Monday, 8 Jul 2024

ഛായാസമർപ്പണം ഏഴുദിവസം നടത്തിയാൽ ദുരിതനിവൃത്തിയും രോഗമുക്തിയും ഫലം

നാരായണൻപോറ്റി
ഞാൻ തിങ്കളാഴ്ച തോറും മുടങ്ങാതെ ശിവങ്കൽ ധാര നടത്തുന്നു, ഒരു പ്രയോജനവുമില്ല. ശനിയാഴ്ചകളിൽ ധർമ്മശാസ്താവിന് നീരാജനം തെളിക്കുന്നു, ദുരിത ദുഃഖങ്ങൾക്ക് ഒരു കുറവുമില്ല. ജന്മനക്ഷത്ര ദിനങ്ങളിൽ മറക്കാതെ ഗണപതി ഹോമം നടത്തുന്നു. എന്നിട്ടും തടസങ്ങൾ ഒഴിയുന്നില്ല. ഇങ്ങനെ പരിതാപിക്കുന്ന ആളുകളുടെ എണ്ണത്തിന് ഒരു കുറവുമില്ല. പണം മുടക്കി വഴിപാട് നടത്തിയാൽ എന്ത് പ്രശ്നവും പരിഹരിക്കാൻ എന്ന തെറ്റിദ്ധാരണയിൽ ജീവിക്കുന്നവരാണിവർ എന്ന് പറയാതെ നിവർത്തിയില്ല. ഈ ചിന്ത മാറ്റണം. പണം കൊണ്ടു മാത്രം നടത്തുന്ന പരിഹാരങ്ങൾക്ക് പരിമിതി ധാരാളമുണ്ട് എന്ന് നാം തിരിച്ചറിയണം. ഇത്തരം പരിഹാരപൂജകളുടെ കൂടെ ഭക്തി വിശ്വാസപൂർവം ആ ദേവതയുടെ മന്ത്രങ്ങളും സ്തോത്രങ്ങളും കൂടി നിത്യവും ജപിച്ചു നോക്കൂ, പ്രാർത്ഥനകൾക്ക് പതിന്മടങ്ങ് ഫലം ലഭിക്കും. പ്രാരാബ്ധങ്ങൾ ബുദ്ധിമുട്ടിക്കുമ്പോൾ അതിൽ നിന്നും മോചനം നേടാൻ ഭക്തർക്ക് അനുഷ്ഠിക്കാവുന്ന ചില പ്രത്യേക കർമ്മങ്ങളുണ്ട്. ഛായാസമർപ്പണം എന്ന അനുഷ്ഠാനം അതിലൊന്നാണ്. കിഴിപ്പണ സമർപ്പണം, പൂമാല സമർപ്പണം, ഇലക്കുമ്പിൾ നിറയെ പൂക്കൾ സമർപ്പണം എന്നിയാണ് മറ്റ് പ്രധാന അനുഷ്ഠാനങ്ങൾ :
ഛായാസമർപ്പണം
ദേവിക്ക് അഭിഷേകത്തിന് നല്ലെണ്ണ സമർപ്പിക്കുന്ന പ്രത്യേക ആചാരമാണ് ഛായാസമർപ്പണം. പരന്ന ഒരു തളികയിൽ നല്ലെണ്ണ ഒഴിച്ചശേഷം ആ എണ്ണയിലേക്ക് സ്വയം നോക്കണം. നമ്മുടെ പ്രതിബിംബം അതിൽ കാണാൻ കഴിയും. നമ്മുടെ മുഖം പ്രതിബിംബിച്ച ഈ നല്ലെണ്ണ ക്ഷേത്രത്തിൽ അഭിഷേകത്തിനായി നൽകുക. നമ്മുടെ ദുരിതങ്ങളെല്ലാം ഭഗവാനിൽ സമർപ്പിക്കുന്ന പ്രതീകാത്മകമായ വഴിപാടാണ് ഛായാസമർപ്പണം. ഇഷ്ടദേവങ്കൽ (ദേവി) ഇപ്രകാരം ഛായാസമർപ്പണം ഏഴുദിവസം നടത്തിയാൽ ദുരിതനിവൃത്തിയും രോഗ മുക്തിയും ഫലം.

