Tuesday, 1 Oct 2024

ചൊവ്വ 50 ദിവസം ശത്രുവിന്റെ വീട്ടിൽ; 3 കൂറുകാർക്ക് ഗുണപ്രദം

എസ്. ശ്രീനിവാസ് അയ്യര്‍

2021 ഏപ്രില്‍ 13 / 1196 മീനം 30 ന് രാത്രിയില്‍ കുജന്‍ അഥവാ ചൊവ്വ ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിൽ പ്രവേശിച്ചു. ഇനിയുള്ള ഏതാണ്ട് 50 ദിവസം മിഥുനം രാശിയിലാവും ചൊവ്വയുടെ സഞ്ചാരം. ജൂണ്‍ 2 / ഇടവം 19 ന് രാവിലെ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കും.

ചൊവ്വ കഷ്ട സ്ഥിതിയിൽ;
വ്യാഴ ദൃഷ്ടി അല്പം ആശ്വാസം

മിഥുനം രാശി ചൊവ്വയുടെ ശത്രുവായ ബുധന്റെ സ്വക്ഷേത്രമാണ്. ശത്രുവിന്റെ വീട്ടില്‍ വസിക്കുന്ന ഗ്രഹത്തെ ‘ദീനന്‍’ എന്നാണ് പ്രമാണഗ്രന്ഥമായ ജാതകപാരിജാതം വിശേഷിപ്പിക്കുന്നത്. ആര്‍ക്കായാലും ശത്രുവിന്റെ വീട്ടിലെ പൊറുതി ഒരു ഗതികേട് തന്നെയാണല്ലോ. കുംഭം, തുലാം, ബുധന്റെ രാശികളായ കന്നി, മിഥുനം പിന്നെ കര്‍ക്കിടകം എന്നിവ അഞ്ചും ചൊവ്വയുടെ ക്ഷീണരാശികളാണെന്ന് വിദ്വാന്മാര്‍ വ്യക്തമാക്കുന്നു. (‘ഭൗമനു ഘടേ ജൂകേ ബുധര്‍ക്ഷേന്ദുഭേ’ എന്ന് ജ്യോതിഷദീപമാല) കര്‍ക്കിടകം ചൊവ്വയുടെ നീചരാശി. ഉച്ചം മകരം രാശിയും. ഉച്ചത്തില്‍ നിന്നും ചൊവ്വ നീചത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക യാണെന്ന് സാരം. അങ്ങനെയുള്ള ഗ്രഹത്തെ വിളിക്കുന്നത് ‘അവരോഹി’ എന്നാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ചൊവ്വ കുറച്ചധികം കഷ്ട സ്ഥിതിയിലാണെന്നാണ്. എന്നാല്‍ ‘സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിട,യില്‍ ദ്വീപുകളുണ്ട് സിന്ധുവില്‍ ‘ എന്ന് കവി പറഞ്ഞതു പോലെ കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന വ്യാഴത്തിന്റെ ദൃഷ്ടിമൂലം ചൊവ്വയ്ക്ക് കുറച്ചൊക്കെ നന്മചെയ്യുവാനും സാധിക്കുന്നതായിരിക്കും.

മിഥുനം, കർക്കിടകം, വൃശ്ചികം കുറുകാർക്ക് വിഷമം

ജന്മരാശിയിലും അഷ്ടമത്തിലും പന്ത്രണ്ടിലും നില്‍ക്കുന്ന ചൊവ്വയാണ് ഏറ്റവും പ്രശ്‌നകാരി. മിഥുനക്കൂറുകാര്‍ക്ക് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം,1,2,3 പാദങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ക്ക്) ചൊവ്വ ജന്മരാശിയിലാണ്. കര്‍ക്കിടകക്കൂറുകാര്‍ക്ക് (പുണര്‍തം നാലാംപാദം, പൂയം, ആയില്യം എന്നീ നാളുകാര്‍ക്ക് ) ചൊവ്വ പന്ത്രണ്ടിലാണ്. വൃശ്ചികക്കൂറുകാര്‍ക്ക് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നീ നാളുകളില്‍ ജനിച്ചവര്‍ക്ക്) ചൊവ്വ അഷ്ടമത്തിലാണ്. ഈ കൂറുകാര്‍ക്കാണ് ചൊവ്വ കൂടുതല്‍ വിഷമങ്ങള്‍ സൃഷ്ടിക്കുക. ദേഹക്ലേശം, കാര്യതടസ്സം, മാനസിക വൈഷമ്യങ്ങള്‍, അലച്ചില്‍, ഭയപ്പാടുകള്‍ എന്നിവ ഉണ്ടാവാം. ക്ഷോഭത്തെ നിയന്ത്രിക്കു വാനാവാതെ കുഴങ്ങുകയും ചെയ്യും.

മേടം, മകരം, ചിങ്ങക്കൂറിന് ചൊവ്വ ഗുണപ്രദൻ

3, 6, 11 എന്നീ ഭാവങ്ങളില്‍ (ചിലര്‍ പത്താമെടവും കുട്ടിച്ചേര്‍ക്കുന്നു) ചൊവ്വ ഗുണപ്രദനാണ്. ഇതനുസരിച്ചാണെങ്കില്‍ മേടക്കൂറുകാര്‍ക്കും (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം എന്നിവയില്‍ ജനിച്ചവര്‍ക്ക്), മകരക്കൂറുകാര്‍ക്കും (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ക്ക്), ചിങ്ങക്കൂറുകാര്‍ക്കും (മകം, പൂരം, ഉത്രം ഒന്നാം പാദം എന്നിവയില്‍ ജനിച്ചവര്‍ക്ക്) ചൊവ്വയുടെ മിഥുന രാശിസ്ഥിതി ഗുണകരമാണ്. ധനലാഭം, ശത്രുവിജയം, സഹോദരാനുകൂല്യം, ഭോഗസിദ്ധി, അധികാരപ്രാപ്തി, സാമൂഹികമായ അംഗീകാരം മുതലായവ പ്രതീക്ഷിക്കാം.

