Friday, 22 Nov 2024

ചൊവ്വ നീചത്തിൽ, ബുധന് വക്രമൗഢ്യം; ഈ 8 രാശിക്കാർ സൂക്ഷിക്കണം

ജ്യോതിഷാചാര്യൻ ശ്രീനിവാസ ശർമ്മ

2021 ജൂൺ 2, 1196 ഇടവം 19 ന് രാവിലെ 6: 53 ന് ചൊവ്വ ഗ്രഹം നീചരാശിയായ കർക്കിടകത്തിലേക്ക് സംക്രമിക്കുകയും ജൂൺ മൂന്നാം തീയതി ബുധൻ വക്ര മൗഢ്യത്തിലേക്ക് കടക്കുകയും ചെയ്യുന്നത് പൊതുവിൽ മനുഷ്യരാശിക്ക് അത്ര ഗുണകരമല്ല. ചൊവ്വ നീച രാശിയിലേക്ക് മാറുന്നതോടെ ഏവർക്കും ജോലി, സ്ഥാനമാനം, ഭൂമിസംബന്ധമായ കാര്യങ്ങൾ, കോടതി വ്യവഹാരം, കുടുംബ സ്വത്തുക്കൾ തുടങ്ങിയവ സംബന്ധിച്ച് തടസ്സങ്ങളും കാലതാമസവും അനുഭവപ്പെടാം. ചൊവ്വയുടെ രാശിമാറ്റം ഇടവം, കന്നി, തുലാം, കുംഭം എന്നീ കൂറുകളിൽ ജനിച്ചവർക്ക് അത്ര വലിയ ദോഷം ചെയ്യില്ല. ഇതിൽ തന്നെ തുലാം രാശിക്കാർ സമ്മിശ്ര ഫലം പ്രതീക്ഷിച്ചാൽ മതി. ഇടവം, കുംഭം, കന്നി രാശിക്കാർക്ക് ചൊവ്വ കുറച്ചൊക്കെ ഗുണങ്ങൾ നൽകിയേക്കും. അതായത് കാർത്തിക അവസാന മൂന്നു പാദങ്ങൾ, രോഹിണി, മകയിരം ആദ്യ രണ്ടു പാദങ്ങൾ, അവിട്ടം അവസാന രണ്ടു പാദങ്ങൾ, ചതയം, പൂരുട്ടാതി ആദ്യ മൂന്നു പാദങ്ങൾ, ഉത്രം അവസാന മൂന്നു പാദങ്ങൾ, അത്തം, ചിത്തിര ആദ്യ രണ്ടു പാദങ്ങൾ എന്നീ നക്ഷത്രജാതർക്കാണ് ചൊവ്വ ആശ്വാസമേകുക. ചിത്തിര അവസാന രണ്ടുപാദങ്ങൾ, ചോതി, വിശാഖം ആദ്യ മൂന്ന് പാദങ്ങളിലെ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന തുലാക്കൂറുകാർക്ക് ചൊവ്വ സമ്മിശ്ര ഫലങ്ങളും നൽകാം. മറ്റു രാശിക്കാരെയെല്ലാം ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദോഷകരമായി ബാധിക്കാം. അതായത് മേടം, മിഥുനം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു, മകരം, മീനം കൂറുകാർക്കാണ് കർക്കടകത്തിലെ ചൊവ്വ കാരണം 48 ദിവസം വിഷമങ്ങൾക്ക് സാദ്ധ്യത.

ബുധന്റെ വക്ര രാശിമാറ്റം അത്ര ദോഷം ചെയ്യില്ലെങ്കിലും അനുഭവ ഗുണം കുറയ്ക്കും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഭാഗ്യതടസം, ഗുണാനുഭവങ്ങൾക്ക് കാലതാമസം ഇവ ഫലം. വേണ്ടപ്പോൾ വേണ്ട പോലെ ബുദ്ധി തോന്നാതിരിക്കുക, തീരുമാന വൈകല്യം, പഠന മാന്ദ്യത എന്നിവ അനുഭവത്തിൽ വരാം. ബുധന്റെ ഈ മാറ്റം മേടം, കർക്കടകം, ചിങ്ങം, തുലാം, ധനു, കുംഭം രാശിക്കാർക്ക് ഗുണകരമാണ്. മറ്റു രാശിക്കാർക്ക് എല്ലാം നേരത്തെ പറഞ്ഞ ദോഷഫലങ്ങൾ അനുഭവത്തിൽ വരാം. ബുധൻ നപുംസക ഗ്രഹം ആയതുകൊണ്ട് ഏതു ഗ്രഹത്തിന്റെ കൂടെ നിൽക്കുന്നുവോ ആ ഗ്രഹത്തിന്റെ ഗുണദോഷമാണ് നമ്മൾ അനുഭവിക്കേണ്ടി വരിക. സ്വന്തം ജാതകത്തിൽ ബുധൻ ഏതു ഗ്രഹത്തിന്റെ കൂടെ നിൽക്കുന്നു അല്ലെങ്കിൽ ഏതു ഗ്രഹത്തിന്റെ രാശിയിൽ നിൽക്കുന്നു എന്നതനുസരിച്ചാണ് ഫലം.

ചൊവ്വയും ബുധനും രാശി മാറുന്നതനുസരിച്ച് ദോഷ രാശിയിൽ ജനിച്ചവർ വീട്, ഭൂമി ഇടപാട് എന്നിവ തൽക്കാലം രണ്ടര മാസത്തേക്ക് പാടില്ല. വഴക്ക് , ജാമ്യം, പലിശ ഇടപാട് , കോടതി ഇടപാട്, മധ്യസ്ഥത എന്നിവയിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. പുതിയ ബിസിനസ്, പദ്ധതികൾ, കരാറുകൾ എന്നിവ തൽക്കാലം ഒരു മൂന്ന് മാസത്തേക്ക് മാറ്റി വയ്ക്കുക.

സുബ്രഹ്മണ്യൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ, നരസിംഹ മൂർത്തി എന്നീ ദേവതകളെ പ്രീതിപ്പെടുത്തുന്ന നാമജപം, മന്ത്രജപം, വഴിപാടുകൾ, വ്രതാനുഷ്ഠാനം എന്നിവയിൽ അവരവരുടെ ജാതകപ്രകാരം ചേരുന്ന അനുഷ്ഠാനങ്ങൾ നിർവഹിക്കുക.

ജ്യോതിഷാചാര്യൻ ശ്രീനിവാസ ശർമ്മ

  • 91 9961033370

Story Summary : Effects of Mars and Mercury Transit on 2June 2021

error: Content is protected !!
Exit mobile version