കിഴിപ്പണം സമർപ്പണം
നാണയത്തുട്ട് തലയ്ക്കുഴിഞ്ഞ് ചെറിയൊരു കിഴികെട്ടി ക്ഷേത്ര നടയ്ക്കൽ സമർപ്പിക്കുക. ധനപ്രാപ്തിക്കും ജോലി ലഭിക്കാനും കിഴിപ്പണം സമർപ്പിക്കുന്നത് ഉചിതമാണ്. വ്യവസായികൾക്ക് കിഴിപ്പണസമർപ്പണം വിജയകാരണമായി കരുതപ്പെടുന്നു. അന്നന്നത്തെ വരവിൽനിന്നും ഒരു നാണയത്തുട്ട് തലയ്ക്കുഴിഞ്ഞു മാറ്റിവയ്ക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ തുക കിഴികെട്ടി ഇഷ്ടദേവന്റെ നടയ്ക്കൽ വയ്ക്കുക. ഒന്നിലധികം ദേവതകളെ ആരാധിക്കുന്നവർ ഓരോ മൂർത്തിക്കും പ്രത്യേകം പ്രത്യേകം കിഴികെട്ടി സൂക്ഷിച്ച് വച്ച് സമർപ്പിക്കുക. തൊഴിൽ സംബന്ധമായ ആഭിചാര ദോഷങ്ങളും ശത്രുബാധകളും ഇതിലൂടെ മാറിക്കിട്ടും എന്നാണ് വിശ്വാസം.

പൂമാല സമർപ്പണം
സകല ദുരിതനിവൃത്തിക്കും ഉത്തമമായ മാർഗ്ഗമാണ് പലതരം പൂക്കൾ ചേർത്ത പൂമാല സമർപ്പിക്കുക. ഓരോ ദേവതകൾക്കും പ്രത്യേകം പ്രത്യേകം പുഷ്പങ്ങളുണ്ട്. അപ്രകാരം ഇഷ്ട പുഷ്പങ്ങൾ കൊണ്ട് മാലകെട്ടിയും ചാർത്താവുന്നതാണ്. എന്നാൽ പലതരം പൂക്കൾ ചേർത്ത് കെട്ടിയുണ്ടാക്കുന്ന മാല സമർപ്പിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് വളരെ ഉത്തമമാണ്. ഇപ്രകാരം മാലകെട്ടുമ്പോൾ, അതാത് ദേവതയ്ക്ക് പ്രിയമുള്ള പൂക്കൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പന്ത്രണ്ടുദിവസം ചെത്തിമാല ദേവിക്ക് സമർപ്പിക്കുക, തുളസിമാല ഏഴുദിവസം വിഷ്ണുവിന് സമർപ്പിക്കുക, എരുക്കിൻപൂ കൊണ്ടുള്ള മാല ശിവന് സമർപ്പിക്കുക എന്നിവ അഭീഷ്ടസിദ്ധിക്ക് ഉത്തമമാണ് എന്ന് വിശ്വസിച്ചു പോരുന്നു. പിച്ചി, മുല്ല ചേർത്ത മാല യക്ഷിയമ്മയ്ക്ക് സമർപ്പിച്ചാൽ സ്ത്രീകൾക്ക് ഐശ്വര്യവും സമ്പത്തും ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കുമ്പിളിൽ പൂ സമർപ്പണം
ഇലക്കുമ്പിൾ നിറയെ പൂക്കൾ സമർപ്പിക്കുന്നത് മറ്റൊരു ദുരിതനിവൃത്തിയാണ്. ഒരു ഇലക്കുമ്പിൾ പൂവുമായി ക്ഷേത്രത്തിലെത്തി ശ്രീകോവിലിന് ഒരു വലം പ്രദക്ഷിണം വച്ചശേഷം ഈ കുമ്പിൾ പൂക്കൾ ദേവതയുടെ ഇടത്തായി പടിയിൽ, അല്ലെങ്കിൽ ക്ഷേത്രാചാരപ്രകാരം സമർപ്പിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഇലക്കുമ്പിൾ സമർപ്പണം മറ്റ് പരിഹാരപൂജയെക്കാളെല്ലാം ഉത്തമമാണ് എന്ന് വിശ്വസിക്കുന്നു.

ജന്മനക്ഷത്ര ആരാധന
മാസംതോറും വരുന്ന ജന്മനാളിന് പക്കപ്പിറന്നാൾ എന്ന് പറയും ക്ഷേത്രത്തിൽ അഭിഷേകത്തിന് കരിക്കു നൽകുന്നതും അന്ന് നിർമ്മാല്യം, അഭിഷേകം എന്നിവ തൊഴുന്നതും ഗണപതിഹോമം നടത്തുന്നതും വളരെ
ശ്രേയസ്കരമാണ്. ഇപ്രകാരം മുടങ്ങാതെ ഒരു വർഷം ആചരിച്ചാൽ സകല ആഗ്രഹങ്ങളും സഫലമാകും എന്ന് വിശ്വസിക്കുന്നു. ഈ പറഞ്ഞ വഴിപാടുകൾ കർമ്മദോഷം, ജന്മദോഷം, ജാതകദോഷം തുടങ്ങി ഏത് ദുരിതത്തെയും ലഘൂകരിക്കാൻ ഏറ്റവും ഉചിതമാണ്.

Story Summary: Special rituals for removing sufferings, agonies and illness

error: Content is protected !!
Exit mobile version