ഗുരു പ്രീതിയാൽ ഐശ്വര്യം നേടാൻ പറ്റിയ ദിവസം ഇതാ…..
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഗുരു ഈശ്വരതുല്യനാണ്. എന്തു കൊണ്ടാണത് ?
ദൈവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് ഗുരുവാണ്. ഗുരുമുഖത്തു നിന്നാണ് ഈശ്വരന്റെ ആവിർഭാവം. അതിനാലാണ് ഗുരു ഈശ്വര തുല്യനാകുന്നത്. ഏത് വിദ്യ പഠിക്കാനും ഗുരുവിന്റെ അനുഗ്രഹം വേണം. സാധാരണ ജീവിതം നയിക്കുന്നതിന് പ്രാപ്തരാകാൻ നടത്തുന്ന വിദ്യാഭ്യാസമായാലും ഉപാസനയ്ക്കുള്ള വേദപഠനമായാലും കലയായാലും എല്ലാത്തിനും ഗുരു ഒരു വേണം. ഗുരുവിൽ നിന്നും തുടങ്ങുക എന്നാൽ അറിവിൽ നിന്നും ആരംഭിക്കുക എന്നാണ് അർത്ഥം.
നമ്മുടെ പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വേദവിചാരം. അറിവിന്റെ മൂർത്തികളായി കണക്കാക്കുന്നത് ശിവഭഗവാന്റെ അംശമായ ദക്ഷിണാമൂർത്തിയെയും സരസ്വതി ദേവിയെയും വിഷ്ണു ചൈതന്യമായ വേദവ്യാസനെയുമാണ്.
ഋഷീശ്വരന്മാരുടെ പരമ്പരതേടിപ്പോയാൽ ആ ചങ്ങല ചെന്നവസാനിക്കുന്നത് വേദവ്യാസ മഹർഷിയിലാണ്. 18 പുരാണങ്ങളും ശ്രീമദ്ഭാഗവതവും ലോകത്തിന് നൽകിയ ഈ മഹർഷിവര്യൻ അവതാരമെടുത്ത ദിവസമാണ് ആഷാഢ പൗർണ്ണമിയായ ഗുരുപൂർണ്ണിമ എന്ന വ്യാസപൂർണ്ണിമ. ഇത്തവണത്തെ ഗുരുപൂർണ്ണിമ 2021 ജൂലൈ 23 വെള്ളിയാഴ്ചയാണ്. ഗുരുവിന് ദൈവതുല്യമായ സ്ഥാനം നൽകിയിരുന്ന ഗുരുകുല വിദ്യാഭ്യാസ കാലത്താണ് ഗുരുപൂർണ്ണിമ ആചരിച്ചു തുടങ്ങിയത്. ഈ ദിവസം വിദ്യാർത്ഥികൾ ഗുരുവിന്റെ കാൽതൊട്ട് വണങ്ങി, ദക്ഷിണയർപ്പിച്ച് ഗുരുപ്രീതി നേടിയാൽ എല്ലാ വിദ്യതടസവും അകറ്റി ഉന്നതവിജയം നേടാം. വിജയദശമിപോലെ വിദ്യാപ്രധാനമായ ദിവസം കൂടിയാണിത്. ഏത് വിദ്യ പഠിച്ചവരും അതാത് മേഖലയിലെ ഗുരുവിനെ കണ്ട് വ്യാസപൂർണ്ണിമ ദിവസം അനുഗ്രഹം വാങ്ങണം. ഈ ദിവസം ഗുരുവിനെ വണങ്ങുന്നവരുടെ സർവ്വദോഷങ്ങളും അകലും. അവർക്ക് ഐശ്വര്യവും സമൃദ്ധിയും കൈവരും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദുരിതങ്ങൾ എന്നിവയെല്ലാം മാറും. അന്നും തലേന്നും മത്സ്യവും മാംസവും മൈഥുനവും ത്യജിക്കണം. തലേന്ന് രാത്രി പഴവും ലഘുഭക്ഷണവും ആകാം. ഗുരുപൂർണ്ണിമ ദിവസം വിഷ്ണുവിനെ സ്മരിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. തലേന്ന് ഉറങ്ങും മുൻപ് അഷ്ടാക്ഷരീ മന്ത്രവും ദ്വാദശാക്ഷരീ മന്ത്രവും കഴിയുന്നത്ര ജപിക്കണം.
