Sunday, 24 Nov 2024

ചോറ്റാനിക്കര മകം തൊഴൽ അഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, രോഗമുക്തി

തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി

സൗമ്യതയായ ദേവിയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ ഒരേസമയത്ത് വാഴുന്ന അമ്മയാണ് ചോറ്റാനിക്കര ഭഗവതി. ഉത്സവദിനങ്ങളിൽ അല്ലാതെ തന്നെ ദിനം തോറും ആയിരക്കണക്കിനു ഭക്തരാണ് ചോറ്റാനിക്കര അമ്മയുടെ അഭയം തേടിയെത്തുന്നത്. മഹാശക്തിയെ സൗമ്യരൂപിണിയായി ആദി പരാശക്തി സങ്കല്പത്തിൽ മേൽക്കാവിലമ്മയായി ആരാധിക്കുന്നു. ഉഗ്രരൂപിണിയായ ഭദ്രകാളിയെ കീഴ്ക്കാവിലാണ് ആരാധിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസം കുംഭമാസത്തിലെ മകം നക്ഷത്രമാണ്. അന്ന് ചോറ്റാനിക്കര ഭഗവതിയുടെ ദർശനം ലഭിച്ചാൽ സർവ്വാഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, സന്താനഭാഗ്യം, രോഗശമനം ഇതെല്ലാം ഉണ്ടാകുമെന്നാണ് അനുഭവ സാക്ഷ്യം. രോഹിണി നാളിൽ കൊടിയേറി ഏഴാം ദിവസമായ മകം നാളിൽ പ്രത്യേക വേഷഭൂഷാധികളോടെ അണിയിച്ചൊരുക്കുന്ന ദേവീദർശനം ഭക്തർക്ക് ലഭിക്കും. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് ചോറ്റാനിക്കര മകം .

മനോരോഗശാന്തിക്കും ബാധാദോഷനിവാരണത്തിനും ശത്രുദോഷനിവാരണത്തിനും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഇവിടെ ഭജനമിരുന്നാൽ ബാധാദോഷ ശാന്തി, മനോരോഗ ശാന്തി എന്നിവ സിദ്ധിക്കും. ശത്രുദോഷനിവാരണത്തിന് കീഴേക്കാവിൽ ഗുരുതിയുണ്ട്. നിത്യവും ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണിത്.

ലക്ഷ്മിനാരായണ സങ്കല്പം
പണ്ട് പണ്ട് കണ്ണപ്പൻ എന്ന വനവാസി ചോറ്റാനിക്കര ദേശത്ത് വസിച്ചിരുന്നു. ഭക്തോത്തമനായ അദ്ദേഹത്തിന്റെ മകൾക്ക് സാക്ഷാൽ ലക്ഷ്മി ഭഗവതി തന്നെ ഒരു പശുകുട്ടിയായി കഴിഞ്ഞു വെന്ന് ഐതിഹ്യം. കണ്ണപ്പന്റെ മകൾ അകാലചരമമടയുകയും തുടർന്ന് പശുകുട്ടിയുടെ രൂപത്തിലുള്ള ലക്ഷ്മി ഭഗവതി ശിലയായി മാറിയെന്നുമാണ് വിശ്വാസം. സമീപം കൃഷ്ണശിലയിൽ സാക്ഷാൽ മഹാവിഷ്ണുവും കുടിക്കൊണ്ടു. കണ്ണപ്പൻ ഈ ചൈതന്യങ്ങളെ പൂജിച്ച് അവസാനകാലം വരെ കഴിഞ്ഞു. പിന്നീട് വളരെക്കാലം ഈ ശിലകൾ കാടു പിടിച്ചു കിടന്നു. ഒരു സ്ത്രീ പുല്ലു ചെത്തുന്ന വേളയിൽ കത്തിക്ക് മൂർച്ച കൂട്ടുവാനായി ഈ ശിലയിൽ ഉരയ്ക്കുകയും തത്സമയം ശിലയിൽ നിന്നും രക്തം പ്രവഹിക്കുകയും ചെയ്തു. ഇത് ദേവിചൈതന്യമാണ് എന്ന് തിരിച്ചറിഞ്ഞ ഗ്രാമവാസികൾ എടാട്ടുമനയ്ക്കൽ നമ്പൂതിരിയെ അറിയിക്കുകയും അദ്ദേഹം വന്ന് ഒരു ചിരട്ടയിൽ മലർനിവേദ്യം സമർപ്പിക്കുകയും ചെയ്തു. പിന്നീട് ജ്യോതിഷതാന്ത്രിക പണ്ഡിതരുമായി ചിന്തിച്ച് ദേവപ്രശ്‌നചിന്തയിൽ ലക്ഷ്മിനാരായണ സങ്കല്പത്തിൽ പൂജിച്ച് തുടങ്ങി എന്നും വിശ്വസിക്കപ്പെടുന്നു. പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്‌നത്തിൽ ദുർഗ്ഗയായും രാത്രിയിൽ മഹാലക്ഷ്മിയായും ദേവിയെ സങ്കല്പിച്ചു വരുന്നു.

