ചൊവ്വയ്ക്ക് നീചം വരുന്നു
എസ്. ശ്രീനിവാസ് അയ്യര്‍
ആരെടാ? എന്ന് ചോദിച്ചാല്‍ അതേ കനത്തില്‍ ഞാനെടാ? എന്നുപറയുന്ന തന്റേടമാണ് ചൊവ്വ. നയാഗ്രാ വെള്ളച്ചാട്ടം താഴെയ്ക്ക് പതിക്കുന്നതിനുപകരം മുകളിലേയ്ക്ക് കുത്തിപ്പൊങ്ങിയാലോ? ആ ഉദഗ്രവും ഉദ്ദാമവുമായ കുതിച്ചുചാട്ടത്തെ ചൊവ്വയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. സുബ്രഹ്മണ്യസ്വാമിയുടെയും ശിവഭഗവാന്റെയും അഗ്‌നിദേവന്റെയും ശക്തികള്‍ ചേര്‍ന്ന മുപ്പിരിച്ചുറ്റിന്റെ മുഴുനീള ബലിഷ്ഠതയാണ് ചൊവ്വ എന്ന ഗ്രഹത്തിന്റെ ആത്മരഹസ്യം. ഗ്രഹങ്ങളുടെ ലോകത്തെ ഈ വലിയപടത്തലവന്‍ ഭൂമിപുത്രനാകയാല്‍ കാമ്പുള്ള മണ്‍വാസനകള്‍ സൃഷ്ടിച്ചു കൊണ്ട് മനുഷ്യരുടെ ഇടയില്‍ രാഗദ്വേഷാദികള്‍ വിതച്ചും വളര്‍ത്തിയും വേരറുത്തും നിഗ്രഹാനുഗ്രഹങ്ങളുടെ നടുനായകപ്പെരുമാളായി വാഴുകയാണ്…
ഒരു രാശിയില്‍ നാല്പത്തിയഞ്ച് ദിവസമാണ് ചൊവ്വയുടെ സഞ്ചാരപഥം. അപ്പോള്‍ പന്ത്രണ്ടുരാശിയും ഒരുവട്ടം ചുറ്റിവരാന്‍ ഒന്നരക്കൊല്ലം (12രാശി x 45 ദിവസം = 540 ദിവസം, അതായത് 18 മാസം അഥവാ ഒന്നരവര്‍ഷം) വേണം. ഓര്‍ക്കുക, ഇത് ഒരു സാമാന്യഗണിതമാണ്. ഏറ്റക്കുറച്ചിലുകള്‍ വരാം. ശനി, രാഹുകേതുക്കള്‍, വ്യാഴം എന്നിവ നാലും കഴിഞ്ഞാല്‍ രാശിചക്രം ചുറ്റിവരാന്‍ കൂടുതല്‍ സമയമെടുക്കുന്ന ഗ്രഹം ചൊവ്വയാണ്.
1196 ഇടവം 19 , 2021 ജൂണ്‍ 2 ബുധനാഴ്ച പ്രഭാതത്തില്‍ 6 മണി 49 മിനിറ്റിന് ചൊവ്വ മിഥുനം രാശിയില്‍ നിന്നും കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. 1196 കര്‍ക്കടകം 4, 2021 ജൂലായ് 20 വൈകുന്നേരം 5 മണി 49 മിനിറ്റിന് ചിങ്ങം രാശിയിലേക്കും സംക്രമിക്കുന്നു. അതായത് ശരാശരി 48- 49 ദിവസം ചൊവ്വ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്നു. ഇടവം 2 മുതല്‍ ഇടവം 24 വരെ പുണര്‍തം നക്ഷത്രത്തിലും, ഇടവം 24 മുതല്‍ മിഥുനം 15 വരെ പൂയം നക്ഷത്രത്തിലും, പിന്നീട് കര്‍ക്കടകം 4 വരെ ആയില്യം നക്ഷത്രത്തിലും കൂടി സഞ്ചരിക്കുന്നുണ്ട്. (അവലംബം: ചന്ദ്രാപ്രസ്സ് വലിയ പഞ്ചാംഗം) പുണര്‍തം നാലാം പാദം, പൂയം, ആയില്യം എന്നിവ കര്‍ക്കടകരാശിയില്‍ വരുന്ന നക്ഷത്രങ്ങളാണ് എന്നതും സ്മരണീയമാണ്.
