Friday, 22 Nov 2024

ചൊവ്വാദോഷത്തിന് ചെങ്ങന്നൂരിൽ പരിഹാരമുണ്ട്

പി.എം. ബിനുകുമാർ

ആയിരകണക്കിന് ചെറുപ്പക്കാരാണ് ചൊവ്വാ ദോഷം കാരണം വിവാഹം നടക്കാതെ വിഷമിക്കുന്നത്. വിവാഹക്കാര്യത്തിൽ ചൊവ്വാദോഷം പോലെ ഇത്രയധികം പ്രതിസന്ധി സ്യഷ്ടിക്കുന്ന മറ്റൊരു കാര്യമില്ല. പലപ്പോഴും പരിഹാരമില്ലാത്ത ഒരു പ്രശ്നമായാണ് പലരും ചൊവ്വാദോഷത്തെ കാണുന്നത്.

ചൊവ്വാദോഷം കാരണം വിവാഹം മുടങ്ങുന്ന പെൺകുട്ടികൾക്ക് ആശ്വാസമേകുന്ന ഒരു ചടങ്ങ് ചെങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലുണ്ട്. ചൊവ്വാദോഷമുള്ളവർക്ക് ചെങ്ങന്നൂർ മഹാദേവക്ഷേത്ര സന്നിധിയിൽ വിവാഹിതരാകാം. താലി കെട്ട് ക്ഷേത്രത്തിൽ തന്നെ ബുക്ക് ചെയ്യാം. വരൻ വധുവിന് കെട്ടേണ്ട സ്വർണ്ണ താലി ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും. താലി മേൽശാന്തിക്ക് നൽകി ക്ഷേത്രത്തിൽ സമർപ്പിച്ച് പൂജിച്ച് വാങ്ങണം.

ഇങ്ങനെ കെട്ടുന്ന താലി വീട്ടിൽ കൊണ്ടു പോകരുത്. ശിവ പാർവ്വതിമാരെ സങ്കൽപ്പിച്ച് കെട്ടിയ താലി വഞ്ചിയിൽ സമർപ്പിക്കണം. ജ്യോത്സ്യൻമാരുടെ നിർദ്ദേശാനുസരണം നിരവധിയാളുകൾ ഇത്തരത്തിൽ താലികെട്ടാൻ ക്ഷേത്രത്തിൽ എത്താറുണ്ടെന്ന് മേൽശാന്തി ക്യഷ്ണകുമാർ പറഞ്ഞു. ഈ ക്ഷേത്ര നടയിൽ താലി കെട്ടിയാൽ ചൊവ്വാദോഷം കാരണം വിവാഹം നടക്കാതെ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം.

തൃപ്പൂത്താറാട്ടാണ് ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഏറ്റവും പ്രധാനം.തൃപ്പൂത്താറാട്ടിൽ പങ്കെടുത്തു പ്രാര്‍ഥിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് വിശ്വാസം. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും ധനലബ്ധിക്കുമെല്ലാം ദേവി മാത്രമേ ഉള്ളു മനം നിറഞ്ഞു പ്രാർത്ഥിക്കാന്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഇതിനായി ചെങ്ങന്നൂർ ക്ഷേത്രത്തിലെത്തുന്നത്. ശിവനും പാര്‍വതിയും അർധനാരീശ്വര സങ്കല്‍പത്തില്‍ കുടിയിരുത്തപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ. ദേവിയുടെ രജസ്വലയാകുന്നത് ആഘോഷപൂർവം കൊണ്ടാടുന്ന അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്രമാണ് ഇത്.

പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം പെരുന്തച്ചന്‍ നിര്‍മിച്ചതാണ് ക്ഷേത്രമെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. കാലം പിന്നിട്ടപ്പോള്‍ ക്ഷേത്രം കത്തിനശിക്കുകയും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് തഞ്ചാവൂരില്‍നിന്നു വന്ന തച്ചന്മാര്‍ ഈ ക്ഷേത്രം മനോഹരമായി പുനര്‍നിര്‍മിക്കുകയും ചെയ്തു. തീപിടിത്തത്തില്‍ നശിക്കാതെ അവശേഷിച്ച ശ്രീകോവില്‍ പുതിയ ക്ഷേത്രത്തിന്‍റെ ഭാഗമാക്കി.

ദേവി രജസ്വലയാകുന്നതോടെയാണ് തൃപ്പൂത്താറാട്ട് ഉത്സവം ആരംഭിക്കുന്നത്. മംഗല്യഭാഗ്യം, സത്സന്താനലബ്ധി എന്നിവയ്ക്കെല്ലാം തൃപ്പൂത്താറാട്ട് ദിനത്തിലെ പ്രാർത്ഥനകൾക്ക് കഴിയും. ത്യപ്പൂത്തായിരിക്കുമ്പോൾ ദേവിക്ക് മുന്നിൽ പെൺകുട്ടികൾ പ്രദക്ഷിണം വയ്ക്കാറുണ്ട്. ഈ സമയത്ത് നടത്തുന്ന ഹരിദ്ര പുഷ്പാഞ്ജലി ദേവിക്ക് ഏറെ പ്രിയങ്കരമാണ് . ഇത് നടത്തിയാൽ ഏത് ആഗ്രഹവും നടക്കുമെന്നാണ് വിശ്വാസം.

(മേൽശാന്തി കൃഷ്ണ കുമാറിൻ്റെ മൊബൈൽ നമ്പർ: 9497109813)

പി.എം. ബിനുകുമാർ

+91 9447694053

Story Summary: Special offering at Chengannoor Bhagavati Temple for Removing Marriage Obstacles

Copyright 2022 Neramonline.com. All rights reserved


error: Content is protected !!
Exit mobile version