മൂകാംബിക തന്നെ ചോറ്റാനിക്കര ഭഗവതിയും

മൂകാംബികയിലെ കുടജാദ്രിയിൽ തപസ്‌ ചെയ്ത ശങ്കരാചാര്യർ സരസ്വതിദേവിയെ പ്രത്യക്ഷപ്പെടുത്തി. കേരളത്തിലേക്ക് ശങ്കരാചാര്യരോടൊപ്പം ദേവിയും വരാമെന്ന് സമ്മതിച്ചു. എന്നാൽ യാത്രാവേളയിൽ ഒരിക്കലും തിരിഞ്ഞുനോക്കരുത് എന്ന് ദേവി നിബ്‌നധന വച്ചു. അപ്രകാരം യാത്ര ചെയ്ത് ചോറ്റാനിക്കരയിൽ എത്തിയപ്പോൾ ദേവിക്ക് ആ പുണ്യപ്രദേശം വല്ലാതെ ഇഷ്ടമായി. ദേവി അവിടെ നിന്നു. പിന്നാലെ വന്നു കൊണ്ടിരുന്ന ദേവിയുടെ ചിലങ്കശബ്ദം കേൾക്കാതെ ശങ്കരാചാര്യൻ തിരിഞ്ഞു നോക്കി. അതോടെ വ്യവസ്ഥപ്രകാരം ദേവി ഇവിടെ തന്നെ വാസം ഉറപ്പിച്ചു. സാക്ഷാൽ മൂകാംബികയിലെ സരസ്വതി ദേവിയും ചോറ്റാനിക്കരയമ്മയിൽ ലയിച്ചു. ഇവിടെയുള്ള സ്വയം ഭൂ വിഗ്രഹത്തിൽ വൈഷ്ണവ ചൈതന്യവും ഉള്ളതിനാൽ ലക്ഷ്മീനാരായണനായും സങ്കല്പിക്കുന്നു. അതിനാലാണ് അമ്മേ നാരായണ ലക്ഷ്മീ നാരായണ എന്ന് ദേവിയെ സ്തുതിക്കുന്നത്. ലക്ഷ്മീനാരായണനായി ഭഗവതി അധിവസിക്കുന്നത് മേലേക്കാവിലാണ്; കിഴേക്കാവിൽ ഭദ്രകാളിയാണ്. കീഴേക്കാവിലമ്മയെ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാരത്രേ.

ചോറ്റാനിക്കരയിലെ പൂജകളിൽ ദേവിയെ സരസ്വതി ദേവിയായും സങ്കല്പിക്കുന്നുണ്ട്. രാവിലെ മൂകാംബികാ ഭഗവതി ശിവേലിവരെ സരസ്വതിയായി ഇവിടെ കുടിക്കൊള്ളുന്നു എന്ന സങ്കല്പത്തിലാണിത്. തുടർന്ന് ദേവീ ചൈതന്യം മൂകാംബികയിലേക്കു പോകുന്നു. തന്മൂലം ചോറ്റാനിക്കരയിലെ ദർശനം മൂകാംബികാ ദർശനം പോലെ പ്രധാനമായി കണക്കാക്കുന്നു. ഈ ക്ഷേത്ര സന്നിധിയിലെ എല്ലാ പൂജകർമ്മങ്ങളും ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയതാണെന്നാണ് വിശ്വാസം.

Story Summary: Chittanikkara Makam 2024 : Date, Significance and special rituals on Makam Thozhal ( worship on the Makam day)

Copyright 2024 Neramonline.com. All rights reserved


error: Content is protected !!
Exit mobile version