Friday, 5 Jul 2024

ഘോരമായ ഏത് ആപത്തിൽനിന്നും രക്ഷനേടാൻ ഒരു മന്ത്രം

മംഗള ഗൗരി
ഘോരമായ എല്ലാ ആപത്തുകളും നിർമ്മാജ്ജനം ചെയ്യുന്ന ദേവിയാണ് ശാന്തി ദുർഗ്ഗ. അതിനാൽ കടുത്ത ജീവിത ദു:ഖങ്ങൾ കാരണം വിഷമങ്ങൾ നേരിടുന്ന വ്യക്തികൾക്ക് താങ്ങായി തണലായി ആശ്രയിക്കാവുന്ന മൂർത്തിയാണ് ആദിപരാശക്തിയുടെ ഒരു ഭാവമായ, കാരുണ്യശാലിനിയായ ശാന്തിദുർഗ്ഗാ ഭഗവതി.

പല കാരണങ്ങളാൽ എപ്പോഴും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരും സ്വസ്ഥത നഷ്ടപ്പെട്ടവരും നമ്മുടെ ചുറ്റും ധാരാളമുണ്ട്. ആരും അഭയമില്ലാത്തവർ, ചതിയിലും വഞ്ചനയിലും അകപ്പെട്ടവർ, രോഗങ്ങൾ കാരണം വിഷമിക്കുന്നവർ, മദ്യത്തിലും മയക്കുമരുന്നിലും വീണവർ, സൗഹൃദയങ്ങളെന്ന ചതിക്കുഴികളിൽ വീണ് ചൂഷണത്തിന് വിധേയരാകുന്നവർ തുടങ്ങിയവർ ഇക്കൂട്ടരിൽ ചിലരാണ്. ഇവർക്ക് സദാ ആശ്രയിക്കാവുന്ന ദേവിയാണ് ശാന്തിദുർഗ്ഗ. ത്രിമൂർത്തികൾ പോലും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയിച്ചിട്ടുള്ള സർവ്വശക്തയും, വാത്സല്യനിധിയുമാണ് ഈ ദേവി. അഭയം തേടുന്നവർക്ക് മാതൃവാത്സല്യം ചുരത്തുന്ന അമ്മയാകും ഭഗവതി.

ആശ്രിതരുടെ ശത്രുക്കളെ സ്വന്തം ശത്രുക്കളായിക്കണ്ട് നശിപ്പിക്കും. ഭക്തരുടെ ദുഃഖം സ്വന്തം വിഷയമായി കണ്ട് ധൃതഗതിയിൽ പരിഹാരം ലഭ്യമാക്കും ഈ മൂർത്തി.

സാധാരണ വ്രതാനുഷ്ഠാനങ്ങൾ തന്നെ ശാന്തിദുർഗ്ഗാ പ്രീതികർമ്മത്തിനും ഉപയോഗപ്പെടുത്തുക. തിങ്കളാഴ്ച ദിവസം വ്രതാനുഷ്ഠാനത്തിന് ഉത്തമം. ദേവീക്ഷേത്ര ദർശനവും സാമ്പത്തികസ്ഥിതി അനുകൂലമാകുന്ന വഴിപാടുകളും നടത്തുക. സൂര്യോദയ സമയത്തോ രാത്രി ക്ഷേത്രദീപാരാധന കഴിഞ്ഞ സമയത്തോ ഏകാഗ്രമായി 1008 ഉരു വീതം ശാന്തിദുർഗ്ഗാ മന്ത്രം ജപിക്കണം. ഈ ജപവേളയിൽ മഞ്ഞ വസ്ത്രങ്ങളും മഞ്ഞനിറത്തിലുള്ള പുഷ്പങ്ങളും ഉപയോഗിക്കണം.

ശ്രീ ശാന്തിദുർഗ്ഗാ മന്ത്രം
ഓം ശ്രീം ഹ്രീം ദും ദുർഗ്ഗാം ദേവീം
ശരണമഹം പ്രപദ്യേ

ശ്രീ ശാന്തിദുർഗ്ഗാ ധ്യാനം
ശ്വേതദ്വീപേ ശയാനാ ഫണിവരശയനേ
പങ്കജം കമ്പയന്തി
ദോഷാ വാമേന ലക്ഷ്മീമുദിതഭുജവരാ –
ഭൂമി സംലാളിതാംഘ്രി:
ദേവീദേവൈസ്സുരേന്ദ്രെെ സകല മുനിജനൈ:
സ്തൂയമാനാ പ്രസന്നാ
ഘോരാനർത്ഥൗഘശാന്ത്യൈ ഭവതു ഭഗവതീ
ശാന്തി ദുർഗാഭിധാനാ

( ശ്വേതദ്വീപിൽ അനന്തന്റെ മേൽ ശയിക്കുന്നവളും
ഇടതു കൈയ്യാൽ താമരപ്പൂവിനെ ഇളക്കുന്നവളും
ലക്ഷ്മീ ദേവി തലോടുന്ന വലതുകൈയ്യുള്ളവളും ഭൂമി ദേവി തഴുകുന്ന പാദങ്ങളോട് കൂടിയവളും ദേവീ
ദേവന്മാരാലും എല്ലാ മുനി ജനങ്ങളാലും ദേവ
ശ്രേഷ്ഠന്മാരാലും പുകഴ്ത്തപ്പെടുന്നവളും പ്രസന്നയും
ആയ ശാന്തി ദുർഗ്ഗ ഘോരമായ ആപത്തുകളെ
ഇല്ലായ്മ ചെയ്യട്ടെ ! )

Story Summary: Chant this powerful Shanthi Duga Mantra
regularly for attaining mental peace, strength and protection from enemies

error: Content is protected !!
Exit mobile version