Saturday, 23 Nov 2024

ഗ്രഹപ്പിഴകൾ പെട്ടെന്ന് മാറാൻ വടമാല, ദൃഷ്ടിദോഷം ഒഴിയാൻ നാരങ്ങാമാല

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഹനുമാൻ സ്വാമിക്ക് വടമാല, വെറ്റിലമാല, ചെറുനാരങ്ങാമാല, എന്നിവ ചാർത്തി ആരാധിക്കുന്ന പതിവുണ്ട്. ഇത് വെറുതെ ഉണ്ടായ ആരാധനാ സമ്പ്രദായങ്ങളല്ല. ഈ ആരാധനാ രീതികൾക്ക് പിന്നിൽ വ്യക്തമായ കാരണങ്ങളും തത്ത്വങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. വളരെ പെട്ടെന്നുള്ള ഫലസിദ്ധിയാണ് ഈ വഴിപാടുകളുടെ ഫലം. അഭീഷ്ടസിദ്ധി മാത്രമല്ല ഗ്രഹപ്പിഴകൾക്ക് പ്രത്യേകിച്ച് ശനി, രാഹു, കേതു ദോഷങ്ങൾക്ക് പരിഹാരമാണ് ഹനുമദ് പ്രീതി.

നവഗ്രഹങ്ങളിൽ കേതുവിന്റെ ധാന്യമാണ് ഉഴുന്ന്. എള്ളിൽ നിന്നും എടുക്കുന്ന എണ്ണ ശനീശ്വരന് പ്രിയങ്കരമാണ്. ഇവ രണ്ടും ഉപയോഗിച്ച് ഉണ്ടാക്കുന്ന വട ഹനുമാന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ശനിഗ്രഹത്താലുണ്ടാകുന്ന ദോഷങ്ങൾക്കും രാഹുദോഷത്താലുള്ള സർപ്പദോഷങ്ങൾക്കും കേതു ഗ്രഹത്താലുണ്ടാകുന്ന അപമാനങ്ങൾക്കും ഈ വഴിപാടിലൂടെ ഹനുമാൻ നിവൃത്തിയുണ്ടാക്കുന്നു. ജ്ഞാനവും അച്ചടക്കവും വിനയവും ഉള്ളിടത്ത് ഒരു ദോഷങ്ങളും ഉണ്ടാവുകയില്ല. വിനയവും സ്‌നേഹവും ആടയാഭരണമായി അണിഞ്ഞിട്ടുള്ള ആഞ്ജനേയൻ എന്ന ഹനുമാന് ശനി, രാഹു, കേതു ദോഷങ്ങളെ അകറ്റാനുള്ള ശക്തിയുണ്ട്. അതുകൊണ്ടാണ് വടമാല വഴിപാടായി അണിയിക്കുന്ന രീതിയുണ്ടായത്.

സാധാരണയായി ദേവന്മാർക്ക് ചെറുനാരങ്ങാമാല അണിയിക്കുന്ന പതിവ് ഇല്ല. എന്നാൽ അത് ഹനുമാന് വളരെ വിശേഷപ്പെട്ടതായി കരുതി അണിയിച്ച് പ്രാർത്ഥിക്കുന്നു. കാരണം ഹനുമാൻ പാർവ്വതി ദേവിയുടെയും അംശമാണ്. ഹനുമാന് ചെറുനാരങ്ങാമാല ചാർത്തിയ ശേഷം അത് പ്രസാദമാലയായി കരുതി വീട്ടുവാതിൽക്കൽ തൂക്കിയിട്ടാൽ ദൃഷ്ടിദോഷം മന്ത്രമാരണദോഷങ്ങൾ എന്നിവ ഉണ്ടാകുകയില്ല എന്ന് വിശ്വസിക്കപ്പെടുന്നു.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

error: Content is protected !!
Exit mobile version