മേളംകാഴ്ചശീവേലിക്ക് ശേഷം ഭഗവാന് പാലഭിഷേകവും പന്തീരടിയും നടക്കും.

Story Summary: Significance and rituals of Guruvayoor Sree Krishna Temple festival flage hoisting (Kodiyettam) 2024

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version