ഇടവക്കൂറുകാര്‍ വാക്കും നാക്കും സൂക്ഷിക്കണം

ഇടവക്കൂറുകാര്‍ (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1,2 പാദങ്ങള്‍ ) സ്വന്തം വാക്കിനെയും നാക്കിനെയും കടിഞ്ഞാണിടേണ്ടിയിരിക്കുന്നു. കുടുംബത്തില്‍ കലഹമുയരാം. ധനസ്ഥിതി കുറച്ചൊന്ന് ക്ഷീണിച്ചേക്കും. കാര്യതടസ്സവും വരാവുന്നതാണ്.

കന്നിക്കൂറുകാര്‍ക്ക് തൊഴില്‍ കലുഷമാവാം

കന്നിക്കൂറുകാര്‍ക്ക് ( ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍) തൊഴില്‍ രംഗം അല്പം കലുഷമാവാം. അധികാരികളുടെ അപ്രീതി ഒരു സാധ്യതയാണ്. രാഷ്ട്രീയ വിജയത്തിന് മങ്ങലുണ്ടായേക്കും.

തുലാക്കൂറിന് കാര്യവിഘ്‌നം

തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍) പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ ക്ലേശാനുഭവങ്ങള്‍ വരാം. ഉപാസനാഭംഗം, കാര്യവിഘ്‌നം, ഭാഗ്യഹാനി എന്നിവയും പറയാനാവും.

ധനുക്കൂറുകാര്‍ക്ക് ദാമ്പത്യപ്രശ്‌നങ്ങൾ

ധനുക്കൂറുകാര്‍ക്ക് (മൂലം , പൂരാടം, ഉത്രാടം ഒന്നാം പാദം) അധികവും ദാമ്പത്യപ്രശ്‌നങ്ങളെയാവും നേരിടേണ്ടിവരിക. ഗൃഹകലഹം, പങ്കുകച്ചവടത്തില്‍ ഛിദ്രാദികള്‍, യാത്രാ വൈഷമ്യം എന്നിവയും സാധ്യതകളാണ്.

കുംഭക്കൂറുകാര്‍ ദുര്‍വാശി കാട്ടും

കുംഭക്കൂറുകാര്‍ക്ക് (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 12,3 പാദങ്ങള്‍) ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയില്ല. പുനരാലോചനകളില്ലാത്ത കര്‍മ്മങ്ങള്‍ കുഴപ്പത്തില്‍ ചാടിക്കും. മക്കളുമായി കലഹിക്കും. ദുര്‍വാശി കാട്ടും.

മീനക്കൂറുകാര്‍ക്ക് അശാന്തി

മീനക്കൂറുകാര്‍ക്ക് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ദേഹസുഖക്കുറവ്, അപകടങ്ങള്‍, വീട്ടില്‍ അശാന്തി, മാതൃക്ലേശം എന്നിവ ഭവിക്കാം. വാഹനമോടിക്കുന്നവരും വൈദ്യുതി- അഗ്‌നി എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവരും ഏറ്റവും ജാഗ്രത പുലര്‍ത്തണം.

ചൊവ്വയെ പ്രീതിപ്പെടുത്തുക;
അനാവശ്യമായ ആശങ്ക വേണ്ട

ദോഷ പ്രായശ്ചിത്തമായി ചൊവ്വാഴ്ച സൂര്യോദയം മുതല്‍ ആദ്യ ഒരു മണിക്കൂര്‍ നേരം ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ചെയ്യാം. ചൊവ്വയ്ക്ക്/ സുബ്രഹ്മണ്യസ്വാമിക്ക്/ നരസിംഹമൂര്‍ത്തിക്ക് / ദുര്‍ഗയ്ക്ക് ചുവന്ന പട്ട് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഗുരുതി പൂജ, രക്തപുഷ്പാഞ്ജലി, കുങ്കുമാഭിഷേകം എന്നിവ യഥാശക്തി സമര്‍പ്പിക്കുക. ചൊവ്വാഴ്ചകളില്‍ പ്രാര്‍ത്ഥനക്കായി എത്ര സമയം മാറ്റിവെച്ചാലും ദോഷമില്ല. ഒപ്പം എല്ലാ ക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുകയും വേണം. സ്വന്തം ദശാപഹാരഫലങ്ങള്‍, മറ്റു ഗ്രഹങ്ങളുടെ ഗോചരഫലം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് ചൊവ്വയുടെ ഗോചരഫലം പ്രസക്തമാവുന്നത്. അതിനാല്‍ അനാവശ്യമായ ആശങ്കകള്‍ക്ക് കീഴ്‌പ്പെടരുത്. ഒരു നിയമമെന്ന നിലയ്ക്കും മുന്‍കരുതല്‍ നല്ലതാണല്ലോ എന്ന നിലയ്ക്കും മാത്രമാണ് ഇതെല്ലാം വ്യക്തമാക്കിയത്. ഈ ലേഖകന്റെ നവഗ്രഹ പുസ്തകങ്ങളില്‍ ഓരോ ഗ്രഹത്തെക്കുറിച്ചും വിശദമായ പഠനമുണ്ട്.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343

അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം

കൂടുതല്‍ വായിക്കാനും മറ്റു നാളുകളെക്കുറിച്ചറിയാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary: Mars Transit to Gemini:
Effects, Remedies by Jyothisha Bhooshanam S. Sreenivas Iyer

error: Content is protected !!
Exit mobile version