ജീവിത സൗഭാഗ്യം നേടാൻ ആർക്കും
ജപിക്കാവുന്ന 9 സ്തുതികൾ
പള്ളിക്കൽ സുനിൽ
മാതൃകാ പുരുഷോത്തമനായ ശ്രീരാമനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമായ രാമായണം, അനുദിനം ജീവിതമൂല്യങ്ങൾക്ക് വിലയിടിയുന്ന ഈ കാലത്തിന്
നൽകുന്നത് മഹത്തായ സന്ദേശങ്ങളാണ്. ബന്ധങ്ങളുടെ പ്രാധാന്യം, രാജനീതി, ധർമ്മസംരക്ഷണം എന്നിവയെല്ലാം രാമായണത്തിലുണ്ട്. ഈ ഇതിഹാസത്തിന്റെ
വിവിധ ഭാഗങ്ങളിൽ സ്തുതികളും സ്തോത്രങ്ങളും അടങ്ങിയിരിക്കുന്നതിനാൽ രാമായണം ഒരു മഹാമന്ത്രം തന്നെയാണ്. അതിനാൽ ആശയ പ്രാധാന്യം മാത്രമല്ല മന്ത്രസാന്നിദ്ധ്യം കൊണ്ടും രാമായണം മഹത്തരമാണ്.
ഇവിടെ രാമായണത്തിലെ 9 സ്തുതികളെപ്പറ്റിയാണ് പറയുന്നത്. കർക്കടകമാസത്തിൽ ഇവയെ സ്തുതിച്ചു പാടിയാൽ സങ്കടങ്ങൾ അകന്ന് സന്തോഷം ലഭിക്കും. ഈ സ്തുതികൾ ഓരോന്നും ദേവശരീരത്തിലെ ഒമ്പത് അവയവങ്ങളാണ്. രണ്ട് പാദങ്ങൾ, രണ്ട് കൈകൾ, രണ്ട് ചെവികൾ, മൂക്ക് ഒന്നേ ഉള്ളൂ എങ്കിലും രണ്ട് ദ്വാരങ്ങൾ. ഒരു വായ് അങ്ങനെ ഒമ്പത് അവയവങ്ങൾ. ഇവ ഒരോന്നും പാരായണം ചെയ്യുന്നത് ഒരോ കാര്യസിദ്ധിക്ക്
ഉത്തമമാണ് :
സന്താനഭാഗ്യത്തിന് കൗസല്യാ സ്തുതി
ശ്രീരാമന്റെ അവതാര വേളയിൽ വിശ്വരൂപം കണ്ട് അമ്മ നടത്തിയ സ്തുതിയാണ് ബാലകാണ്ഡത്തിലെ കൗസല്യാ സ്തുതി. ”നമസ്‌തേ ദേവ ദേവ! ശംഖചക്രാബ്ജധര എന്നു ആരംഭിച്ച് പുത്രവാത്സല്യ അവ്യാജമായോരു പരിചരണത്താലേ കടക്കേണം ദു:ഖസംസാരാർണ്ണവം” വരെ മൊത്തം 44 വരികൾ. ഇത് വായിച്ചാൽ സന്താനഭാഗ്യം പ്രത്യേകിച്ച് ആൺകുട്ടി ജനിക്കുമത്രേ.
ദാരിദ്ര്യദു:ഖ മോചനത്തിന് അഹല്യാ സ്തുതി
ഞാനഹോ കൃതാർത്ഥയായേൻ എന്നു തുടങ്ങി പുരുഷോത്തമം കൂപ്പി സ്തുതിച്ചാൾ ഭക്തിയോടെ 112 വരെ വരികളാണ് അഹല്യാ സ്തുതി. ഇത് ദിവസവും വായിക്കുന്നവർക്ക് തലമുറകളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും ദു:ഖത്തിൽ നിന്നും ശാശ്വത മുക്തി ലഭിക്കും. ആ കുലത്തെ ഒരിക്കലും ദാരിദ്ര്യദു:ഖം
ബാധിക്കില്ല.
