Friday, 22 Nov 2024

ഗുരുവായൂർ ഒരുങ്ങി; അഷ്ടമിരോഹിണിക്ക്എത്തുന്നവർക്കെല്ലാം ദർശനം ലഭിക്കും

അഷ്ടമി രോഹിണി മഹോത്സവത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാവർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. ഇതിനു മാത്രമായി 22.5 ലക്ഷം രൂപ ഭരണസമിതി അനുവദിച്ചു. ഈ തുക തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും അനുമതിയായി. മഹോത്സവ നടത്തിപ്പിനായി 32,32, 500 രൂപ ചെലവഴിക്കും.

വിശേഷാൽ കാഴ്ചശീവേലി
അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കിനും തിരുവല്ല രാധാകൃഷ്ണനും സംഘവും മേളം ഒരുക്കും. ഉച്ചയ്ക്ക് പഞ്ചവാദ്യത്തിന് തിമിലയിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയും സംഘവും മദ്ദളത്തിൽ കലാമണ്ഡലം നടരാജ വാരിയരും സംഘവും ഇടയ്ക്കയിൽ കടവല്ലൂർ മോഹന മാരാരും സംഘവും കൊമ്പിൽ മച്ചാട് രാമചന്ദ്രനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരക്കും. മഞ്ചേരി ഹരിദാസും സംഘവും സന്ധ്യാതായമ്പക ഒരുക്കും.

വിശേഷാൽ പ്രസാദം ഊട്ട്
ശ്രീ ഗുരുവായൂരപ്പന് നേദിച്ച പാൽപായസം ഉൾപ്പെടെ വിശേഷാൽ പ്രസാദം ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര് എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദം ഊട്ടുണ്ട്. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്, തെക്ക് ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാരും 100 പ്രഫഷണൽ വിളമ്പുകാരും ഉണ്ടാകും.

ശയന പ്രദക്ഷണമില്ല
അഷ്ടമിരോഹിണിക്ക് അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി, സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമ ദർശനം സാധ്യമാക്കാനാണ് നടപടി. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലിന് തുടങ്ങി 5 മണിക്ക് അവസാനിപ്പിക്കും. ബാക്കി നേരം പൊതു വരിസംവിധാനം മാത്രമാകും. രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും.

അപ്പം വഴിപാട്
അഷ്ടമിരോഹിണി നാളിലെ അപ്പം വഴിപാടിന് 6.63 ലക്ഷം രൂപ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. രശീതിന് 32 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 480 രൂപടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. ചെക്കോ, ഡിമാൻറ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല. 7.43 ലക്ഷം രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചു.

ക്ഷേത്രകലാ പുരസ്കാര സമർപ്പണം
വ്യത്യസ്ത കലാപരിപാടികൾക്ക് അഷ്ടമിരോഹിണി നാൾ ഗുരുവായൂർ വേദിയാകും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ പ്രഭാതസ്തവം. അവതരണം സപര്യനാരായണീയ പാരായണ സമിതി രാവിലെ 9 മുതൽ കൃഷ്ണശ്രീ ഭജൻ അവതരിപ്പിക്കുന്ന ഭജൻ, ഉച്ചതിരിഞ്ഞ് 2 മുതൽ ചലച്ചിത്ര താരം ഐശ്വര്യ അനിൽ നയിക്കുന്ന കൃഷ്ണാർപ്പണം നൃത്താവിഷ്ക്കാരം നടക്കും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനവും ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാര സമർപ്പണവും മന്ത്രി പി.രാജീവ് നിർവ്വഹിക്കും. തുടർന്ന് പുരസ്കാര ജേതാവായ പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിൻ്റെ സംഗീതകച്ചേരി നടക്കും. രാത്രി 7:30 എം.ജി.ശ്രീകുമാർ നയിക്കുന്ന ശ്രീരാഗ സന്ധ്യ, സംഗീതസദസ്സ് ഉണ്ടാകും . രാത്രി 10 മണി മുതൽ ക്ഷേത്ര കലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം നടക്കും.

Story Summary: Guruvayur Sree Krishna Temple is gearing up for the Ashtami Rohini festival to be held on September 6, 2023 .The temple will remain open from 3 am on Wednesday

error: Content is protected !!
Exit mobile version