ഞാറ്റുവേലക്കാലത്തെ പഴമൊഴികൾ
പഞ്ചാംഗത്തിലും കലണ്ടറിലും മറ്റും കാണുന്ന പദമാണ് ഞാറ്റുവേല. എന്നാൽ അതെന്താണെന്ന് വയലും കൃഷിയും അന്യമായ പുതിയ തലമുറയിലെ മിക്കവർക്കും അറിയില്ല. അറിയാവുന്നവർക്ക് തന്നെ നിത്യ ജീവിതവുമായി അതിനുള്ള ബന്ധമറിയില്ല. സമൂഹം കാർഷിക വൃത്തിക്ക് പ്രാധാന്യം നൽകിയിരുന്ന കാലത്ത് കാർഷിക കാര്യങ്ങൾ നിശ്ചയിച്ചിരുന്നത് ഞാറ്റുവേലയെ ആശ്രയിച്ചാണ്. മേടം ഒന്നു മുതല്‍ മീനം 31 വരെയുളള കേരളത്തിന്റെ കാര്‍ഷിക വര്‍ഷത്തില്‍ 27 ഞാറ്റുവേലകളാണുളളത്. ഓരോ നക്ഷത്രത്തിന്റെയും പേരിലറിയപ്പെടുന്ന ഞാറ്റുവേലകള്‍ക്ക് കൃഷിയില്‍ വലിയ പ്രധാന്യമാണുള്ളത്. മഴയ്ക്കും ഞാറ്റുവേലയ്ക്കും നക്ഷത്രങ്ങൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
അശ്വതി, ഭരണി തുടങ്ങി 27 നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ സൂര്യനെ ചുറ്റുന്ന ഭൂമിയുടെ പ്രദക്ഷിണവഴി 27 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഈ ഭാഗമാണ് ഞാറ്റുവേല എന്നർത്ഥം. അതായത് സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലമാണ് ഒരു ഞാറ്റുവേല. പതിമൂന്നു മുതല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കുന്നതാണ് ഓരോ ഞാറ്റുവേലയും. ഏകദേശം പതിമൂന്നരദിവസമാണ് ഒരു ഞാറ്റുവേലയുടെ കാലമെന്ന് കണക്കാക്കാം. ഞാറ്റുവേലയുമായി ബന്ധപ്പെട്ട് നാട്ടിൽ ഒരു പാട് പഴമൊഴികളുണ്ട്. അതെല്ലാംഓരോ ഞാറ്റുവേലയിലെയും കൃഷി ജോലികളുമായി ബന്ധപ്പെടുത്തിയാണ്. മഴക്കാലത്ത് പ്രധാനപ്പെട്ട ഞാറ്റുവേല തിരുവാതിരയാണ്. ഇത് നടീല്‍കാലമായി അറിയപ്പെടുന്നു.
തിരുവാതിര ഞാറ്റുവേലയില്‍ ഇടവിടാതെ മഴലഭിക്കുമെന്നാണ് വിശ്വാസം. അങ്ങനെയുണ്ടായ ചൊല്ലാണ് തിരുവാതിരയിൽ തിരിമുറിയാതെ. തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ചു കുത്തിയാൽ പോലും മുളയ്ക്കു മെന്നാണ് മറ്റൊരു പഴമൊഴി. തിരിമുറിയാത്ത മഴയും തീക്കട്ടപോലുള്ള വെയിലും മാറിമാറി വരുന്ന തിരുവാതിരയിൽ നൂറു മഴയും വെയിലുമെന്നാണ് വേറൊരു പ്രമാണം. തിരുവാതിരയയിൽ തൊപ്പിപ്പാളയിട്ട് പണിതാൽ അത്തത്തിൽ ഇരുന്നു തിന്നാം എന്നും പഴമക്കാർ പറയാറുണ്ട്. തിരുവാതിര ഞാറ്റുവേല മഴക്കാലമാണ്. നിർത്താതെ പെയ്യുമെന്നതിനാൽ തിരുവാതിരയ്ക്ക് തിരു മുറ്റത്തും തുപ്പാം എന്നൊരു ചൊല്ലുണ്ട്.
മേടത്തിൽ തുടങ്ങുന്ന അശ്വതി ഞാറ്റുവേലയെക്കുറിച്ചുള്ള ചൊല്ല്
അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ല എന്നാണ്. കൃഷി തുടങ്ങാൻ പറ്റിയ കാലമാണിത്.
മഴക്കാലമായ പുണർതം ഞാറ്റുവേലയെക്കുറിച്ചുള്ള പഴമൊഴി പുണർതത്തിൽ പുഴവെള്ളം കയറുമെന്നാണ്
നല്ല മഴ കിട്ടുന്നരോഹിണി ഞാറ്റുവേലക്കാലം പയർ വർഗ്ഗങ്ങളുടെ കൃഷിക്കു പറ്റിയ കാലമാണ് . അതിനാൽ രോഹിണിയിൽ പയർ വിതയ്ക്കാം എന്ന് ചൊല്ല്.
ഇടവം 24 മുതൽ മിഥുനം 7 വരെയുള്ള മകയിരം ഞാറ്റുവേലയിൽ മഴ കനത്താൽ പയറും മറ്റും ഇലകൾ നിറഞ്ഞു കൊഴുത്തു കിടക്കും. പക്ഷേ വിളവ് കുറവായിരിക്കും. അതിനെപ്പറ്റി പറയുന്നത് മകയിരത്തിൽ വിതച്ചാൽ മദിക്കും എന്നാണ്.
കർക്കടകം 3 മുതൽ 17 വരെയാണ് പൂയം ഞാറ്റുവേല. നെല്ലു കതിരുവരുന്ന നേരം. പൂയത്തിലെ മഴ നെല്ല് തഴച്ചു വളർന്ന് നല്ല വിളവുണ്ടാകാൻ സഹായിക്കും. പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ല് എന്ന് പഴമൊഴി കർക്കടകത്തിലാണ് ആയില്യം ഞാറ്റുവേല. നാടൻ വിത്തിനങ്ങളുടെ കൃഷി തുടങ്ങാൻ പറ്റില കാലം. ഈ സമയത്ത് മഴ പെയ്തില്ലെങ്കിൽ വിള മോശമായതുതന്നെ. അതിനാൽ പഴമൊഴി ആയില്യക്കള്ളൻ അകത്തെങ്കിൽ മുണ്ടകപ്പച്ച പുറത്ത്.
തുലാം 7 മുതൽ 21 വരെയാണ് ചോതി ഞാറ്റുവേലക്കാലം. ഇക്കാലത്ത് മഴ കനിഞ്ഞാൽ നല്ല വിളവ് ഉറപ്പ്. അതു കൊണ്ട് പഴമൊഴി: ചോതി പെയ്താൽ ചോറുറച്ചു.
-സരസ്വതി ജെ.കുറുപ്പ്
Mobile: +91 90745 80476