Friday, 5 Jul 2024

ചിദംബര ദർശനം പാപ ദോഷം തീർക്കും

വിശ്വപ്രസിദ്ധമാണ് ചിദംബരം നടരാജ ക്ഷേത്രം. ഭൂമിയുടെ കാന്തിക മദ്ധ്യരേഖാ കേന്ദ്രം എന്ന് കരുതുന്ന ചിദംബര ക്ഷേത്രത്തിലെ  ശ്രീകോവിലിൽ കുടികൊള്ളുന്ന ചിദംബരേശന്റെ ഒരു കയ്യിൽ ഉടുക്കാണ്. ലോകത്തിന്റെ ആരംഭം ഓം കാര ശബ്ദത്തോടെ ആയിരുന്നു എന്ന സങ്കല്പത്തിന്റെ പ്രതീകമത്രെ ഇത്. ഭഗവാന്റെ  മറ്റൊരു കരത്തിൽ അഗ്നിയാണ്.  ഇത് സർവ്വനാശത്തിന്റെ  സൂചകം.  മൂന്നാം തൃക്കൈയിൽ അഭയമുദ്ര:  നീ ഭയപ്പെടേണ്ടതില്ല–ഞാൻ കാത്തുകൊള്ളാം എന്നാണ് ഭഗവാൻ ഈ മുദ്രയിലൂടെ ഭക്തരോട് പറയുന്നത്. നാലാമത്തെ കൈ അല്പം താഴ്ത്തിയിട്ടിരിക്കുന്നു: അതിന്റെ അർത്ഥം: ഇതാ ഇവിടെയാണ് ഏവരുടെയും അഭയസ്ഥാനം എന്നാണ്.സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെയാണ്  ചിദംബര  സന്ദേശം.

ചിദംബരേശ്വരന്റെ പ്രപഞ്ച നടനത്തിന്റെ  അപൂർവ്വതകളെക്കുറിച്ച് പൂർവ്വികർ പറഞ്ഞതും എഴുതി വെച്ചതും ശരിയാണെന്ന്  ജനീവയിലെ  കണികാ പരീക്ഷണങ്ങൾ സമർത്ഥിച്ചത്രേ.  സൃഷ്ടി, സ്ഥിതി, സംഹാര  പ്രതീകമായ നടരാജന്റെ രണ്ടു മീറ്റർ ഉയരമുളള  പ്രപഞ്ചനടന വിഗ്രഹം ജനീവയിലെ കണികാ ഗവേഷണ കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ചത് 15 വർഷം മുമ്പാണ്. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും സംഭവിച്ചു പോയ തെറ്റുകളുടെ ഫലമായ പാപങ്ങളെല്ലാം നീക്കിക്കളയുന്നതാണ്  ചിദംബരദർശനം. ഇവിടെ വന്ന് തൊഴുതാൽ മനസ് തെളിഞ്ഞ ആകാശം പോലെ നിർമ്മലമാകും.

ചിദംബരമെന്നാൽ ജ്ഞാനത്തിന്റെ ആകാശമെന്നാണ്. പാപമോചനം ലഭിച്ചാൽ ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങളും സങ്കടങ്ങളുമെല്ലാം അകന്നു പോകും.അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ചിദംബരം ക്ഷേത്രത്തിലെ കൊടിമരത്തിൽ ഉത്സവ കൊടിയേറ്റ് പോലെ എല്ലാവർഷവും ആഗസ്റ്റ് പതിനഞ്ചാം തീയതി ദേശീയ പതാക ഉയർത്തും.  ഇങ്ങനെ ദേശീയതയെ ആദരിക്കുന്ന ഒരേ ഒരു ക്ഷേത്രമാണിത്.

ഇവിടത്തെ ചില വിശേഷാൽ പൂജകൾ ലോക പ്രസിദ്ധമാണ്. ലക്ഷ രുദ്ര പാരായണം, കൂവളത്തില കൊണ്ട് നടത്തുന്നകോടി വില്വഅർച്ചന തുടങ്ങിയവ അതിൽ ചിലതാണ്.
നിത്യേന രാവിലെ നൂറ് പൂജാരികൾ ഒമ്പതു മണിമുതൽ മദ്ധ്യാഹ്നം  വരെ ഓരോരുത്തരും ഇരുപത്തിരണ്ടു പ്രാവശ്യം രുദ്രപാരായണം ചെയ്യുന്നതാണ് ലക്ഷരുദ്ര പാരായണം. ഇത് സന്ധ്യക്ക് വീണ്ടും ആവർത്തിക്കും.  ഇങ്ങനെ നോക്കിയാൽ നിത്യേന നാലായിരത്തി നാന്നൂറു പ്രാവശ്യം രുദ്രജപം ആവർത്തിക്കും.

എല്ലാ വർഷവും സെപ്തബർ പതിനാലിന് 29 ദിവസം തികയുന്ന വിധത്തിൽ ഇതാവർത്തിക്കും.  ആഗസ്റ്റ് 17 മുതൽ സെപ്തംബർ 14 വരെ. അവസാന ദിവസം രാവിലെയാകുമ്പോൾ ഒരു ലക്ഷത്തിലേറെ തവണ രുദ്ര നാമജപപാരായണം കഴിയും. അതോടൊപ്പം കോടിവില്വ അർച്ചനയും നടക്കും.  ദിവസവും നൂറു പൂജാരികൾ 1008 കൂവളത്തില കൊണ്ട് രാവിലെയും സന്ധ്യയ്ക്കുംഅർച്ചന നടത്തുക.  
വിശ്വശാന്തി മാത്രമാണ് ഇതിന്റെ ലക്ഷ്യം.   ഈ ദിവസങ്ങളിലെ ക്ഷേത്രദർശനം ഏറ്റവും അനുഗ്രഹദായകമാണ്.       

– ഗായത്രി ഗോപിനാഥ് 

error: Content is protected !!
Exit mobile version