Friday, 22 Nov 2024

ചന്ദ്രോദയത്തിന് നീണ്ടൂരിൽ പൊങ്കാലയിട്ടാൽ കുടുംബസുഖം

സന്ധ്യയ്ക്ക്‌ ശേഷം സ്ത്രീകൾ പൊങ്കാലയിടുന്ന ഒരു ക്ഷേത്രം കോട്ടയം ജില്ലയിലുണ്ട്. നീണ്ടൂർ ശ്രീമൂലസ്ഥാന ശ്രീഭഗവതി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് സവിശേഷമായ ഈ അനുഷ്ഠാനമുള്ളത്. കുടുംബസുഖവുംമന:സമാധാനവുമാണ് ഇതിന്റെ ഫലം. ചന്ദ്രപൊങ്കാല എന്നാണ് ഈ പൊങ്കാല അറിയപ്പെടുന്നത്. ഫെബ്രുവരി 8 ശനിയാഴ്ച സന്ധ്യയ്ക്കാണ് ഈ വർഷത്തെ ചന്ദ്രപൊങ്കാല. മകരത്തിലെ പൗർണ്ണമി സന്ധ്യയ്ക്കാണ് പൊങ്കാല ഇടുന്നത്. പൂർണ്ണചന്ദ്രൻ വരുന്നത്  എട്ടാം തീയതി സന്ധ്യയ്ക്കായതിനാലാണ്  അന്ന് പെങ്കാല നടക്കുന്നത്. 
ഭഗവതിക്കും പ്രകൃതിക്കുമൊപ്പം ചന്ദ്രനും പ്രാധാന്യമുള്ള പൊങ്കാലയാണിത്. ചന്ദ്രോദയം സന്ധ്യ കഴിഞ്ഞായതുകൊണ്ടാണ് സന്ധ്യ കഴിഞ്ഞ് പൊങ്കാലയിടുന്നത്. 

2004 മുതൽ ഇവിടെ ചന്ദ്രപൊങ്കാല നടന്നു വരുന്നു. ഭക്തർക്ക് ഒരു പ്രത്യേക അനുഭൂതിയാണ് ഈ ചന്ദ്രപൊങ്കാലസമ്മാനിക്കുന്നത്. സന്ധ്യയ്ക്കു ശേഷം നടക്കുന്ന പൊങ്കാലയായതിനാൽ  ഇവിടം പമ്പവിളക്ക് പോലെ തെളിഞ്ഞിരിക്കും. നിറ നിലാവിന്റെ സമൃദ്ധിയിൽ നടക്കുന്ന പൊങ്കാല പ്രകൃതി പൂജ കൂടിയാണ്.
പാടങ്ങളും അരുവികളുമൊക്കെയുള്ള ഒരു ഗ്രാമമാണ് നീണ്ടൂർ. പ്രകൃതിയെയും ഭഗവതിയെയും ചന്ദ്രനെയും ഒരുമിച്ചു വണങ്ങുന്നതിന് തുല്യമാണ് ഈ പൊങ്കാല നേദിക്കുന്നത്. പ്രകൃതി തന്നെയാണ് ഭഗവതി. ഭഗവതിയാണ് പ്രകൃതി എന്ന സത്യം ഈ പൊങ്കാലയിലൂടെ അംഗീകരിക്കപ്പെടുന്നു.

തെക്കൻ തിരുവിതാംകൂറിലെ  ചില പ്രദേശങ്ങളിൽ  ചന്ദ്രപൊങ്കാല  നടത്താറുണ്ട്. ചന്ദ്രനും പ്രാധാന്യമുള്ള പൊങ്കാലയായതുകൊണ്ടാണ് രാത്രിയിൽ ഇടുന്നത്.  പൊങ്കാലക്കൊപ്പം ഭഗവതിക്ക് പ്രിയപ്പെട്ട തെരളിയും നേദിക്കാറുണ്ട്. ഇതുണ്ടാക്കുന്നത് അമ്പലത്തിലെ തിടപ്പള്ളിയിലാണ്. തെരളിയിലയിൽ ഉണ്ടാക്കുന്ന ചെറിയ അടയാണ് തെരളി നിവേദ്യം.ക്ഷേത്രത്തിലെ ഊരാണ്മക്കാരുടെ മനകളിൽ നിന്നുള്ള സ്ത്രീകളാണ് പണ്ടാര അടുപ്പ് കത്തിക്കുന്നത്. ഏറ്റുമാനൂരുള്ള എട്ട്  മനകൾക്കാണ് നീണ്ടൂർ ശ്രീമൂലസ്ഥാന ശ്രീഭഗവതി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊരാണ്മാവകാശം. ഇവരിൽ എല്ലാവരും പണ്ടാരയടുപ്പ് കത്തിക്കാൻ എത്തണമെന്നില്ല. ചിലർ പൊങ്കാലക്കാർക്കൊപ്പം പൊങ്കാലയിടും.

