തകഴി ധർമ്മശാസ്താവിന്റെ
വലിയെണ്ണ സർവരോഗ സംഹാരി
പി ഹരികൃഷ്ണൻ
ആധുനിക കാലത്തും അനേകം ഭക്തർ രോഗമോചനം തേടിയെത്തുന്ന ദിവ്യ സന്നിധിയാണ് ആലപ്പുഴ ജില്ലയിലെ തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ തയ്യാറാക്കപ്പെടുന്ന ‘വലിയെണ്ണ’ 91 ദിവസം പച്ചവെള്ളം കുടിക്കാതെ കർശന പഥ്യം പാലിച്ച് കഴിച്ചാൽ വാതം, ക്ഷയം, മഞ്ഞപ്പിത്തം തുടങ്ങി പല രോഗങ്ങൾക്കും ദിവ്യ ഔഷധമാണെന്ന് ധാരാളം ഭക്തർ വിശ്വസിക്കുന്നു.
തകഴി ശാസ്താവിന്റെ ഉത്തമ ഭക്തനായ ഒരു ആശാന് സാക്ഷാൽ ധർമ്മശാസ്താവിന്റെ ദിവ്യദർശനത്തിലൂടെ ആണ് 84 വിധം പച്ചമരുന്നുകളും 64 കൂട്ടം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെ വേപ്പെണ്ണ, മരോട്ടിയെണ്ണ, പുന്നക്കായെണ്ണ തുടങ്ങി പല തരം എണ്ണകളും ചേർത്ത് കാച്ചിയാണ് ‘വലിയെണ്ണ’ ഉണ്ടാക്കുന്നത്. ഈ എണ്ണ അടുപ്പത്തുവച്ച് കാച്ചിക്കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത അടുപ്പിൽ പാൽപ്പായസവും തയ്യാറാക്കുന്നു. പാൽപ്പായസത്തിൽ പാടകെട്ടുന്നത് തൈലം പാകമായി എന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കുന്നത്. ആദ്യമായി ഈ എണ്ണ കാച്ചിയ ആശാന്റേതാണെന്ന് കരുതുന്ന ഒരു വിഗ്രഹം തകഴി ക്ഷേത്രത്തിലുണ്ട്. ഇവിടെ ഉപദേവതയുടെ പ്രതിഷ്ഠ ഇല്ല. കുംഭമാസത്തിലെ ഉത്രം നാളിൽ ആറാട്ട് നടത്തത്തക്കവണ്ണം എട്ടു ദിവസത്തെ ഉത്സവം നടത്തുന്നു. ഈ ഉത്സവ ആഘോഷത്തോടൊപ്പം കളമെഴുത്തുപാട്ടും പാടുന്നു. ഈ ധർമ്മശാസ്താ ക്ഷേത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
രോഗശാന്തി നിലയം എന്ന് പുകൾപെറ്റ ഈ ക്ഷേത്രം. കിഴക്കു ദർശനമായി സ്ഥിതിചെയ്യുന്നു. ദിവസേന അഞ്ച് നേരം ഇവിടെ പൂജയുണ്ട്. അടിയമന പാലത്തിങ്കൽ ഇല്ലത്തിനാണ് കാരാണ്മശാന്തി ചുമതലകൾ നൽകിയിരിക്കുന്നത്. വറത്ത പൊടിയാണ് മുഖ്യനിവേദ്യം. ഇരിക്കുന്ന രൂപത്തിലുമുള്ള ഒന്നര അടിയോളം ഉയരമുണ്ട്.
