Friday, 5 Jul 2024

ജന്മാഷ്ടമിക്ക് ക്ഷേത്രത്തിൽ പ്രധാനം തൃക്കൈവെണ്ണയും പാൽപായസവും

തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി

ക്ഷിപ്രപ്രസാദിയായ ശ്രീകൃഷ്ണഭഗവാന്റെ തിരു അവതാരദിനമാണ് അഷ്ടമിരോഹിണി. അതികഠിനമായ ചിട്ടകൾ കൂടാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം, അനുഗ്രഹം നേടാം ധർമ്മസംരക്ഷകനായ, ഭക്തരുടെ അഭീഷ്ടങ്ങൾ സാധിച്ചു തരുന്ന ശ്രീകൃഷ്ണനെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമായ ജന്മാഷ്ടമി ഇത്തവണ 2021 ആഗസ്റ്റ് 30 തിങ്കളാഴ്ചയാണ്. എല്ലാ ജീവിതദുരിതങ്ങളും ശ്രീകൃഷ്ണ പ്രാർത്ഥനയിലൂടെ തുടച്ചുമാറ്റപ്പെടും. നിഷ്ഠകൾ പാലിച്ച് കൃഷ്ണാഷ്ടമി ദിവസം വ്രതമെടുത്ത് മന്ത്രങ്ങൾ ജപിച്ചും വഴിപാട് നടത്തിയും ആരാധിക്കണം. അഷ്ടമിരോഹിണിയുടെ തലേന്ന് വ്രതം തുടങ്ങണം. മത്സ്യമാംസാദി ത്യജിച്ച് ലഘുഭക്ഷണം കഴിക്കണം. ബ്രഹ്മചര്യം പാലിക്കണം. അഷ്ടമിരോഹിണി ദിവസവും പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ നിന്ന് തീർത്ഥം സേവിക്കും വരെയും വ്രതം തുടരണം. ശ്രീകൃഷ്ണക്ഷേത്രത്തിലോ സാധിക്കുന്നില്ലെങ്കിൽ വിഷ്ണുക്ഷേത്രത്തിലോ ദർശനം നടത്തണം. ശ്രീകൃഷ്ണ വിഷ്ണുമന്ത്രങ്ങൾ, സ്തോത്രങ്ങൾ, വിഷ്ണു സഹസ്രനാമം എന്നിവ ജപിക്കണം. എത്ര കൂടുതൽ ജപിക്കാമോ അത്രയും നല്ലത്. അഷ്ടമിരോഹിണിയുടെ പിറ്റേന്ന് പ്രാർത്ഥിച്ച് വ്രതം അവസാനിപ്പിക്കാം.

തൃക്കൈവെണ്ണ, പാൽപ്പായസം, എള്ളുണ്ട, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, ലഡു എന്നിവയാണ് ശ്രീകൃഷ്ണ ഭഗവാന്റെ പ്രധാന നിവേദ്യങ്ങൾ. ഇവ ജന്മാഷ്ടമി ദിവസം ക്ഷേത്രത്തിൽ നേദിക്കുന്നത് അതിവിശേഷം. പാൽ, കരിക്ക്, പനിനീര്, അഷ്ടഗന്ധജലം, തുളസിജലം എന്നിവകൊണ്ടുള്ള അഭിഷേകം ഭഗവാന് വളരെ പ്രിയങ്കരമാണ്. ഇഷ്ടസിദ്ധിക്കാണ് ഇവ അഭിഷേകം ചെയ്യുന്നത്. തുളസിമാല, താമരമാല, വെണ്ണനിവേദ്യം, നെയ്‌വിളക്ക്, പഞ്ചസാര നിവേദ്യം, പാൽപ്പായസം നിവേദ്യം, മഞ്ഞപ്പട്ട് ചാർത്തുക തുടങ്ങിയവയാണ് കൃഷ്ണപ്രീതിക്കുള്ള പ്രധാന വഴിപാടുകൾ. ബുധൻ, വ്യാഴം ദിനങ്ങളും അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ശ്രീകൃഷ്ണാരാധനയ്ക്ക് ഉത്തമമാണ്. ശ്രീകൃഷ്ണസ്വാമിയുടെ അഷ്ടോത്തര മന്ത്രങ്ങൾ അത്ഭുതസിദ്ധിയുള്ളതാണ്. ദാരിദ്ര്യം നീങ്ങുന്നതിനും സാമ്പത്തിക ലാഭത്തിനും ഐശ്വര്യത്തിനും ഭാഗ്യത്തിനും അഷ്ടോത്തര മന്ത്ര ജപം വളരെ ഗുണകരമാണ്. എല്ലാ ദിവസവും ഇത് ജപിക്കാം. യാതൊരു വ്രതചര്യകളും അഷ്ടോത്തര ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിക്കുക.

അഷ്ടമി രോഹിണി നാളിൽ തുളസി പ്രദക്ഷിണവും അരയാൽ പ്രദക്ഷിണവും നടത്തുന്നത് നല്ലതാണ്. രാവിലെ കുളിച്ച് അരയാലിന് പ്രദക്ഷിണം ചെയ്യുന്നത് പാപശാന്തിക്ക് ഫലപ്രദമാണ്. തുളസിക്ക് 21 പ്രദക്ഷിണമാണ് വേണ്ടത്. ഇത് അഷ്ടമിരോഹിണി ദിവസം തുടങ്ങി 21,12,7 ദിവസം ചെയ്യുക. ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം. പൂർവ്വജന്മദോഷം പോലും നീങ്ങും.

ക്ഷേത്രത്തിൽ അർച്ചനകൾ നടത്തുന്നതിന് അഷ്ടമിരോഹിണി ദിവസം നല്ലതാണ്. ഒരോ
മന്ത്രം കൊണ്ടുള്ള അർച്ചനയ്ക്കും ഒരോ ഫലമാണ്. സന്താനഗോപാലമന്ത്രത്താലുള്ള അർച്ചനയുടെ ഫലം സന്താനലബ്ധിയാണ്. വിദ്യാരാജഗോപാല മന്ത്രാർച്ചന വിദ്യാഭ്യാസ വിജയത്തിനും ഗോപീജനവല്ലഭാവ സ്വാഹ എന്ന ദശാക്ഷരീ ശ്രീകൃഷ്ണമന്ത്രം വശ്യശക്തിക്കും ദ്വാദശാക്ഷര അർച്ചന പാപശാന്തിക്കും അഷ്ടാക്ഷര മന്ത്രത്താലുള്ള അർച്ചന ഐശ്വര്യത്തിനും ഓം ക്ലീം ഗോപീജന പ്രിയായ ക്ലീം നമ: എന്ന മന്ത്രത്താലുള്ള അർച്ചന കലാമികവിനും ഓം ക്ലീം ഗോപീജനപ്രിയായ ക്ലീം നമ: മന്ത്രത്താലുള്ള അർച്ചന മുൻജന്മദോഷ ശാന്തിക്കും ഓം ശ്രീം ഗോവിന്ദനായ നമ: അർച്ചന ഉദ്യോഗവിജയത്തിനും ഭാഗ്യസൂക്ത അർച്ചന ഭാഗ്യം തെളിയാനും ഓം ശ്രീം നമോ നാരായണാ ലക്ഷ്മീകടാക്ഷത്തിനും ഐക്യമത്യസൂക്തം കലഹം മാറാനും ഉത്തമമാണ്.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91-944 702 0655

error: Content is protected !!
Exit mobile version