ഗുരുവിന്റെ ഇഷ്ടവും പ്രീതിയും ഉണ്ടെങ്കിലേ വിഷ്ണു ഭഗവാന്റെ അനുഗ്രഹം ലഭിക്കൂ. ത്രിമൂർത്തികളും കുടികൊള്ളുന്ന ഗുരുവിൽ പരബ്രഹ്മത്തെ ദർശിക്കാം. ഗുരു ഒരേ സമയം രക്ഷിതാവും ശിക്ഷകനുമാണ്. ഗുരുവിന്റെ കടാക്ഷമുണ്ടെങ്കിൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും നമ്മെ ബാധിക്കാതെ ഒഴിഞ്ഞു പോകും. ഗുരുസ്മരണയോടെ ഈശ്വരോചിതമായി ജീവിക്കുന്ന എല്ലാവരുടെയും അനുഭവമാണിതെന്ന് ചുറ്റും നോക്കിയാൽ ബോദ്ധ്യമാകും. വിദ്യ പൂർണ്ണമാകാൻ, സാർത്ഥകമാകാൻ ഗുരു പരമ്പരകളുടെ പരമാചാര്യന്മാരെ വന്ദിച്ചു കൊണ്ട് ഈ വ്യാസപൂർണ്ണിമ മംഗളകരമായി തുടങ്ങാം:
ഗുരു വന്ദനമന്ത്രം
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമഃ
അഷ്ടാക്ഷരി മന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരീ മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ഗുരുപൂർണ്ണിമ ദിവസം ഇവിടെ പറയുന്ന മന്ത്രങ്ങൾ കഴിയുന്നത്ര തവണ ജപിക്കുക. പരമശിവന്റെയും മഹാ വിഷ്ണുവിന്റെയും അവതാരങ്ങളായ ദക്ഷിണാ മൂർത്തിയുടെയും വേദവ്യാസന്റെയും മാത്രമല്ല നിത്യജീവിതത്തിലെ ലൗകികവും ആദ്ധ്യാത്മികവുമായ എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം ലഭിക്കുന്നതിനും ഈ പ്രാർത്ഥന സഹായിക്കും.
ഓം നമോ ഭഗവതേ
വ്യാസായ വ്യാസരൂപായ
വിശ്വബ്രഹ്മണേ നമഃ
ഓം വിഷ്ണവേ നമ:
ഓം നമോ വിശ്വരൂപായ
വിശ്വായ വിശ്വാത്മനേ നമഃ
ഓം നമ: ശിവായ
ഓം നമോ ഭഗവതേ
കേശവായ മാധവായ
മധുസൂദനായ ശ്രീം നമഃ
ഗുരുപൂർണ്ണിമ ദിവസം ചില മന്ത്രജപങ്ങൾ ആരംഭിക്കുന്നതിന് ഉത്തമമാണ്:
1
വേദവ്യാസ മൂലമന്ത്രം
ഓം വ്യാംവേദവ്യാസായ നമഃ എന്നതാണ് വേദവ്യാസന്റെ മൂലമന്ത്രം. ഗുരുപൂർണ്ണിമദിവസം ഈ മന്ത്രം 1008 പ്രാവശ്യം ജപിക്കുക. തുടർന്ന് എന്നും രാവിലെ 48 പ്രാവശ്യം ജപിക്കുകയുമാകാം. വ്രതമെടുത്താൽ നല്ലത്. ഇല്ലെങ്കിലും ദോഷമില്ല. ഐശ്വര്യസമൃദ്ധി, പാപശാന്തി എന്നിവയാണ് ഫലം.
2
പൂർണ്ണമന്ത്രം
ഓം നമോ ഭഗവതേ
വിഷ്ണവേ മധുസൂദനായ നാരായണായ ചന്ദ്രാത്മനേ വ്യാസരൂപായ പൂർണ്ണായ നമഃ
പൂർണ്ണമന്ത്രം 36 വീതം 28 ദിവസം ജപിക്കുക. ഗുരുപൂർണ്ണിമ ദിവസം ജപം ആരംഭിക്കുക. ദാരിദ്ര്യവും കഷ്ടപ്പാടും മാറും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655
Story Summary: Significance of Guru Poornima