ആഗ്രഹ സാഫല്യം തരും പരശുരാമസ്തുതി
ശ്രീരാമവചനം കേട്ടനേരം ഭാർഗ്ഗവനും ആരൂഢാനന്ദമതിനുത്തരം അരുൾ ചെയ്തു എന്നു തുടങ്ങി സ്വർഗതിക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യമൊക്കെ നിൻ ബാണത്തിന് ലക്ഷ്യമായ് ഭവിക്കണം വരെ 89 വരികളാണ് പരശുരാമസ്തുതി. എന്താണോ ആഗ്രഹിക്കുന്നത് അത് ശ്രീരാമചന്ദ്രൻ നൽകും എന്നതാണ് ഇതിന്റെ ഫലശ്രുതി. ആരോട് ചോദിച്ചാലും കിട്ടാത്തതും സ്‌നേഹം കൊണ്ടോ ബന്ധുത്വം കൊണ്ടോ ആർക്കും തരാൻ പറ്റാത്തതുമായ കാര്യം സങ്കല്പിച്ച് വേണം പരശുരാമസ്തുതി വായിക്കാൻ. ‘നിന്തിരുവടി ഉള്ളിൽ എന്തോന്നു ചിന്തിച്ചത് എന്നാൽ അവയെല്ലാം തന്നേൻ’ എന്ന് പരശുരാമനോട് ശ്രീരാമൻ പറയുന്നത് ഭക്തർക്കും ലഭിക്കുമെന്നാണ് ആചാര്യമതം.
ഈശ്വരാധീനത്തിന് സുതീഷ്ണസ്തുതി
ശ്രീരാമഭഗവാനെ കണ്ടുകൊണ്ട് രോമാഞ്ചമണിഞ്ഞ് കണ്ണുനീരോടെ സുതീഷ്ണമുനി സ്തുതിക്കുന്നത് 51 വരികൾ ആണ്. ”നിന്തിരുവടിയുടെ നാമമന്ത്രത്തെ ത്തന്നെ എന്നുതുടങ്ങി മറ്റൊരുവരം അപേക്ഷിക്കുന്നില്ല ഞാൻ” എന്ന ഭാഗം വരെ വായിച്ചാൽ ഈശ്വരാധീനം എപ്പോഴും അനുഭവിക്കാൻ കാരണമാകും.
മന:ശുദ്ധിക്ക് ജഡായു സ്തുതി
ആരണ്യകാണ്ഡത്തിലെ ജഡായു സ്തുതി 44 വരികളാണ്. അഗണ്യഗുണമാദ്യമവ്യയമപ്രമേയമഖില ജഗത് സൃഷ്ടി സ്ഥിതി സംഹാരമൂലം എന്നു തുടങ്ങി നിർമ്മലം ധർമ്മ കർമ്മാധാരമപ്യനാധാരം നിർമ്മമമാരമാരാമം പ്രണതോ സ്മ്യഹം രാമം എന്ന് വരെയുള്ള ഈ സ്തുതി രാമായണ മാസത്തിൽ മാത്രമല്ല ദിവസവും വായിക്കാം. ഭക്തർക്ക് ഭഗവാൻ ശ്രീരാമചന്ദ്രൻ ജഡായുവിനോട് അരുളിയ അനുഗ്രഹം ലഭിക്കും. ഈ സ്‌തോത്രം പാരായണം ചെയ്താൽ മന:ശുദ്ധി ലഭിക്കും. നിർമ്മല രാമനാമം ചൊല്ലുന്ന ജനം പോലെ വിഷ്ണു പദവും പ്രാപിക്കും.
ദു:ഖമോചനത്തിന് സ്വയംപ്രഭാ സ്തുതി
ദാസീ തവാഹം രഘുപതേ രാജേന്ദ്രാ എന്നു തുടങ്ങി രാമായ രാമഭദ്രായ നമോ നമോ രാമചന്ദ്രായ നമസ്‌തേ നമോ നമ എന്ന വരികൾ വരെയാണ് സ്വയംപ്രഭാ സ്തുതി. 86 വരികൾ ആണിത്. ഇത് വായിക്കുന്ന ഒരാളിന് ഭക്തിയോഗം തനിയേ ലഭിക്കും. സ്തുതിയിൽ സന്തുഷ്ടനായ ഭഗവാൻ ശ്രീരാമചന്ദ്രൻ മനസിലെ ആഗ്രഹം പറയൂ നൽകാം എന്നു പറയുമ്പോൾ അങ്ങയുടെ പാദ ഭക്തിക്ക് ഇളക്കമുണ്ടാകാതിരിക്കണം എന്നും അങ്ങയുടെ പാദഭക്തരുമായുള്ള സംഗമം എപ്പോഴും ഉണ്ടാകണമെന്നുമാണ് സ്വയംപ്രഭ ഭഗവാനോട് അപേക്ഷിക്കുന്നത്. ബദര്യാശ്രമത്തിൽ പോയി എന്നെ ധ്യാനിച്ച് ജനന മരണ ദു:ഖങ്ങളില്ലാതെ ജീവിക്കുവാനാണ് ഭഗവാൻ സ്വയം പ്രഭയെ അനുഗ്രഹിക്കുന്നത്. ഇത് നമുക്ക് ഭഗവാനിൽ നിന്ന് ലഭിക്കേണ്ടുന്ന വരമാണ്. ബാലമരണത്തിൽ അകപ്പെടാതെ, വൈധവ്യദു:ഖം സ്ത്രീകൾക്കു വരാതെ, ഭാര്യാവിയോഗം പുരുഷന്മാർക്കു വരാതെ, അകാല ദുരന്തങ്ങൾ കുടുംബത്തെ ബാധിക്കാതെ ദുരിത ദു:ഖങ്ങൾ അനുഭവിക്കാൻ ഇടയാകാതെ ജീവിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിന് ഈശ്വരകൃപ മാത്രമാണ് വേണ്ടത്. അതിലൂടെ കുടുംബജീവിതം ധന്യമാക്കാമെന്ന് ലോകത്തിന് .കാട്ടിക്കൊടുത്ത മഹാത്മാവാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ.