ഗ്രഹങ്ങള്‍ക്ക് സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചരാശി, നീചരാശി, ബന്ധുക്ഷേത്രം തുടങ്ങിയ ബല/ ദുര്‍ബല സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു, ഋഷികല്പരായ ജ്യോതിഷശില്പികളാല്‍. അതനുസരിച്ച് കര്‍ക്കടകം രാശി ചൊവ്വയുടെ നീചരാശിയാണ്. നീചക്ഷേത്രത്തിലെ ഗ്രഹം ദുര്‍ബലനാണ്; വലിയ അപകടകാരിയാണ്. പ്രത്യേകിച്ചും പാപനും ക്രൂരനുമായി മുദ്രകുത്തപ്പെട്ടിട്ടുള്ള ഒരു ഗ്രഹം!
എന്നാല്‍ കര്‍ക്കടകരാശിയുടെ അധിപനായ ചന്ദ്രന്‍ ചൊവ്വയുടെ ബന്ധുഗ്രഹമാണ്. ആ നിലയ്ക്ക് നോക്കിയാല്‍, അതായത് ബന്ധുക്ഷേത്രസ്ഥനാകയാല്‍ ചൊവ്വ മുദിതഭാവത്തിലുമാണ്. അത്ര നിര്‍ദ്ദയനും അപകടകാരിയുമല്ല എന്ന് സാരം! നീചം എന്നത് ദോഷസ്ഥിതി തന്നെ, സംശയമില്ല. ബന്ധുക്ഷേത്രസ്ഥിതി എന്നത് ഗുണവുമാണെന്ന് വരുന്നു. അതിനാല്‍ സമ്മിശ്രഫലങ്ങളാണ് പറയേണ്ടത് എന്ന് കാണുന്നു.
ചൊവ്വ നീചത്തിലാകുമ്പോള്‍ ഏതൊക്കെ രാശിക്കാരെ പ്രതികൂലമായി ബാധിക്കും ? ആര്‍ക്കൊക്കെ ഗുണമുണ്ടാവും? ഏത് നക്ഷത്രക്കാര്‍ക്ക് നന്മയും ഏത് നക്ഷത്രക്കാര്‍ക്ക് തിന്മയും പുലരും? പൊതുവേ ഗോചരാല്‍ 3, 6, 11 ഭാവങ്ങളില്‍ മാത്രമാണ് പാപ ഗ്രഹങ്ങള്‍ (ചൊവ്വയടക്കം ) ഗുണവാന്‍ എന്ന് നിയമത്തിലുണ്ട്. ചിലര്‍ പത്താമെടത്ത് സമ്മിശ്രഫലങ്ങള്‍ നല്‍കുമെന്നും പറയുന്നു. ഇതിന് വേണ്ട പ്രായശ്ചിത്ത കര്‍മ്മങ്ങളും പരിഹാരങ്ങളും വിപുല വിഷയമാണ്. ശുക്രബുധന്മാരും ഒടുവില്‍ സൂര്യനും കര്‍ക്കടകത്തില്‍ പ്രവേശിക്കുന്നതും രണ്ടുവട്ടം ചന്ദ്രന്‍ ശശിമംഗല യോഗത്തോടെ കര്‍ക്കടകത്തില്‍ വന്നു പോകുന്നതും ശനിയുടെ ദൃഷ്ടി മൂലമുള്ള അഗ്‌നിമാരുത യോഗവും എല്ലാം ചൊവ്വയെ പുഷ്ടിപ്പെടുത്തുകയോ കൂടുതല്‍ ക്ഷീണിപ്പിക്കുകയോ ചെയ്യുമെന്നതിനാല്‍ അതിന്റെ ഫലശ്രുതിയും പ്രസക്തമാണ്. എല്ലാംകൂടി ഈ ചെറു കുറിപ്പിന്റെ പരിധിയില്‍ ഒതുങ്ങുകയുമില്ല. അത് മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുകയാണ്.
എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
കൂടുതല്‍ വായിക്കാൻ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/
Story Summary: Effects of Mars Transit to Cancer