Sunday, 10 Nov 2024

ചൊവ്വാഴ്ചയും ഷഷ്ഠിയും ജൂലൈ 5 ന്
ഒന്നിച്ച് വരുന്നു ; ഇരട്ടി ഫലം, അതിവേഗം

ജ്യോതിഷരത്നം വേണുമഹാദേവ്
സുബ്രഹ്മണ്യ ഭഗവാന്റെയും ശിവപാർവ്വതിമാരുടെയും കൃപാകടാക്ഷം ഒരുപോലെ ലഭിക്കുന്ന ഷഷ്ഠി വ്രതം 2022 ജൂലൈ 5 ചൊവ്വാഴ്ചയാണ്. സുബ്രഹ്മണ്യപൂജയ്ക്ക് സവിശേഷമായ ചൊവ്വാഴ്ച ദിവസം ഷഷ്ഠിവ്രതം കൂടി വരുന്നതാണ് ഇത്തവണത്തെ (1197 മിഥുനമാസം) ഷഷ്ഠിയുടെ പ്രത്യേകത. ചൊവ്വാഴ്ചയും ഷഷ്ഠിയും ഒന്നിച്ച് വരുന്നതിനാൽ ഈ ഷഷ്ഠി വ്രതാചരണത്തിന് ഇരട്ടിഫലം ലഭിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.

മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. സ്‌കന്ദഷഷ്ഠി, തൈപ്പൂയം, ഭഗവാന്റെ അവതാര ദിനമായ ഇടവത്തിലെ വൈകാശി വിശാഖം തുടങ്ങിയവയാണ് സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള വാർഷിക ദിവസങ്ങൾ. ഇതിനു പുറമെ ചൊവ്വ, ഞായർ ദിനങ്ങളും കാർത്തിക, വിശാഖം, പൂയം നക്ഷത്രങ്ങളും ഷഷ്ഠി തിഥികളും സുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഉത്തമമായ ദിവസങ്ങളാണ്. ഷഷ്ഠിക്ക് ശ്രീമുരുകനെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സന്താനലബ്ധിക്കും ദാമ്പത്യ ദുരിതങ്ങൾ ശമിക്കുന്നതിനും ഉത്തമമാണ്. ജാതകത്തിൽ ചൊവ്വ അനിഷ്ട സ്ഥാനത്തുള്ളവരും ചൊവ്വാദോഷമുള്ളവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിനും നല്ലതാണ്.

തലേന്ന് പഞ്ചമി മുതൽ വ്രതമെടുത്ത് ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തി ഉച്ചനേരത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചാണ് ഷഷ്ഠി വ്രതം പൂർത്തിയാക്കുന്നത്. ഈ ദിവസം സുബ്രഹ്മണ്യ ഭഗവാന്റെ മൂലമന്ത്രം, ഗായത്രി, അഷ്ടോത്തരം, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. സന്ധ്യയ്ക്ക് ഇതിനൊപ്പം ഷഷ്‌ഠിദേവി സ്‌തുതി ചൊല്ലുന്നത് ഉത്തമമാണ്. ഷഷ്ഠി നാളിൽ ഭസ്മാഭിഷേകം, പഞ്ചാമൃതാഭിഷേകം, കുമാരസൂക്ത പുഷ്പാഞ്ജലി എന്നിവ ക്ഷേത്രത്തിൽ നടത്തുന്നത് അത്യുത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

സുബ്രഹ്മണ്യ ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

(ശ്രീമുരുകനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് ധ്യാനശ്ലോകം ജപിക്കണം. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം ഇവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടു കൂടിയവനും കൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമ വർണ്ണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ ഞാൻ ധ്യാനിക്കുന്നു.)

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചദ്ഭുവേ നമഃ
ഓം ഷൺമുഖായ നമഃ

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം
ഷഷ്ഠീദേവീസ്തുതി
ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാപ ച സുപ്രഭാം
സപുത്രദാം ച ശുഭദാം
ദയാരൂപാം ജഗത്പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം
രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം
ദേവസേനാം പരേഭജേ

ഷഷ്ഠി മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യേ സ്വഹാ

ജ്യോതിഷരത്നം വേണുമഹാദേവ്, +91 9847475559

Story Summary: Shukla Paksha Shashthi; Tuesday, 05 July 2022: Significance and Benefits

error: Content is protected !!
Exit mobile version