ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യവും വിശേഷവും ഇതാണ്
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗുരുവായൂരിൽ ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ നടന്ന മാർഗ്ഗശീർഷമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഉല്പന്ന ഏകാദശി ദിവസമാണ് പിന്നീട് ഗുരുവായൂർ ഏകാദശിയെന്ന് പ്രസിദ്ധമായത്. ദേവഗുരുവായബൃഹസ്പതിയും വായു ഭഗവാനും കൂടിയാണേത്രേ ഗുരുവായൂരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസമായതിനാൽ ഇത് ഗീതാദിനം എന്നും അറിയപ്പെടുന്നു. 2021 ഡിസംബർ 14 ചൊവ്വാഴ്ചയാണ് ഗുരുവായൂർ ഏകാദശി. പതിനൊന്ന് എന്നാണ് ഏകാദശം എന്ന വാക്കിന്റെ അർത്ഥം. ഈശ്വരഭക്തി, ദാനം, യജ്ഞം, കൃതജ്ഞത, ദയ, അഹിംസ, ക്ഷമ, ബ്രഹ്മചര്യം, ശൗചം, ജിതേന്ദ്രിയത്വം, സ്വാധ്യായം, എന്നിവയാണ് ഏകാദശിയിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങൾ. ഈ ധർമ്മങ്ങൾ പാലിച്ചാൽ മനോമാലിന്യങ്ങൾ എല്ലാം അകന്ന് മനുഷ്യർ നല്ല വ്യക്തികളാകും. അതു തന്നെയാണ് വിഷ്ണു പ്രീതികരമായ ഏകാദശി വ്രതം നോൽക്കുന്നതിന്റെ ലക്ഷ്യം. ഒരു വർഷം 24 ഏകാദശികളുണ്ട്. ഇതെല്ലാം വളരെ വിശിഷ്ടമാണ്. അതിൽ ശ്രേഷ്ഠം വൃശ്ചിക മാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഗുരുവായൂർ ഏകാദശിയും ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശിയുമാണ്. സർവ്വപാപങ്ങളും നശിച്ച് ജീവിതസൗഭാഗ്യവും അഭീഷ്ടസിദ്ധിയും മോക്ഷവും ഫലം.
ഏകാദശിയുടെ തലേന്ന് ദശമി മുതൽ വ്രതം തുടങ്ങണം. അന്ന് ഒരിക്കലെടുക്കണം. ഏകാദശി നാളിൽ പൂർണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസി തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം. അന്നും ഒരിക്കലെടുക്കണം. ഏകാദശി ദിവസം ശാരീരിക വിഷമതകൾ ഉള്ളവർക്ക് പഴങ്ങൾ കഴിക്കാം. ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ 24 ഏകാദശിയും അനുഷ്ഠിച്ച ഫലമാണ് ലഭിക്കുക. ശ്രീകൃഷ്ണാവതാര സമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിൽ വച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് ഗുരുവായൂർ വിഗ്രഹത്തിനുള്ളത്. അതുകൊണ്ടാകാം ഭക്തർ ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കാണുന്നത്.വില്വമംഗലത്തിനു പൂന്താനത്തിനും മാനവേദനുംഭഗവാൻ ദർശനം നൽകിയത് ബാലഗോപാലനായാണ്. കുറൂരമ്മയും മഞ്ജുളയും താലോലിച്ചതും കണ്ണനെയാണ്.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 98475 75559