മുക്തി ലഭിക്കാൻ വിഭീഷണസ്തുതി
ശ്രീരാമ സീതാ മനോഹര രാഘവാ എന്നു തുടങ്ങി പാദാംബുജം നമസ്‌തേ ഭവ സാഗര ഭീതനാമെന്നെ രക്ഷിച്ചു കൊള്ളേണമേ എന്നു വരെയുള്ള വിഭീഷണസ്തുതി 70 വരികൾ ആണ്. ഈ ഭാഗം വായിച്ചാൽ ഭഗവാനോട് ചേർന്ന് മുക്തിപദത്തിൽ എത്താം. എന്നെ കണ്ടുകിട്ടിയാൽ പിന്നെ ഒരു ദു:ഖവും ആ ആളിന് ഉണ്ടാകയില്ല എന്നു ഭഗവാൻ വിഭീഷണനോട് പറയുന്നത് നമ്മുടെ ജീവിതത്തിലും അനുഭവ വേദ്യമാകും. എല്ലാ ദിവസവും ജപിച്ചാൽ മുക്തി ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട .
അറിവ് ലഭിക്കാൻ നാരദ സ്തുതി
രാമം ദശരഥ നന്ദനം ഉല്പലശ്യാമളം കോമളം ബാണധനുർദ്ധരം എന്ന് തുടങ്ങി ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര ജയിക്ക ജയിക്ക നീ എന്നു വരെയുള്ള നാരദ സ്തുതി വായിക്കുന്ന ആൾ ഭഗവാന് പ്രിയപ്പെട്ടവനായി അറിവു നൽകുന്ന നാരദനായി- (നാരം- അറിവ്, നാരദൻ- അറിവ് ദാനം ചെയ്യുന്നവൻ) മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. 60 വരികളുണ്ടിത്.
ജീവിത സൗഭാഗ്യങ്ങൾക്ക് ഇന്ദ്രസ്തുതി
ഈരേഴുപതിനാലു ലോകവും നിയന്ത്രിക്കുന്ന ഭഗവാനെ ഈ 14 വരികളിലൂടെയാണ് ദേവേന്ദ്രൻ സ്തുതിക്കുന്നത്. ഈ സ്തുതിയോടെയാണ് രാമായണ സ്തുതികൾ പൂർണ്ണമാകുക. ”രാമചന്ദ്രാപ്രഭോ പാഹിമാം പാഹിമാം എന്നു തുടങ്ങി ത്വൽപാദതീർത്ഥം ശിരസി വഹിക്കുന്നിതെപ്പോഴും ആത്മശുദ്ധിക്ക് ഉമാ വല്ലഭൻ” എന്ന് വരെയുള്ള വരികൾ രാമായണത്തിന്റെ ജീവനാണ്. മരിച്ച വാനരന്മാരെയെല്ലാം ജീവിപ്പിക്കണമെന്നു പാകമായ ഫലമൂലങ്ങളെല്ലാം അവർ കഴിക്കുമ്പോൾ മധുരമാക്കിക്കൊടുക്കണമെന്നും അവർക്കു കുടിക്കാൻ നദികൾ തേനായൊഴുകണമെന്നും ഭഗവാൻ ദേവേന്ദ്രനോട് അരുളി ചെയ്തു. എല്ലാം അങ്ങ് അരുളി ചെയ്തപോലെ വരുമെന്ന് ദേവേന്ദ്രനും പറഞ്ഞു. ഇത് എല്ലാ ഭക്തജനങ്ങളുടെയും ജീവിതത്തിലും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കണം.
ഭാഗവത ആചാര്യൻ പള്ളിക്കൽസുനിൽ,
+91 9447310712, 0479-2333146
Story Summary: Significance and Benefits of 9 Stuthi.
( praise) of Ramayana