Friday, 22 Nov 2024

ജീവിതം ഏറെ ധന്യമെന്ന് തോന്നിയ നിമിഷങ്ങൾ

പൂച്ചപ്പഴമന്വേഷിച്ച് ഒരാൾ ഏറെ അലഞ്ഞ് ഒടുവിൽ എന്റെ വീട്ടിലെത്തി. വർഷങ്ങളായി വൃക്കരോഗം കൊണ്ട് ഹതാശനായ അയാൾ ദീർഘവും വിഫലവുമായ ചികിത്സകൾക്കൊടുവിൽ ഇംഗ്ലീഷ് മരുന്നുകളോടു  വിട പറഞ്ഞു. മരുന്നുകളെ തോൽപ്പിച്ച് കൂടിക്കൂടി വരുന്ന ക്രിയാറ്റിൻ ലെവൽ  അയാളുടെ പ്രതീക്ഷകളിൽ കരിനിഴൽ പരത്തിക്കൊണ്ടേയിരുന്നു.മരണവുമായി മുഖാമുഖം നിൽക്കുമ്പോഴാണ് ഒരു ആയുർവേദ ഭിഷഗ്വരൻ പൂച്ചപ്പഴത്തിന്റെ സവിശേഷസിദ്ധിയെക്കുറിച്ച് അയാൾക്ക് സൂചന നൽകിയത്. അദ്ദേഹത്തിന്റെ വീട്ടിലെ പൂച്ചപ്പഴത്തിന്റെ ചെറിയ ചെടിയിലുണ്ടായിരുന്ന ഏതാനും ഫലങ്ങൾ സൗജന്യമായി നൽകുകയും ചെയ്തു. ഫ്രിഡ്ജിൽ വച്ചിരുന്ന നെല്ലിക്കയുടെ കുരുവിന്റെ വലിപ്പമുള്ള പഴങ്ങൾ ദിവസം ഒന്നു വീതം ഒരാഴ്ച കഴിച്ച ശേഷം ക്രിയാറ്റിൻ പരിശോധിച്ചപ്പോൾ സന്തോഷം കൊണ്ട് അയാളുടെ കണ്ണുനിറഞ്ഞു.ക്രിയാറ്റിന്റെ അളവ് വളരെയധികം കുറഞ്ഞിരിക്കുന്നു. പുനർജ്ജന്മത്തിനു കൊതിച്ച്അന്നു മുതൽ പൂച്ചപ്പഴമന്വേഷിച്ച് അയാൾ നാടായ നാടുകളെല്ലാം അലയുകയായിരുന്നു.

ഒടുവിൽ ആ യാത്ര ക്ലാപ്പനയിൽ പര്യവസാനിച്ചു.
പഴുത്ത പൂച്ചപ്പഴങ്ങൾ ആവോളം കവറിലാക്കി എന്റെ വീട്ടിൽ നിന്നും അദ്ദേഹം മടങ്ങുമ്പോൾ ആ കണ്ണുകളിൽ കണ്ട പ്രത്യാശയുടെ തിളക്കം എന്റെ നെഞ്ചിലാകെ നിറഞ്ഞു.ഒരു നിമിഷം…എന്റെ കണ്ണുകളിൽ നനവു പടർന്നു.

1998 ൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന്  മൂട്ടി, കൊരണ്ടി, കാഞ്ചി എന്നിവയ്‌ക്കൊപ്പമാണ് പൂച്ചപ്പഴവും ഇവിടെയെത്തിയത്.നാടൻ ഫലവൃക്ഷങ്ങളോടുള്ള പ്രതിപത്തി ഒന്നു മാത്രമാണ് ഇവരെ സ്വന്തമാക്കിയതിനുള്ള പ്രേരണ.അവയുടെ ഔഷധ ഗുണങ്ങളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങൾ പുതിയ കണ്ടെത്തലുകളിലെത്തിയപ്പോൾ എനിക്ക് തോന്നിയ കേവല കൗതുകം സാർത്ഥകമായ ചാരിതാർത്ഥ്യമായി മാറിയതിൽ വാചാമഗോചരമായ സന്തോഷമുണ്ട്.
മിർട്ടേസിയ സസ്യകുടുംബത്തിലെ syzygium zeylanicum വെറും പൂച്ചപ്പഴമല്ല കേട്ടോ…..

ഡോ.പത്മകുമാർ, ക്ലാപ്പന,

Mobile#: +91 9496329929

(വെൽനസ്സ് പംക്തിയിലേക്ക്  നിങ്ങൾക്കും അനുഭവങ്ങൾ എഴുതി അയയ്ക്കാം: contact@neramonline.com)

error: Content is protected !!
Exit mobile version