Monday, 11 Nov 2024

ജീവിതാഭിലാഷങ്ങളെല്ലാം സാധിച്ചു തരുന്ന ഋഷഭ വ്രതം ബുധനാഴ്ച

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവവാഹനമായ നന്ദീശ്വരന് സമർപ്പിക്കുന്ന പൂജയും അനുഷ്ഠാനവുമായ ഋഷഭ വ്രതം ശിവ പാർവതി പ്രീതി നേടാൻ അത്യുത്തമമാണ്. ഹിന്ദുക്കളുടെ എട്ടു പുണ്യ ദിനങ്ങളിൽ ഒന്നായ ഈ വ്രതം ഇടവമാസത്തിലെ ശുക്ലപക്ഷ അഷ്ടമിയിലാണ് ആചരിക്കുന്നത്. സൂര്യൻ ഇടവം രാശിയിൽ എത്തുന്ന ശുക്ലപക്ഷ അഷ്ടമി തിഥി ദിവസം ഋഷഭ വ്രതം ആചരിക്കണമെന്നാണ് വിധി. ശിവഭഗവാന്റെ വാഹനമായ നന്ദിയെ പൂജിക്കുന്ന ഈ വ്രതം വിഷ്ണുഭക്തരും സമുചിതമായി ആചരിക്കുന്നു. ഋഷഭ സംക്രാന്തി, ഋഷഭ സംക്രമണം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ദിവസം അന്നദാനം നടത്തുകയും സാധുക്കളെ സഹായിക്കുകയും ചെയ്താൽ ശിവപാർവതി പ്രീതിയിലൂടെ ജീവിതാഭിലാഷങ്ങളെല്ലാം തീർച്ചയായും ലഭിക്കും. 2022 ജൂൺ 8 ബുധനാഴ്ചയാണ് ഋഷഭ വ്രതം അനുഷ്ഠിക്കേണ്ടത്.

തലേന്ന് ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. ഋഷഭ വ്രത നാളിൽ അതിരാവിലെ ഉണർന്ന് കുളിച്ച് ശുദ്ധമായി നന്ദീശ്വരന്റെ മുകളിൽ സഞ്ചരിക്കുന്ന ശിവപാർവതിമാരെ
സങ്കല്പിച്ച് പ്രാർത്ഥിക്കണം. വ്രതദിവസം ശിവ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കണം; യഥാശക്തി വഴിപാട് നടത്തണം. ജലധാര, കുവളദളാർച്ചന നടത്തുന്നതും കടുംപായസം നേദിച്ച് പ്രസാദം സേവിക്കുന്നതും ഉത്തമം. ഓം നമഃ ശിവായ മന്ത്രം കഴിയുന്നത്ര ജപിക്കണം. ശിവ അഷ്ടോത്തരം, ശിവപഞ്ചാക്ഷരസ്തോത്രം, ശിവാഷ്ടകം,ബില്വാഷ്ടകം, ശിവസഹസ്രനാമം, മറ്റ് ശിവസ്തുതികൾ ശിവപുരാണം ഇവ ഭക്തിപൂർവം പാരായണം ചെയ്യുക. സൂര്യോദയത്തിനു മുൻപ് കുളിച്ച് നിലവിളക്ക് തെളിച്ച് ഗായത്രി മന്ത്രം, ശിവഗായത്രി ജപിക്കുന്നത് നല്ലതാണ്.

ആയുരാരോഗ്യ സൗഖ്യം, ദീർഘായുസ്, ധനം, വിജ്ഞാനം, വിവേകം, പാപമോചനം എന്നിവയെല്ലാമാണ് ഋഷഭ വ്രത ഫലങ്ങൾ. ഈ ദിവസം പിതൃതർപ്പണത്തിനും നല്ലതാണ്. ഈ വ്രതം നോറ്റ് ശിവനെ പ്രീതിപ്പെടുത്തിയാണ് വിഷ്ണു ഭഗവാൻ ഗരുഡനെ നേടിയത്. കുബേരന് പുഷ്പക വിമാനവും ഇന്ദ്രന് ഐരാവതത്തെയും സൂര്യ രഥത്തിന്
ഏഴ് കുതിരകളെയും ലഭിച്ചത് ഋഷഭ വ്രതം നോറ്റാണത്രേ. പണ്ടുകാലത്ത് മഹാരാജാക്കന്മാരും ചക്രവർത്തികളും സ്വന്തം രാജ്യത്തിന്റെ സൗഭാഗ്യവർദ്ധനവിന് ഈ വ്രതം അനുഷ്ഠിച്ചിരുന്നു. ജീവിത ദുരിതങ്ങൾ തരണം ചെയ്ത് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും നേടാൻ ഈ വ്രതാനുഷ്ഠാനം എന്തുകൊണ്ടും ഉത്തമമാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Significance and Benefits of Rishabha Vritham

error: Content is protected !!
Exit mobile version