ഞായറാഴ്ച രാവിലെ 250വർഷത്തിനിടയിൽ മാത്രം സംഭവിക്കുന്ന ഗ്രഹവിന്യാസം
ജ്യോതിഷരത്നം വേണു മഹാദേവ്
2020 സെപ്തംബർ 13 ഞായറാഴ്ച രാവിലെ 10.35 മുതൽ ഉച്ചയ്ക്ക് 12.40 വരെ, 2 മണിക്കൂർ 05 മിനിറ്റ്
നേരം അസാധാരണമായ ഒരു ഗ്രഹവിന്യാസം സംഭവിക്കുന്നു. ഈ അത്യപൂർവ്വ ഭാഗ്യമുഹൂർത്തം
ഒരോരുത്തരും പ്രാർത്ഥനാപൂർവ്വം
പ്രയോജനപ്പെടുത്തണം. സപ്തഗ്രഹങ്ങളിൽ ശുക്രൻ ഒഴികയുള്ള ആറു ഗ്രഹങ്ങളും അവരുടെ സ്വന്തം വീടുകളിൽ എത്തുന്ന ശുഭസമയമാണ് 2020 സെപ്തംബർ 13 ഞായറാഴ്ച രാവിലെ സംജാതമാകുന്നത്.
ശ്രീരാമചന്ദ്രദേവന്റെ ജനനം ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന സമയത്തായിരുന്നു എന്ന് രാമായണം പറയുന്നു. തന്റെ മൂത്തമകൻ ഇന്ദ്രജിത് ജനിച്ചപ്പോൾ അതിബലമുള്ള ഒരു ഗ്രഹ വിന്യാസം സൃഷ്ടിക്കാൻ
തന്റെ അസാധാരണമായ തപോബലവും ആത്മീയശക്തിയും രാവണൻ പ്രയോഗിച്ചതായും പുരാണ കഥകളിൽ കാണുന്നു. ഇന്ന് ഞായറാഴ്ച സംഭവിക്കുന്നതാകട്ടെ 6 ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ എത്തി കൂടുതൽ ബലമാർജ്ജിക്കുന്ന അത്യപൂർവ്വ പ്രതിഭാസമാണ്.
നവഗ്രഹ നായകനായ സൂര്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലാണ് ഇന്ന് കാലത്ത്. മനസിന്റെ കാരകനായ, ഭൂമിയിലെ ജീവജാലങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന ചന്ദ്രനാകട്ടെ ഈ സമയത്ത് കർക്കടകരാശിയിലാണ്. സ്വന്തം വീട്ടിൽ സ്വന്തം നക്ഷത്രമായ പുണർതത്തിൽ ചന്ദ്രൻ നിൽക്കുന്ന ഈ സമയത്ത് ഓരോരുത്തരിലും ആത്മീയ തേജസ് അപാരമായി വർദ്ധിക്കും. ചന്ദ്രന് മാത്രമാണ് സ്വക്ഷേത്രം മൂലക്ഷേത്രം അല്ലാത്തത്. ചന്ദ്രന് ഇടവമാണ് മൂലക്ഷേത്രം. അതുകൊണ്ട് ചന്ദ്രൻ ഇന്ന് ആകെ ബലത്തിന്റെ പകുതി കൂടി നേടി തൃപ്തിയടയേണ്ടി വരും. എന്നാൽ സൂര്യൻ, ചൊവ്വ, ബുധൻ, വ്യാഴം, ശനി എന്നിവർ ഇന്ന് സ്വക്ഷേത്രത്തിലും മൂലക്ഷേത്രത്തിലും കൂടിയായതിനാൽ അവർക്ക് ആകെ ബലത്തിന്റെ മുക്കാൽ ബലം കൂടി ലഭിക്കും. ഇന്ന് മേടം രാശിയിൽ നിൽക്കുന്ന ചൊവ്വ ആന്തരികവും ബാഹ്യവുമായ എല്ലാ ശത്രുക്കളെയും ഉന്മൂലനം ചെയ്യുവാൻ സഹായിക്കും. കന്നിയിൽ നിൽക്കുന്ന ബുധൻ ബൗദ്ധിക ശേഷി വർദ്ധിപ്പിക്കും. ധനുരാശിയിൽ സ്വന്തം രാശിയിൽ, സ്വന്തം മൂലത്രികോണ രാശിയിൽ നിൽക്കുന്ന വ്യാഴത്തെ ഇന്ന് ഉപാസിച്ചാൽ എല്ലാ ആത്മീയ അഭിലാഷങ്ങളും സാക്ഷാത്കരിക്കാം. ശനിയാകട്ടെ ഇപ്പോൾ സ്വക്ഷേത്രമായ മകരം രാശിയിലാണ്.
അതിനാൽ ഇന്ന് രാവിലെ10.35 മുതൽ ഉച്ചയ്ക്ക് 12.40 വരെയുള്ള ശുഭസമയത്ത് ശ്രീ ലളിത സഹസ്രനാമം, വിഷ്ണു സഹസ്രനാമം, ഇഷ്ട മന്ത്രങ്ങൾ എന്നിവ പാരായണം ചെയ്ത് ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കണം. ഈ ജ്യോതിശാസ്ത്ര പ്രതിഭാസം 250 വർഷത്തിന് ശേഷമേ വീണ്ടും സംഭവിക്കൂ എന്ന് മനസിലാക്കുമ്പോൾ തന്നെ ഇതിന്റെ പ്രധാന്യം ആർക്കും മനസിലാകും.
മന്ത്രസാധന, ആത്മീയഉന്നതി . ഇവക്ക് ഏറ്റവും ഗുണപ്രദമായ സമയമാണ് ഇതെന്ന് ചുരുക്കം.
ജ്യോതിഷരത്നം വേണു മഹാദേവ്
91 9847475559