ചതുർത്ഥി നാളിൽ വിനായകനെ ഭക്തർക്ക് നേരിട്ട് പൂജിക്കാം
ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ
ഭക്തർക്ക് നേരിട്ട് ഗണപതി ഭഗവാനെ പൂജിക്കാൻ കഴിയുന്ന ദിവമാണ് വിനായക ചതുർത്ഥി. ചിങ്ങത്തിലെ ശുക്‌ളപക്ഷ ചതുർത്ഥിയായ ഈ ദിവസമാണ് ഗണേശ ഭഗവാന്റെ അവതാരദിനമായി ആചരിക്കുന്നത്. ഈ ദിവസം നമുക്ക് നേരിട്ട് തന്നെ ഭഗവാനെ പൂജിക്കാം; മറ്റു ദിവസങ്ങളിൽ ഭഗവാനെ നമ്മുടെ ആഗ്രഹങ്ങളും വിഷമങ്ങളും സങ്കല്പങ്ങളും അറിയിക്കുന്നതും ദേവന് നിവേദ്യങ്ങൾ സമർപ്പിക്കുന്നതും പൂജാരിമാർ വഴിയാണ്.
വിനായക ചതുർത്ഥി നാളിൽ ഭഗവാനെ സ്വയം പൂജിക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് തലേ ദിവസം മുതലെങ്കിലും വ്രതമെടുക്കണം. പറ്റുന്നവർക്ക് മൂന്ന് ദിവസം വ്രതം നോൽക്കാം. മത്സ്യ മാംസാദി ഭക്ഷണവും ശാരീരികബന്ധവും ഒഴിവാക്കി വൃത്തിയും മന:ശുദ്ധിയും പാലിച്ചാണ് വ്രതമെടുക്കുന്നത്. ചതുർത്ഥി നാൾ വെളുപ്പിന് ഉണർന്ന് പ്രഭാത കർമ്മങ്ങൾക്കു ശേഷം കുളിച്ച് പുതിയതായി വാങ്ങിയ യാതൊരു കേടുപാടും ഇല്ലാത്ത ഗണപതി വിഗ്രഹത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി ലഡു, ഉണ്ണിയപ്പം, മോദകം തുടങ്ങി സ്വന്തം കഴിവിനൊത്ത ഭക്ഷണവസ്തുക്കൾ സമർപ്പിക്കണം. സൂര്യോദയം മുതൽ അസ്തമയം വരെ കഴിയുന്ന സമയത്തെല്ലാം ഓം ഗം ഗണപതയേ നമ: എന്ന മൂലമന്ത്രം നിരന്തരം ജപിക്കണം. ചതുർത്ഥി നാൾ ആരോഗ്യം അനുവദിക്കുന്നവർ പകൽ മുഴുവൻ ഉപവസിക്കണം.