പണ്ട് മംഗലത്ത് മനയിൽ ഭക്ഷണം പാകം ചെയ്യാൻ അടുക്കള ഉണ്ടായിരുന്നില്ല. തുറസായ സ്ഥലത്താണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഒരു പെൺകുട്ടിയുടെ രൂപത്തിൽ ഇവിടെയെത്തിയ ദേവി ഇങ്ങനെ ഭക്ഷണമുണ്ടാക്കുന്നതിൽ കൗതുകം പൂണ്ടു. തന്റെ ഓലക്കുട അവിടെ വച്ചശേഷം തന്നെ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞ് മറഞ്ഞത്രെ. ഇതാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. ഈ ഓലക്കുടയിൽ ദേവീസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. അറയിൽ ഭഗവതി എന്നാണ് ഇവിടുത്തെ ശ്രീഭഗവതി അറിയപ്പെടുന്നത്. ഓലക്കുട സൂക്ഷിക്കുന്നത് ശ്രീകോവിലിലാണ്.പൊങ്കാല നിവേദിക്കുന്ന ശാന്തിക്കാരനൊപ്പം ഈ ഓലക്കുടയും എഴുന്നള്ളിക്കാറുണ്ട്. സാധാരണക്ഷേത്രങ്ങളിൽ ഈശ്വരന്റെ ബിംബമാണ് പുറത്തെഴുന്നള്ളിക്കാറുള്ളത്. ഇവിടെ ഓലക്കുടയാണ് എഴുന്നള്ളിക്കുന്നത്.

ഏറ്റുമാനൂർ ക്ഷേത്രത്തിനോളം ഇതിന് പഴക്കമുണ്ടെന്നാണ് കരുതുന്നത്. നാലാങ്കൽ കൃഷ്ണപിള്ളയുടെ മഹാക്ഷേത്രങ്ങൾക്ക് മുമ്പിൽ എന്ന പുസ്തകത്തിലും അശ്വതിതിരുനാൾ തമ്പുരാട്ടിയുടെ പുസ്തകത്തിലും  ക്ഷേത്രത്തെക്കുറിച്ച് പരമാർശമുണ്ട്.പുത്തേഴത്ത് രാമൻ മേനോൻ കവിയൂർ കെ.സി.രാജ് എം.എൻ.നീലകണ്ഠൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ ചേർന്നാണ് തകർന്നു തുടങ്ങിയ ക്ഷേത്രം പുനരുദ്ധരിച്ചത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ്  ഇവിടെ പൊങ്കാല. ഇതിനായി  നേരത്തെ ബുക്ക് ചെയ്യേണ്ടതില്ല. വൈകിട്ട് ആറുമണിക്കു മുമ്പ് ക്ഷേത്രത്തിൽ എത്തിയാൽ മതി.ഫെബ്രുവരി 8 ന് ആറുമണി കഴിഞ്ഞ് പണ്ടാര അടുപ്പിൽ തീ കത്തിക്കും. എട്ടുമണിയോടെ നേദിക്കും. അതുകഴിഞ്ഞാണ് വൈകിട്ടത്തെ നിത്യ പൂജകൾ നടക്കുന്നത്.  നടയടയ്ക്കാൻ 9 മണിയാകും. പൊങ്കാലയിടുന്നവർ ആ ദിവസം ഭക്ഷണം ഉപേക്ഷിക്കാൻ പാടില്ല. മിതമായി കഴിക്കണമെന്നത് ഇവിടുത്തെ ചിട്ടയാണ്.

സ്ത്രീകളും കുട്ടികളും മാത്രമാണ്  ഈ പൊങ്കാലയിടുന്നത്. പൊങ്കാലയ്ക്ക് വേണ്ട സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കും. 200  രൂപയിൽ താഴെയേ ചെലവുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ വരാറുണ്ട്. മകം തൊഴൽ നീണ്ടൂരിൽ പ്രധാനമാണ്ചോറ്റാനിക്കരയിലെയും തിരുവൈരാണിക്കുളത്തെയും മകം സ്ത്രീകൾക്കുള്ളതാണ്. എന്നാൽ നീണ്ടൂരിലെ കുംഭ മകം പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരു പോലെ പ്രധാനമാണ്. വർഷങ്ങളായി മുടങ്ങിക്കിടന്ന ചന്ദ്രപൊങ്കാല ഈ ക്ഷേത്രത്തിൽ വീണ്ടും ആരംഭിച്ചത് അടുത്തിടെയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകൻ ഡോ.എം.വി.ശശികുമാർ (മൊബൈൽ: +91 94460 95563)ഉൾപ്പെടെയുള്ള ധാരാളം പേരുടെ ശ്രമഫലമായാണ് പുരാരംഭിച്ചത്. കുലഗുരുവായ മുര്യമംഗലത്ത് മനയ്ക്കലെ കാരണവരും ചന്ദ്രപൊങ്കാല പുനരാരംഭിക്കാൻ മുൻകൈ എടുത്തു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ദിവസവും കുറ്റിയാനികുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരം നാളിലും ആറാട്ടിനും പൂരത്തിനും ശേഷം മാത്രമേ ശ്രീഭഗവതിയുടെ മൂലസ്ഥാനത്ത് പൂജ നടത്തുകയുള്ളൂ. 

പി.എം. ബിനുകുമാർ+919447694053

error: Content is protected !!
Exit mobile version