ഒരു കാലത്ത് തിരുവല്ലയിലെ ഓതറമലയിലുണ്ടായിരുന്ന വിഗ്രഹമാണ് തകഴി ശാസ്താവ് എന്ന് വിശ്വസിക്കുന്നു. ഐശ്വര്യം കെട്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ആ വിഗ്രഹം മഴയിൽ ഒഴുകി വന്ന് കുട്ടനാട്ടിൽ ചെളിയിൽ പുതഞ്ഞുകിടന്നുവെന്നും അതിനെ വില്വമംഗലം സ്വാമി കണ്ടെടുത്ത് ഉദയർക്കമുനിയെ ഏല്പിച്ചുവെന്നും അദ്ദേഹം ആ വിഗ്രഹം തകഴിയിൽ പ്രതിഷ്ഠിച്ചുവെന്നുമുള്ള ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ഓതറമലയിൽ ആ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആയിരുന്നുവെന്നും കൂടി ഐതിഹ്യകഥ നീളുന്നു. ഒരുകാലത്ത് ഇത് ഒരു ബുദ്ധവിഗ്രഹം ആയിരുന്നുവെന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. കേരളത്തിന്റെ മലനാട്ടിലെ ശാസ്താ വിഗ്രഹങ്ങളെല്ലാം പണ്ട് ബുദ്ധവിഗ്രഹങ്ങളായിരുന്നു എന്ന സാമാന്യവിശ്വാസം ഇതിന് ഉപോത്ബലകമാണ്. ശങ്കരാചാര്യരുടെ കാലത്തിനുമുൻപ് കേരളത്തിന്റെ എല്ലാഭാഗത്തും ബുദ്ധജൈനമതങ്ങൾ പ്രബലമായിരുന്നു. എന്നാൽ ശങ്കരാചാര്യരുടെ ശ്രമഫലമായി കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവൻ വീണ്ടും ഹിന്ദുമതം ശക്തമായി. കേരളത്തിലെ പല ശാസ്താവിഗ്രഹങ്ങൾക്കും ശ്രീബുദ്ധ വിഗ്രഹങ്ങളോടു ള്ള സാദൃശ്യം ക്ഷേത്രകലാവിദഗ്ധരും ചരിത്രകാരന്മാരും ഗവേഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തകഴി ക്ഷേത്രത്തിലെ വിഗ്രഹം ചെളിയിൽ നിന്ന് വീണ്ടെടുത്ത് തഴുകി ശുദ്ധിവരുത്തി പ്രതിഷ്ഠിച്ചത്രേ. തഴുകി പ്രതിഷ്ഠിച്ചതിനാലാണ് തകഴി എന്ന സ്ഥലപ്പേര് ഈ പ്രദേശത്തിനു സിദ്ധിച്ചതെന്ന് കരുതുന്നവരുണ്ട്. വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞ് ചെമ്പകശ്ശേരി രാജാക്കന്മാർ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് വിശ്വസിക്കുന്നത്.
ഇവിടുത്തെ ശാസ്താവിഗ്രഹം ഒരു കാലത്ത് ശ്രീബുദ്ധന്റേതായിരുന്നു എന്ന വിശ്വാസത്തോട് ‘വലിയെണ്ണ’ യെ പഴമക്കാർ ബന്ധപ്പെടുത്തുന്നു. ഇവിടെ ഒരുകാലത്ത് ആയുർവേദ വിജ്ഞാനം പ്രചരിക്കുകയും വികസിക്കുകയും ചെയ്യുന്നതിന് ബുദ്ധമതം അനുഷ്ഠിച്ച പങ്ക് പ്രസിദ്ധമാണ്. ബുദ്ധമതം കേരളത്തിൽ നിന്ന് നിർമ്മാർജനം ചെയ്യപ്പെട്ടപ്പോൾ കേരളീയ ബ്രാഹ്മണർ ബുദ്ധമതസന്ന്യാസിമാരെ വിരോധികളാക്കുന്നതിന് പകരം അനുനയങ്ങളിലൂടെ അവരെയെല്ലാം ഹൈന്ദവ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തു എന്ന വിശ്വാസത്തിന് ചരിത്രപരമായ പ്രാബല്യം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അവർ ബുദ്ധമതസന്ന്യാസിമാരിൽ നിന്ന് ആയുർവേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു എന്നും കരുതാവുന്നതാണ്. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന കൂട്ടാണ് വലിയെണ്ണ എന്നാണ് പലരുടെയും ധാരണ.
Story Summary: Thakazhi Sri Dharma Shastha Temple: History, Timings Pooja Details And Magical power of Valiyenna