Friday, 20 Sep 2024

തങ്കഅങ്കി സന്നിധാനത്തേക്ക്;
രഥഘോഷയാത്ര പുറപ്പെട്ടു

ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. അലങ്കരിച്ച രഥത്തില്‍ ആറന്മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 26ന് വൈകിട്ട് ദീപാരാധനയ്ക്ക് മുന്‍പ് ശബരിമല സന്നിധാനത്ത് എത്തും. ഘോഷയാത്ര
പുറപ്പെടുന്നതിന് മുന്‍പ് ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്കഅങ്കി ദര്‍ശിക്കാൻ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 450 പവനുള്ള തങ്കഅങ്കി മണ്ഡല പൂജയ്ക്ക് അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനായി തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ചതാണ്.

പത്തനംതിട്ട എ.ആര്‍. ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 60 അംഗ പോലീസ് സേനയാണ് ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, മുന്‍ എംഎല്‍എ എ. പത്മകുമാര്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ദേവസ്വം സെക്രട്ടറി ഗായത്രി ദേവി, തിരുവാഭരണ കമ്മീഷണര്‍ ജി. ബൈജു, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ കെ. സൈനു രാജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജികുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, എം.റ്റി. സുകു, അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. രഥഘോഷയാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ തങ്കഅങ്കി ദര്‍ശിക്കാൻ സൗകര്യമുണ്ട്. ഘോഷയാത്രയെ അഗ്നിശമന സേനയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.
ഡിസംബര്‍ 26ന് ഉച്ചയ്ക്ക് 1ന് ചാലക്കയത്ത് എത്തുന്ന ഘോഷയാത്ര 1.30ന് പമ്പയിൽ എത്തി വിശ്രമിക്കും. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കിചാര്‍ത്തി മണ്ഡല പൂജ നടക്കും.

Story Summary: Sacred Thanka Anki Procession to Sabarimala Begins

error: Content is protected !!
Exit mobile version