Friday, 20 Sep 2024

ജ്ഞാനപ്പഴവും ആണ്ടിപ്പണ്ടാരവും; ഭഗവാൻ പഴനിയിൽ എത്തിയ കഥ

ശ്രീകുമാർ ശ്രീ ഭദ്ര

ഭഗവാൻ ശ്രീ സുബ്രഹ്മണ്യന്റെ ദിവ്യ സന്നിധിയായ പഴനിയുടെ ഉത്ഭവത്തെപ്പറ്റി പ്രസിദ്ധവും രസകരവുമായ ഒരു ഐതിഹ്യമുണ്ട്.

ഒരിക്കല്‍ കൈലാസപതിയായ ശ്രീപരമേശ്വരന് നാരദമഹര്‍ഷി ദിവ്യമായ ഒരു മാതളപ്പഴം കൊടുത്തു. പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികില്‍ വിളിച്ച് ആരാണോ ആദ്യം ലോകം ചുറ്റി വരുന്നത് ആ ആളിന് ആ പഴം കൊടുക്കും എന്ന് മഹാദേവന്‍ അരുളിചെയ്തു. ഉടൻ തന്നെ തന്റെ വാഹനമായ മയിലിന്റെ പുറത്തേറി സുബ്രഹ്മണ്യന്‍ വിശ്വപ്രദക്ഷിണത്തിന് തിരിച്ചു.

അമിത വണ്ണവും കുടവയറും ഗജമുഖവുമുള്ള ഗണപതിക്ക് ലോകം ചുറ്റി വേഗം തിരിച്ചു വരുക അത്ര എളുപ്പമല്ലായിരുന്നു. തന്റെ ശാരീരിക പരിമിതി അറിയമായിരുന്ന ബുദ്ധിമാനായ ഉണ്ണിഗണപതി മാതാപിതാക്കളെ ഒരു തവണ വലം വച്ച് തൃപ്തനായി മാതളപ്പഴത്തിന് കൈനീട്ടി.

പ്രപഞ്ചപാലകനായ ശ്രീ പരമേശ്വരനും ജഗദംബികയായ ശ്രീപാർവതിയും തന്നെയാണ് ലോകം എന്നും പ്രപഞ്ചം മുഴുവന്‍ പാര്‍വതീ പരമേശ്വരന്മാരില്‍ അടങ്ങിയിരിക്കുന്നു എന്നുമായിരുന്നു ഗണപതിയുടെ പ്രവർത്തിയുടെ വ്യാഖ്യാനം.

മകന്റെ ബുദ്ധിവൈഭവത്തിൽ സന്തോഷിച്ച മഹാദേവനും പാർവതിയും ദിവ്യമായ പഴം ഗണപതിക്ക് സമ്മാനിച്ചു. അപ്പോഴേക്കും ലോകം മുഴുവന്‍ ചുറ്റിയ ശേഷം സുബ്രഹ്മണ്യന്‍ തിരിച്ചു വന്നു. മാതാപിതാക്കളുടെ പരീക്ഷണത്തിൽ പരാജിതനായതിന്റെ നിരാശ കാരണം കുമാരൻ എല്ലാം ഉപേക്ഷിച്ച് ആണ്ടി പണ്ടാരമായി. ബാലനായ സന്ന്യാസി എന്നാണ് ആണ്ടിപ്പണ്ടാരത്തിന്റെ അർത്ഥം.

അങ്ങനെ മുരുകൻ കൈലാസത്തില്‍ നിന്നും ദക്ഷിണദിക്കിലേക്ക് തിരിക്കാൻ തുടങ്ങിയപ്പോൾ പഴം നീയാണ് എന്ന് പറഞ്ഞ് പാര്‍വതീപരമേശ്വരന്‍മാര്‍ പുത്രനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പഴം നീ എന്നതില്‍ നിന്നും ആണത്രേ പഴനി എന്ന പേര് ഉണ്ടായത്. അതിന്റെ ആത്മീയമായ അര്‍ത്ഥം, നീതന്നെയാണ് സകല അറിവിന്റെയും പൊരുള്‍ എന്നത്രേ!

പഴനിമലയുടെ ചുവട്ടിൽ തിരുവാവിനന്‍ കുടിയിലാണ് ബാലമുരുകന്‍, ദണ്ഡായുധപാണിയായി വിഭൂതിയും രുദ്രാക്ഷവും ധരിച്ച് വിരക്തിയുടെ അവതാരമായി ആദ്യം എത്തിയത്. ആ ക്ഷേത്രം ഇപ്പോഴും അവിടെ ഉണ്ട്. അവിടെ നിന്നുമാണ് സുബ്രഹ്മണ്യ സ്വാമി പഴനിമലയിൽ സ്ഥിരവാസമായത്.

കോയമ്പത്തൂർ നിന്ന് 88 കിലോമീറ്ററാണ് മുരുകന്റെ മുന്നാമത്തെ പടൈ വീടായ പഴനിയിലേക്ക്. അടിവാരത്തു നിന്ന് 697 പടികൾ കയറുമ്പോൾ മലമുകളിൽ എത്താം. ഈ മലയ്ക്ക് ഹിഡുംബൻ മല എന്നും പേരുണ്ട്. മലമുകളിൽ ദണ്ഡായുധപാണി തല മുണ്ഡനം ചെയ്ത് ദണ്ഡായുധവുമേന്തി ഒരു കൈ അരയിൽ വച്ച് കൗപീനവും ധരിച്ച് പടിഞ്ഞാറ് നോക്കി നിൽക്കുന്നു. കേരളത്തെ അനുഗ്രഹിക്കുകയാണ് ഈ ദർശനത്തിലൂടെ ശ്രീമുരുകൻ എന്നാണ് മലയാളികൾ വിശ്വസിക്കുന്നത്.

പഞ്ചാമൃതം ആണ് പഴനി മുരുകന്റെ പ്രസാദം. ശത്രു സംഹാരമൂർത്തിയും ജ്ഞാന മൂർത്തിയും അഭീഷ്ടവരദായകനുമാണ് ദണ്ഡായുധപാണി.

ശ്രീകുമാർ ശ്രീ ഭദ്ര

Story Summary: Why did Murugan left Kailash and took up his abode in Palani hills ( Palani Murugan – 1)

Copyright 2021 Neramonline.com. All rights reserved


error: Content is protected !!
Exit mobile version