Monday, 30 Sep 2024

ഞായറാഴ്ചത്തെ ചന്ദ്രഗ്രഹണം ദൃശ്യമല്ല; പക്ഷേ ശിവമന്ത്രജപം നല്ലത്

ഈ വർഷം ലോകം രണ്ട് ചന്ദ്രഗ്രഹണവും ഒരു സൂര്യഗ്രഹണവും കണ്ടു കഴിഞ്ഞു. മൂന്നാമത്തെ ചന്ദ്രഗ്രഹണം ജൂലായ് 5 ഞായറാഴ്ചയാണ്. ഇന്ത്യയിൽ ദൃശ്യമല്ലാത്തതിനാൽ ഇവിടെ അത് ആചരണീയമല്ല. പൗർണ്ണമി ദിവസം ധനു രാശിയിൽ പൂരാടം നക്ഷത്രത്തിൽ നടക്കുന്ന ഈ ഗ്രഹണത്തിൽ ഭൂമിയുടെ നിഴൽ പൂർണ്ണമായും ചന്ദ്രനെ ഗ്രസിക്കില്ല. അതിനാൽ മഞ്ഞുമൂടിയ നിഴൽ പോലെ ചന്ദ്രൻ കാണപ്പെടും. ഇതല്ലാതെ ചന്ദ്രന്റെ രൂപത്തിന് ഒരു മാറ്റവും സംഭവിക്കില്ല. ഉപഛായാ ചന്ദ്രഗ്രഹണം എന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്ന് തരം ഗ്രഹണമാണുള്ളത് – പൂർണ്ണ ഗ്രഹണം, ഭാഗിക ഗ്രഹണം, ഉപഛായാഗ്രഹണം.

ധനു രാശിയിൽ പൂരാടം നക്ഷത്രത്തിൽ നടക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ തിക്ത ഫലങ്ങൾ ഈ കൂറുകാരെ ബാധിക്കേണ്ടതാണ്. എന്നാൽ ഇവിടെ ഗ്രഹണം ദൃശ്യമല്ലാത്തതിനാൽ ഫലത്തിന് പ്രസക്തി ഇല്ലെന്നാണ് ആചാര്യന്മാർ പറയുന്നത്. ജൂലായ് 5 ന് രാവിലെ 8.37 നാണ് ചന്ദ്രഗ്രഹണ സ്പർശം. 9.59 ന് ഗ്രഹണം ഉച്ചത്തിലെത്തും. 11.12 ന് ഗ്രഹണമോക്ഷം സംഭവിക്കും. 2 മണിക്കൂർ 45 മിനിട്ട് നീണ്ടു നിൽക്കുന്ന ഈ ചന്ദ്രഗ്രഹണം അശുഭകരമാണ്. ഗ്രഹണത്തിന് ഏഴര മണിക്കൂർ മുൻപ് ഭൂമിയിൽ വിഷമാലിന്യങ്ങൾ പരക്കുമെന്നാണ് വിശ്വാസം. ഈ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടും. ശുഭകർമ്മങ്ങൾ ഒന്നും നടത്തില്ല. ആഹാരം കഴിക്കരുത്. ശാരീരിക ബന്ധം ഒഴിവാക്കണം. ഈ സമയത്ത് എന്തെങ്കിലും ദാനം ചെയ്യുകയോ കടം വീട്ടുകയോ ചെയ്താൽ സദ്ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

