Saturday, 23 Nov 2024

ജോലിക്കും ദാമ്പത്യ സൗഖ്യത്തിനും മലയാലപ്പുഴയമ്മയ്ക്ക് തൂണിയരി പായസം

സരസ്വതി ജനാർദ്ദനൻ

ശ്രീപരാശക്തി അഷ്ടൈശ്വര്യദായിനിയായും ശക്തിസ്വരൂപിണിയായും കുടികൊള്ളുന്ന മലയാലപ്പുഴ ദേവീ ക്ഷേത്രം ഈ വർഷത്തെ തിരു ഉത്സവത്തിന് ഒരുങ്ങി. 2022 മാർച്ച് 12 ശനിയാഴ്ചയാണ് കൊടിയേറ്റും ഇവിടുത്തെ ഏറ്റവും പ്രധാന വിശേഷമായ പൊങ്കാലയും നടക്കുന്നത്. ഈ വർഷവും പൊങ്കാല മഹോത്സവം പണ്ടാര അടുപ്പിൽ പൊങ്കാല ഒരുക്കി ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് മാത്രമായി ചുരുക്കിയിട്ടുണ്ട്. കുംഭത്തിലെ തിരുവാതിര നാളിൽ കാലത്ത് 8.30 മണിക്ക് പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിക്കും. 10 മണി മുതൽ പൊങ്കാല സമർപ്പണം ആരംഭിക്കും. അന്ന് രാത്രി 7:35 നും 8:35 നും മദ്ധ്യേയാണ് കൊടിയേറ്റ് .

വർഷന്തോറും മകരം ഒന്നിന് നടന്നു വന്ന പൊങ്കാല ദേവപ്രശ്ന വിധിയെ തുടർന്ന് മൂന്ന് വർഷം മുൻപാണ് കുംഭത്തിലെ തിരുവാതിരനാൾ തൃക്കൊടിയേറ്റത്തോട് അനുബന്ധിച്ചാക്കിയത്. മുപ്പത്തി മുക്കോടി ദേവതകളും ആരാധിക്കുന്ന ഉഗ്രരൂപിണിയായ മലയാലപ്പുഴ അമ്മയെ അഞ്ച് മലകളുടെ ദേവതയായി സങ്കല്പിക്കുന്നു.

വിധി പ്രകാരം ഏഴ് ദിവസം വ്രതം നോറ്റ് വേണം പൊങ്കാല സമർപ്പിക്കേണ്ടത്. മത്സ്യമാംസാദികള്‍ വര്‍ജ്ജിക്കണം. ആർക്കും ദോഷം ചെയ്യരുത്. അതിരാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ശുഭ്രവസ്ത്രം ധരിക്കണം. കഴിയുമെങ്കിൽ ഒരുനേരം മാത്രം അരിയാഹാരം കഴിക്കുക. സന്ധ്യക്ക് അമ്മയുടെ നാമം ജപിക്കുന്നത് ശ്രേഷ്ഠമാണ്. പൊങ്കാല ആവശ്യത്തിന് സാധനങ്ങള്‍ ക്ഷേത്രപരിസരത്ത് യഥേഷ്ടം ലഭിക്കും. ദാരിദ്ര്യ ദുഃഖശമനത്തിന് അമ്മക്ക് വെള്ള നിവേദ്യമായും, കുടുംബ ഐക്യത്തിന് ശര്‍ക്കര പായസമായും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉയര്‍ച്ചക്കും, തൊഴില്‍ നേട്ടത്തിനും പാല്‍പ്പായസമായും, ശത്രുദോഷത്തിനും, ചൊവ്വാ ദോഷത്തിനും കടും പായസമായും മലയാലപ്പുഴ അമ്മക്ക് നിവേദ്യം തയ്യാറാക്കാം. ക്ഷേത്ര തിരുമുറ്റത്ത് മലമാട സ്വാമിക്ക് മുമ്പിലായി തയ്യാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് ശ്രീകോവിലില്‍നിന്നും തന്ത്രി അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും.

ഭക്തർ അന്നപൂര്‍ണേശ്വരിയായ അമ്മക്ക് നിവേദ്യം തയ്യാറാക്കുന്ന പണ്ടാര അടുപ്പില്‍ ആദ്യം ഒരു പിടി അരിയിടണം. എന്നിട്ട് കൊളുത്തണം. അങ്ങനെ ചെയ്തിട്ട് പൊങ്കാലയിട്ടാൽ ഫലം ഇരട്ടിയാക്കുമെന്ന് വിശ്വസിക്കുന്നു. അമ്മേ നാരായണ ദേവീ നാരായണ മലയാലപ്പുഴ അമ്മേ നാരായണ എന്ന് പ്രാർത്ഥിച്ച് വേണം പൊങ്കാലയിടേണ്ടത്. ഇവിടെ പുരുഷന്മാര്‍ക്കും പൊങ്കാല ഇടാം. പൊങ്കാല തിളച്ച് പാകമാകുമ്പോഴേക്കും അമ്മ ജീവതമേൽ ഓരോ ഭക്തരുടെയും അരികിലെത്തി നേദ്യം സ്വീകരിക്കുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.

എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷവും പൊങ്കാല ക്ഷേത്ര ചടങ്ങ് മാത്രമായി ചുരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്ര അഡ്ഹോക്ക് കമ്മറ്റിയും തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ഉത്സവ ആഘോഷങ്ങള്‍ മാര്‍ച്ച് 22 ( 1197 മീനം 8 ചൊവ്വ) തിരു ആറാട്ടോടു കൂടി അവസാനിക്കും.

ദാരുക നിഗ്രഹം കഴിഞ്ഞ് ദൈത്യ ശിരോമാല ധരിച്ച രൂപത്തിൽ മലയാലപ്പുഴയിൽ വാഴുന്ന ഭദ്രകാളിയുടെ അനുഗ്രഹം നേടാനാകുന്നത് മുജ്ന്മഭാഗ്യമാണ്. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല്‍ കാണാത്ത ദമ്പതിമാര്‍ അമ്മയെ ദര്‍ശിച്ച് ചെമ്പട്ട് നടയ്ക്ക് വച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യം നേടാം. കുടുംബദോഷം മാറുന്നതിനും ശത്രുദോഷത്തിനും കടുംപായസ വഴിപാട് പ്രസിദ്ധമാണ്. കളവ് മുതല്‍ തിരിച്ച് കിട്ടാനും ജോലി നേടാനും ദാമ്പത്യ സൗഖ്യത്തിനും മലയാലപ്പുഴയില്‍ ശർക്കര തൂണിയരി പായസം വഴിപാട് കഴിക്കണം.

ഗണപതി, ശിവന്‍, നാഗരാജാവ്, രക്ഷസ്, മൂര്‍ത്തി, യക്ഷിയമ്മ, ശ്രീ മല മാടസ്വാമി എന്നീ ഉപദേവതമാരും അമ്മയുടെ ഭക്തരെ അകമഴിഞ്ഞ് പ്രസാദിക്കും. പാര്‍വ്വതീദേവിയുടെ മടിയിലിരുന്ന് അമ്മിഞ്ഞ നുകരുന്ന അത്യപൂര്‍വ്വമായ ബാലഗണപതി വിഗ്രഹം ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. മാതൃപുത്ര വാത്സല്യത്തിന് നേര്‍ക്കാഴ്ചയാണ് ഈ പ്രതിഷ്ഠ.

ഉപ്പിടും പാറ മലനട, ചെറുകുന്നത്ത് മല. അച്ചക്കണ്ണാമല, പുലിപ്പാറമല, കോട്ടപ്പാറമല എന്നീ അഞ്ച് മലകള്‍ക്ക് നടുവിലാണ് മലയാലപ്പുഴ ദേവി കുടികൊള്ളുന്നത്. ആ അഞ്ച് മലകള്‍ പഞ്ചേന്ദ്രീയങ്ങളെ സൂചിപ്പിക്കുന്നു. ഈ മല നടകളില്‍ ദര്‍ശനം നടത്തുന്നത് അതിശ്രേഷ്ഠമാണ്.
കാലവസ്ഥാ മാറ്റത്തിന് വഴങ്ങാതെ എന്നും പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്ന മലയാലപ്പുഴ ക്ഷേത്രത്തിലെ അത്ഭുതമാണ്. സ്വയംഭൂവായ ലിംഗത്തില്‍ ഇടമുറിയാതെ പുഷ്പാഭിഷേകം നടത്തിവരുന്ന ശൈലേശനന്ദിനിയായ കണിക്കൊന്നയ്ക്ക് ക്ഷേത്രത്തോളം പഴക്കമുണ്ട്. ക്ഷേത്രസമുച്ചയം പൗരാണിക സമ്പ്രദായത്തിലുള്ള ചതുര ശ്രീകോവിലും ചെറിയ നമസ്‌കാര മണ്ഡപവും താരതമ്യേന താണ മേല്‍ക്കൂരയോട് കൂടിയ ചുറ്റമ്പലവും ബലിക്കല്‍പ്പുരയും പുരാതന ശില്പമാതൃക എടുത്തു കാണിക്കുന്ന തരത്തിലുള്ള അലങ്കാര ഗോപുരവും ചേര്‍ന്നതാണ്. ക്ഷേത്രമതില്‍ക്കകത്ത് തെക്ക് ഭാഗത്തായിട്ടാണ് ദേവസ്വം ബോര്‍ഡ് ഓഫീസ്, വഴിപാട് ടിക്കറ്റ് കൗണ്ടര്‍ മുതലായവയുള്ളത്.

ട്രെയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂര്‍, തിരുവല്ല വഴിയും റോഡ് മാര്‍ഗ്ഗം പത്തനംതിട്ട വഴിയും ക്ഷേത്രത്തിലെത്താം. പത്തനംതിട്ടയില്‍ നിന്ന് 8 കിലോമീറ്ററുണ്ട് ഇവിടേക്ക്.

സരസ്വതി ജനാർദ്ദനൻ

Story Summary : Malayalapuzha Annual festival Kodiyettu and Ponkala
Copyright 2022 Neramonline.com. All rights reserved


error: Content is protected !!
Exit mobile version