ഗണേശ ചതുർത്ഥി ദിവസം അതിവിശേഷമായാണ് എല്ലാ ക്ഷേത്രങ്ങളിലും ആചരിക്കുന്നത്. തിരുവനന്തപുരം പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, സുൽത്താൻബത്തേരി, കാഞ്ഞിരപ്പള്ളി, പമ്പ, വാഴപ്പള്ളി, കോട്ടയം നട്ടാശേരി സൂര്യകാലടി മന ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ വിനായകചതുർത്ഥി ആഘോഷം ഏറെ ഗംഭീരമായാണ് നടത്തുന്നത്. 1008 ഗണപതി വിഗ്രഹങ്ങളുമായി ശംഖുമുഖത്തേക്ക് നീങ്ങുന്ന ഗണേശോത്സവ ട്രസ്റ്റിന്റെ ഗണപതി വിഗ്രഹനിമജ്ജന ഘോഷയാത്രയും ശംഖുമുഖത്തെ നിമജ്ജനവും തിരുവനന്തപുരത്തെ പ്രധാന വിനായക ചതുർത്ഥി ആഘോഷമാണ്. ഈ വിഗ്രഹ നിമജ്ജനം മുബൈയിലെ ഗണേശോത്സവത്തെ ഓർമ്മിപ്പിക്കുന്നു. ചതുർത്ഥി നാളിൽ ഭഗവാനെ സ്വയം പൂജിക്കുന്നവർക്ക് വ്യത്യസ്ത ആവശ്യങ്ങൾക്ക് താഴെ പറയുന്ന രീതിയിൽ ഉപാസിക്കാം :
കടം തീരാൻ
കടബാദ്ധ്യതകൾ തീരാൻ ഋണമോചനഗണപതിയെ ഇവിടെ പറയുന്ന നാമങ്ങൾ ജപിച്ച് ധ്യാനിക്കണം. ഈ നാമങ്ങൾ 18 പ്രാവശ്യമാണ് ചതുർത്ഥി നാളിൽ തുടങ്ങി ജപിക്കേണ്ടത്. ദരിദ്രരുടെ സങ്കടങ്ങൾ തുടച്ചു നീക്കുന്ന അനാദിയായ വേദവാക്യങ്ങൾക്ക് വിഷയമായവനായ ശ്രീ പരമേശ്വരന്റെ ആദ്യപുത്രനും അസുരന്മാരുടെ അഹന്തയെ നശിപ്പിച്ചവനും പ്രപഞ്ചത്തെ നശിപ്പിക്കാൻ കഴിയുന്നവിധം അത്യുഗ്രശക്തിയോടു കൂടിയവനും ധനഞ്ജയൻ തുടങ്ങിയ ഉജ്ജ്വല പ്രാണശക്തികളാൽ ഭൂഷിതനും കവിൾത്തടങ്ങളിലൂടെ മദജലമാകുന്ന പ്രചണ്ഡശക്തി പ്രസരിക്കുന്നവനുമായ ആദിമ ഗജമുഖ രൂപനെ ഞാൻ ഭജിക്കുന്നു എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.
അകിഞ്ചനാർത്തിമാർജ്ജനം
ചിരന്തനോക്തി ഭാജനം
പുരാരി പൂർവ്വ നന്ദനം
സുരാരി ഗർവ്വ ചർവ്വണം
പ്രപഞ്ച നാശ ഭീഷണം
ധനഞ്ജയാദി ഭൂഷണം
കപോല ദാന വാരിണം
ഭജേ പുരാണ വാരണം
ശത്രുനാശത്തിന്
ശത്രുനാശത്തിന് വീരഗണപതിയെ പ്രാർത്ഥിക്കണം. 18 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്.
സമസ്തലോകശങ്കരം
നിരസ്ത ദൈത്യ കുഞ്ജരം
ദരേതരോദരം വരം
വരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം
മുദാകരം യശസ്‌കരം
മനസ്‌കരം നമസ്‌കൃതാം
നമസ്‌കരോമി ഭാസ്വരം
വ്യാപാരവിജയത്തിന്
ബിസിനസ് വിജയത്തിന് ഉച്ചിഷ്ഠ ഗണപതിയെ പ്രാർത്ഥിക്കുക. 18 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്.
വിചിത്രസ്ഫുരദ്രത്‌നമാലാ കീരിടം
കിരീടോല്ലസച്ചന്ദ്രരേഖാ വിഭൂഷം
വിഭൂഷൈകഭൂഷം ഭവധ്വം സഹേതും
ഗണാധീശമീശാനസൂനും തമീഡേ
വിഘ്‌നം അകലാൻ
തടസ്‌സങ്ങൾ മാറാൻ ക്ഷിപ്രഗണപതിയെ പ്രാർത്ഥിക്കണം. 18 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്.
ശിവപ്രേമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്ത ഖണ്ഡം സദാനന്ദ പൂർണ്ണം
വിവർണ്ണ പ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തി തുണ്ഡം
ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ,
- 91 9447310712, 0479-2333146
Story Summary: Significance of Ganesha Chaturthi and Details of Special Worshipping