Friday, 22 Nov 2024

ഗുരുവായൂരിൽ സഹസ്രകലശം തുടങ്ങി;
ഭൂലോക വൈകുണ്ഠത്ത് ഉത്സവമായി

ബാലകൃഷ്ണന്‍ ഗുരുവായൂർ
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന സഹസ്രകലശ ചടങ്ങ് ഫെബ്രുവരി 23 വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ചു. മാർച്ച് രണ്ടിന് ആയിരം കലശാഭിഷേകത്തോടെ ചടങ്ങുകൾ പൂർത്തിയാകും. 5 വയസ്സിൽ താഴെയുള്ളവർക്ക് അതുവരെ നാലമ്പലത്തിൽ പ്രവേശനം ഉണ്ടാകില്ല.

മാർച്ച് മൂന്നിനാണ് 10 ദിവസത്തെ ഉത്സവത്തിനുള്ള കൊടിയേറ്റ്. മുളയിട്ട് കൊടികയറുന്ന അങ്കുരാദിയാണ് ഗുരുവായൂർ ഉത്സവം. ഇത് പത്ത് ദിവസം നീളുന്നു. മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണ് മറ്റുള്ള ഉത്സവ രീതികൾ . ഗുരുവായൂർ ഉത്സവം കുംഭമാസത്തിലെ പൂയം നാളിൽ കൊടിയേറി ആനയോട്ടത്തോടെ ആരംഭിക്കും. അവസാനദിവസം രാത്രി ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന് മുന്നോടിയായ ബ്രഹ്മകലശ ചടങ്ങുകളാണ് വ്യാഴാഴ്ച തുടങ്ങിയത്. ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഉത്സവങ്ങളുടെ ഉത്സവമാണ് ഗുരുവായൂർ ഉത്സവം. താന്ത്രികച്ചടങ്ങുകള്‍ക്ക് പ്രാധാന്യമുള്ള ക്ഷേത്രത്തിൽ തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആണ് കലശം മുതല്‍ ആറാട്ട് വരെ നടക്കുന്നത്. അദ്ദേഹത്തെ സഹായിക്കുന്നതിന് കീഴ്ശാന്തിക്കാര്‍ ഊഴമനുസരിച്ച് സവിധത്തില്‍ ഉണ്ടാകും. തന്ത്രി നടത്തുന്ന താന്ത്രികച്ചടങ്ങിന് ഏറെ പ്രാധാന്യമുണ്ട്. മറ്റ് പല ക്ഷേത്രങ്ങളിലും കാണാത്ത താന്ത്രികച്ചടങ്ങുകളുടെ പ്രാധാന്യം ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇവിടെ തന്ത്രി നേരിട്ട് ചെയ്യുന്ന പൂജകള്‍ താന്ത്രികത്വ മഹത്ത്വം എന്താണ് എന്ന് വിളിച്ചറിയിക്കുന്നു.

ക്ഷേത്രാഭിവൃദ്ധിക്ക് അഭികാമ്യമായ 5 സമന്വയങ്ങളില്‍ ഒന്ന് ഉത്സവമാണ്. താന്ത്രികച്ചടങ്ങുകളോടെ ഉത്സവം കൊണ്ടാടിയാലേ ക്ഷേത്രത്തിന് അഭിവൃദ്ധി ലഭിക്കൂ എന്നാണ് പറയുന്നത്. ആചാര്യ തപശ്ശക്തി, വേദമന്ത്ര ജപം. താന്ത്രികച്ചിട്ടയോടുകൂടിയ നിത്യനിദാന കര്‍മ്മവും അനുഷ്ഠാനങ്ങളും, ഉത്സവം, അന്നദാനം ഇവകൊണ്ടാണ് ക്ഷേത്രങ്ങളില്‍ അഭിവൃദ്ധിയുണ്ടാകുന്നത്.

7,9,12 എന്നിങ്ങനെ ദിവസം ഭക്തിയോടെ വേണം ഉത്സവത്തിന്റെ താന്ത്രികച്ചടങ്ങുകൾ നടത്താൻ. പത്താം ദിവസം ആറാട്ട് വരത്തക്കവിധമാണ് ഗുരുവായൂർ ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഭക്തരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വൃശ്ചിക ഏകാദശിയും ചെമ്പൈ സംഗീതോത്സവവും ഉണ്ടെങ്കില്‍ക്കൂടി താന്ത്രികമായി സര്‍വ്വപ്രധാനം ഉത്സവം തന്നെയാണ്. കൊടിയേറ്റത്തിന്റെ തലേന്ന് ഉച്ചയ്ക്ക് നടത്തുന്ന സഹസ്രകലശാഭിഷേകം വളരെയേറെ പ്രധാനമാണ്. പ്രത്യേകിച്ചും ബ്രഹ്മകലശം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ബ്രഹ്മകലശം ആടലും, തികച്ചും എട്ടുദിവസം നീണ്ടു നില്ക്കുന്ന ആത്മീയകര്‍മ്മപരിപാടിയുടെ അവസാനത്തെ ഇനം ഈ കലശാഭിഷേകമാണ്.

ഗുരുവായൂരിൽ നടക്കുന്നതുപോലെ ഇത്ര വിസ്തരിച്ച ദോഷപരിഹാരകര്‍മ്മങ്ങളും ദേവചൈതന്യ സംവര്‍ദ്ധക കര്‍മ്മങ്ങളും വളരെ വിരളമായേ അന്യസ്ഥലങ്ങളില്‍ കാണപ്പെടുകയുള്ളൂ. ഗുരുവായൂരമ്പലത്തില്‍ പരിഹാരകര്‍മ്മങ്ങളും ദേവചൈതന്യവര്‍ദ്ധനയ്ക്കുള്ള കര്‍മ്മങ്ങളും എത്രകണ്ടും വിസ്തരിച്ചാകാമോ അത്രയും വിസ്തരിക്കുകതന്നെയാണ് വേണ്ടത് എന്ന കാര്യത്തില്‍ സംശയമില്ല. അതുപ്രകാരം തന്നെയാണ് നടക്കുന്നത്. ഗുരുവായൂരിൽ ഇന്നുകാണുന്ന മഹത്വത്തിനു കാരണം പലതാകാം. എന്തായാലും അതിലൊന്ന് അവിടെ എല്ലാകൊല്ലവും അതിനിഷ്‌കര്‍ഷമായി നടത്തി വരുന്ന സഹസ്രകലശവും അതിനോടനുബന്ധിച്ചുള്ള ക്രിയകളും ആണെന്ന് സംശയം കൂടാതെ ഉറപ്പിച്ചു പറയാം.

ബാലകൃഷ്ണന്‍ ഗുരുവായൂർ ,

+ 91 95 62955403

Story Summary: Guruvayoor Temple Annual Festival 2023: Significance of Sahasra kasham and Other Rituals


error: Content is protected !!
Exit mobile version