Saturday, 21 Sep 2024

ഗ്രഹണ ദോഷം കുറയ്ക്കാൻ നാഗരൂപ സമർപ്പണം: കാണിപ്പയ്യൂർ

ബുധനാഴ്ച പുലർച്ചെ നടക്കുന്ന കേതു ഗ്രസ്തചന്ദ്രഗ്രഹണത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ വെള്ളിയിൽ നിർമ്മിച്ച  നാഗരൂപവും ഏഴ് വെള്ളിമുട്ടകളും ആഭരണശാലകളിൽ നിന്നും വാങ്ങി ആചാര്യന് സമർപ്പിക്കുന്നത് നല്ലതാണെന്ന്  പ്രശസ്ത ജ്യോതിർഗണിത പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു.  ഒപ്പം വസ്ത്രവും പണവും ദാനം ആചാര്യന് നൽകാവുന്നതാണ്.   2019 ജൂലൈ 16 ചൊവ്വാഴ്ചകഴിഞ്ഞ് 17 ബുധനാഴ്ചപിറക്കുന്ന രാത്രി 1.31 മുതൽ 4.29 വരെയാണ് ഉത്രാടം നക്ഷത്രം ഒന്ന്, രണ്ട് പാദങ്ങളിലാണ്  ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

സാധാരണ ചന്ദ്രഗ്രഹണത്തിന്റെ  ഫലം ഒരു കൊല്ലം നീണ്ടുനിൽക്കുന്നതാണെങ്കിലും ഇക്കൊല്ലത്തെ ഫലത്തിന് പൂർണതയില്ല. ചന്ദ്രഗ്രഹണം അന്ധകാരം നിറഞ്ഞതാണ്. അന്ധകാരത്തെ അകറ്റി ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ വേണ്ടത് ധ്യാനമാണ്. പ്രാർത്ഥനയിലൂടെ  ഗ്രഹണ ദോഷങ്ങൾ മറികടക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഗ്രഹണത്തിന് മുമ്പും  മധ്യത്തിലും ഗ്രഹണം കഴിഞ്ഞും  കുളിക്കണം എന്നാണ് ശാസ്ത്രം . കുളിച്ച ശേഷം പ്രാർത്ഥിക്കുകയും ആചാര്യന് ദാനം നൽകി ദോഷ കാലം മറികടക്കുകയും വേണം.   ഇന്നത്തെ നിലയിൽ പ്രായോഗികമല്ലെങ്കിലും ഇതാണ് ശാസ്ത്രമെന്ന് കാണിപ്പയ്യൂർ പറഞ്ഞു.

ഉത്രാടം, കാർത്തിക, ഉത്രം നക്ഷത്ര ജാതരാണ് പ്രധാനമായും ദോഷ പരിഹാരം ചെയ്യേണ്ടത്. ഉത്രാടം നക്ഷത്രത്തിൽ ഗ്രഹണം നടക്കുന്നതിനാലാണ് ഇവർക്ക്  ദോഷഫലങ്ങൾ ഏറിയിരിക്കുകയെന്ന് കാണിപ്പയ്യൂർ പറഞ്ഞു . 

ആചാര്യൻമാർക്ക് ദാനം നൽകുന്നതിന് കാരണം നമുക്കുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും എന്നതാണ്.  ആചാര്യൻമാർ പ്രാർത്ഥനയിൽ ഈശ്വരനോട് അടുത്തു നിൽക്കുന്നത് കൊണ്ടാണത്. അത്  എന്തായാലും  നമ്മൾ പ്രാർത്ഥന മുടക്കരുത്. സ്വയം ചെയ്യുന്ന പ്രാർത്ഥന നമ്മളെ അതിവേഗം ദുരിതങ്ങളിൽ നിന്നും മുക്തരാക്കും.

ദാമ്പത്യ പ്രശ്നങ്ങൾ, മന:ക്ലേശം,  കലഹം, യാത്രാദുരിതം, രോഗം, ശാരീരിക ബുദ്ധിമുട്ടുകൾ, തൊഴിൽതടസ്സം, ജോലി ഭാരം, അകാരണ ഭയം എന്നിവയാണ് ഗ്രഹണത്തെ തുടർന്നുണ്ടാകുന്ന ദോഷങ്ങൾ. ജാതകത്തിൽ ചന്ദ്രന് ബലമുണ്ടെങ്കിൽ ദോഷം കഠിനമാകില്ല.

– പി.എം. ബിനുകുമാർ, 

Mobile: +91 94476 94053

error: Content is protected !!
Exit mobile version