മേടക്കൂറിൽപ്പെട്ട അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ നക്ഷത്രക്കാർക്ക് ഈ ഗ്രഹണ ഫലം മാനഹാനിയാണ്. കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി വരുന്ന ഇടവക്കൂറിന് മൃത്യുഭീതിയും മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ വരുന്ന മിഥുനക്കൂറിന് ദാമ്പത്യദുരിതവും പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ വരുന്ന കർക്കടകക്കൂറിന് സുഖവും ചിങ്ങക്കൂറിലെ മകം, പൂരം, ഉത്രം ആദ്യകാൽ നക്ഷത്രക്കാർക്ക് മനോദുഃഖവും ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി വരുന്ന കന്നിക്കൂറിന് ശാരീരിക പീഡയും ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ വരുന്ന തുലാക്കൂറിന് ഐശ്വര്യവും വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട നക്ഷത്രങ്ങൾ വരുന്ന വൃശ്ചികക്കൂറിന് ശാരീരിക ക്ഷതവും വ്രണവും ചന്ദ്രഗ്രഹണം നടക്കുന്ന ധനുക്കൂറിലെ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ നക്ഷത്രക്കാർക്ക് ധനനാശവും ശാരീരികപീഡയും ഉത്രാടം അവസാന മുക്കാൽ , തിരുവോണം, അവിട്ടം ആദ്യ പകുതി വരുന്ന മകരക്കൂറിന് ധനനാശവും അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ
വരുന്ന കുംഭക്കൂറിന് ധനലാഭവും പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങൾ വരുന്ന മീനക്കൂറിന് സുഖവും ഗ്രഹണഫലമാകുന്നു. ദാമ്പത്യ പ്രശ്നങ്ങൾ, മന:ക്ലേശം, രോഗം, യാത്രാതടസം, ശാരീരിക ബുദ്ധിമുട്ടുകൾ, തൊഴിൽ തടസം, അമിതാദ്ധ്വാനം, ഉത്കണ്ഠ, അകാരണ ഭയം തുടങ്ങിയവയാണ്
പൊതുവേയുള്ള ഗ്രഹണ ദോഷങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ കർക്കടകം, തുലാം, കുംഭം, മീനം കൂറുകാർക്ക് ഗ്രഹണ ഫലം ഉത്തമവും മറ്റുള്ളവർക്ക് ദോഷവുമാണ്. ഗ്രഹണ ഫലം ഒരു മാസം വരെയും അടുത്ത ചന്ദ്രഗ്രഹണം വരെയും കാണുമെന്ന് രണ്ടഭിപ്രായമുണ്ട്.

ശിവ മന്ത്ര ജപമാണ് പ്രധാന ഗ്രഹണദോഷ പരിഹാരം. ഗ്രഹണം ആരംഭിക്കുന്നതിന് മുൻപ് കുളിച്ച് ഭസ്മം ധരിച്ച് നിരന്തരം ഓം നമ: ശിവായ ജപിക്കണം. ഗ്രഹണമോക്ഷ സമയത്ത് എന്തായാലും ശിവ മന്ത്രങ്ങൾ ജപിക്കണം. ഈ ചന്ദ്രഗ്രഹണം ഇവിടെ ദൃശ്യവും ആചരണീയവും അല്ലെങ്കിലും മേൽപ്പറഞ്ഞ ദേഷങ്ങളെല്ലാം ഈ സമയത്ത് ദേശഭേദമില്ലാതെ ഇപ്പോൾ അനുഭവിച്ചു വരുന്നതിനാൽ എല്ലാവരും ഗ്രഹണ ദിവസമായ ഞായറാഴ്ച ഉച്ചവരെ കഴിവിനൊത്ത വിധം ശിവമന്ത്രങ്ങൾ ജപിക്കുന്നത് മന:ശാന്തിക്കും ദുരിത മുക്തിക്കും നല്ലതു തന്നെയാണ്. ജാതകത്തിൽ ചന്ദ്രന് ബലമുള്ളവരെ ഗ്രഹണദോഷങ്ങൾ കാര്യമായി ബാധിക്കില്ല.

ദക്ഷിണ, പശ്ചിമ യൂറോപ്പിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും പസഫിക്കിലും അറ്റ്ലാന്റിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അന്റാർട്ടിക്കയിലും ഞായറാഴ്ചത്തെ ചന്ദ്രഗ്രഹണം ദൃശ്യമാകും.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!
Exit mobile version