Sunday, 24 Nov 2024

ജ്യോതിഷ കുലപതി പ്രൊഫ കെ വാസുദേവനുണ്ണിക്ക് അന്ത്യാഞ്ജലി

ഭഗവത്പദം പൂകിയ ഞങ്ങളുടെ ഗുരുനാഥനും വഴികാട്ടിയുമായ
പ്രൊഫ കെ വാസുദേവനുണ്ണി സാറിന് നേരം ഓൺലൈനിന്റെ
പ്രണാമം. ഒന്നര വർഷമായി നേരം ഓൺലൈൻ യുട്യൂബ്
ചാനലിൽ സജീവ സാന്നിദ്ധ്യമായ ആചാര്യനാണ് എഴുപത്തിയഞ്ചാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞത്.

ആദ്ധ്യാത്മികവും ജ്യോതിഷവും പുരാണപരവും എന്നു വേണ്ട ഈശ്വരോപാസന സംബന്ധമായ സകല കാര്യങ്ങളിലും ഒരു വിജ്ഞാനകോശമായിരുന്നു പ്രിയപ്പെട്ടവരുടെ
എല്ലാം ‘ ഉണ്ണി സാർ ‘. നേരം ഓൺലൈനിൽ പുതുവർഷ ഫലം,
വിഷുഫലം, വ്യാഴമാറ്റ ഫലം, ശനി മാറ്റ ഫലം എന്നിവയെല്ലാം
ശാരീരികക്ലേശങ്ങൾ കാര്യമാക്കാതെ ഉത്സാഹ പൂർണ്ണമായാണ്
ആചാര്യൻ തയ്യാറാക്കിയത്. വാൽമീകി രാമായണത്തിലെ ആദിത്യഹൃദയത്തിൽ തുടങ്ങിയ ഭഗവത് സ്തുതികളുടെ അവതരണമായിരുന്നു നേരം ഓൺലൈൻ യുട്യൂബ് ചാനലിന് വാസുദേവനുണ്ണി സാർ നൽകിയ മറ്റൊരു മഹത്തായ സംഭാവന. വാത്സല്യഭാജനങ്ങളായ കൊച്ചുമക്കൾ ദേവനന്ദയും ഭവനന്ദയുമാണ് സാർ തിരഞ്ഞെടുത്ത് അവതരിപ്പിച്ച ഓരോ സ്തുതിയും ആലാപനത്തിലൂടെ സാർത്ഥകമാക്കിയത്.

ചിരകാല മോഹമായ ലളിതാ സഹസ്രനാമം ദേവപ്രിയ വ്യാഖ്യാനം പൂർത്തിയാക്കി പുസ്തകമാക്കിയ ശേഷമാണ് ഉണ്ണി സാർ വിട പറഞ്ഞത്. അതുപോലെ തന്നെ നേരം ഓൺലൈൻ യുട്യൂബ് ചാനലിന് അഷ്ടക പരമ്പരയിൽ ശ്രീകൃഷ്ണാഷ്ടകം പൂർത്തിയാക്കി നൽകിയ ശേഷം സാർ പറഞ്ഞത്: ഉദ്ദേശിച്ച അഷ്ടകങ്ങളെല്ലാം അവതരിപ്പിച്ചു…. എന്നാണ്. കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നിയെങ്കിലും ഇപ്പോൾ അതിനൊരു പ്രവചന സ്വഭാവം ഉണ്ടായിരുന്നതായി തോന്നുന്നു. അഞ്ചൽ സത്സംഗ സമിതിയാണ് ലളിതാ സഹസ്രനാമം ദേവപ്രിയ വ്യാഖ്യാനം പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിൽ വിവിധ സർക്കാർ കോളേജുകളിൽ സംസ്കൃതം പ്രൊഫസറും രാജ്യത്തിനകത്തും വിദേശത്തും വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറുമായിരുന്ന വാസുദേവനുണ്ണി സാർ ദൈവജ്ഞൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. ശബരിമല, തിരുനെല്ലി, കാടാമ്പുഴ, ചോറ്റാനിക്കര, മലയാലപ്പുഴ, തൃച്ചംബരം, കൊടുങ്ങല്ലൂർ, വടക്കുംനാഥൻ, തളിപ്പറമ്പ് രാജരാജേശ്വരൻ തുടങ്ങിയ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് രാമേശ്വരം, തിരുപ്പതി, പളനി, ഉഡുപ്പി, ചിദംബരം, മധുര മീനാക്ഷി, മഞ്ജുനാഥേശ്വരം ക്ഷേത്രങ്ങളിലും നൂറു കണക്കിന് ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു. ദേവീ ദേവന്മാരുടെ നൂറ്റെട്ടു നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രങ്ങളുടെ സമാഹാരമായ അഷ്ടോത്തരം ഭദ്രകാളി മാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. സപര്യ ബുക്സ് പ്രസിദ്ധീകരിച്ച ദേവീമാഹാത്മ്യം സിഡിയിൽ ദേവീമാഹാത്മ്യം വിധിപ്രകാരം സ്ഫുടമായും വ്യക്തമായും പാരായണം ചെയ്തു. നൂറുകണക്കിന് ശിഷ്യരുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചൽ പനയഞ്ചേരി സ്വദേശിയാണ്. ഭാര്യ : ലീല. അനിൽ ദേവ്, അമൽ ദേവ്, ആശ എന്നിവർ മക്കൾ.

നേരം ഓൺ ലൈൻ യൂ ട്യൂബ് ചാനലിന്റെ വളർച്ചയിലും പ്രയാണത്തിലും അതുല്യമായ സംഭാവനകൾ നൽകിയ വാസുദേവനുണ്ണി സാറിന്റെ വിയോഗത്തിൽ ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു. പരേതന്റെ കുടുംബാംഗങ്ങളുടെയും ശിഷ്യരുടെയും തീരാവേദനയിലും നഷ്ടത്തിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ എക്കാലവും ഞങ്ങൾക്ക് പ്രചോദനമായിരിക്കും…

error: Content is protected !!
Exit mobile version