Monday, 8 Jul 2024

തടസവും ദുരിതവും നീക്കാൻ ഈച്ചനാരി ഗണപതി ദർശനം

തമിഴ്‌നാട്ടിലെ ഗണപതി ക്ഷേത്രങ്ങളിൽ പിള്ളയർപ്പെട്ടിയും ഉച്ചിപ്പിള്ളയാറും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടതും സവിശേഷതയുള്ളതുമായ ഗണപതിക്ഷേത്രം കോയമ്പത്തൂരിലാണ്. കോയമ്പത്തൂർ ഈച്ചനാരി ഗണപതിക്ഷേത്രം. കോയമ്പത്തൂരിൽ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്തും. 6 അടി പൊക്കവും 3 അടി ചുറ്റളവുമുള്ള  ബ്രഹ്മാണ്ഡമായ ഗണപതി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

കോയമ്പത്തൂരിനടുത്ത് പടിഞ്ഞാറെ ചിദംബരം എന്ന് വിശേഷിപ്പിക്കുന്ന പേരൂരിൽ ശ്രീ അരുൾമിഗു  പട്ടീശ്വരക്ഷേത്രം എന്ന പേരിൽ ഒരു വലിയ ശിവസന്നിധിയുണ്ട്. ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാൻ പാണ്ഡ്യനാട്ടിൽ നിന്നും ഒരു ഗണപതിവിഗ്രഹം ഒരിക്കൽ വണ്ടിയിൽ കയറ്റിക്കൊണ്ട് വരികയായിരുന്നു. ഈച്ചനാരിയിൽ എത്തിയപ്പോൾ ഗണപതിവിഗ്രഹം കയറ്റിക്കൊണ്ടു  വന്ന വാഹനത്തിന്റെ അച്ചാണി മുറിഞ്ഞു. വണ്ടി ശരിയാക്കുന്നതിന് ഗണപതിവിഗ്രഹം നിലത്തിറക്കിവച്ചു. അച്ചാണി മാറ്റി വണ്ടി പുറപ്പെടാൻ തയ്യാറായി. വണ്ടി ശരിയാക്കിയപ്പോൾ നിലത്തുവച്ചിരുന്ന വിഗ്രഹം എടുത്ത് വണ്ടിയിൽ കയറ്റാൻ ശ്രമിച്ചു. അപ്പോൾ വിഗ്രഹം ചലിക്കുന്നില്ല. കായബലമുള്ള ഒട്ടനവധിപേർ ശ്രമിച്ചിട്ടും വിഗ്രഹം നിലത്തു നിന്നും അനങ്ങിയില്ല. തന്നെ ഇവിടെ പ്രതിഷ്ഠിക്കുവാൻ ഗണപതി ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നു കരുതി അവർ അവിടെത്തന്നെ ക്ഷേത്രം പണികഴിപ്പിച്ച് ഗണപതിയെ പ്രതിഷ്ഠിച്ചു.

ബാലവിനായക സങ്കല്പത്തിലാണ് ഈ ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ. അഞ്ചടി ഉയരവും മൂന്നടി വീതിയും ഈ പ്രതിഷ്ഠയ്ക്കുണ്ട്. വലതുകാൽ പീഠത്തിന് മുകളിൽ വച്ച് ഇടതുകാൽപാദം ഭക്തർക്ക്  അഭിമുഖമായി വച്ച് വലതുകരത്തിൽ ഒടിഞ്ഞ കൊമ്പും അരയിൽ പാമ്പ് അരഞ്ഞാണവും കഴുത്തിൽ രുദ്രാക്ഷമാലയും ഇടത് കൈയിൽ മോദകവും വെള്ളിക്കുടവും ഒക്കെയായി സർവ്വാലങ്കാര വിഭൂഷിതനായാണ് ഈച്ചനാരി. വിനായകൻ ഭക്തർക്ക് ദർശനമരുളുന്നത്. ഇവിടുത്തെ ദർശനം എല്ലാ തടസ്സങ്ങളും അകറ്റിത്തരും.

ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് നക്ഷത്ര അലങ്കാരപൂജയാണ്. അശ്വതിമുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങൾക്കും അതാതു ദിവസം അതിനിണങ്ങിയ ഓരോരോ അലങ്കാരം ചെയ്ത് നടത്തുന്ന വഴിപാടാണ് നക്ഷത്ര അലങ്കാരപൂജ. രാവിലെ 5 മണി മുതൽ രാത്രി 10 മണിവരെ ഇവിടെ നട തുറന്നിരിക്കും. രാവിലെ 6.30 നും വൈകിട്ട് 6.30 നും മാത്രമേ അഭിഷേകം നടത്താറുള്ളൂ. എന്നും വെളുപ്പിന് 5.30ന് ഗണപതി ഹോമം നടക്കും. 1500 രൂപയാണ് ഇതിന് ചെലവ്. തങ്കരഥം എഴുന്നള്ളിക്കുന്നതിന് 1600 രുപ ഒടുക്കണം. സ്വർണ്ണകവചത്തിന് 750 രൂപയാണ്. പൂജാ സമയം: 7.30 ന് അലങ്കാരം. 12 മണിക്ക് ഉച്ച പൂജ. 12.15ന് അന്നദാനം. 7. 15 ന് തങ്കത്തേര്ഗണപതിക്ക് നെയ്ദീപം കൊണ്ടാണ് ആരാധന നടത്തുന്നത്. വിനായക ചതുർത്ഥി, മാസചതുർത്ഥി, മകരപ്പൊങ്കൽ , കാർത്തിക, ദീപാവലി,  തൈപ്പൂയം, പൈങ്കുനി ഉത്രം, പൗർണ്ണമി, അമാവാസി ദിവസങ്ങളിൽ വൈകിട്ട് പ്രത്യേക അലങ്കാരവും പൂജകളും അഭിഷേകവും ഇവിടെയുണ്ട്. അനേകം സാധുക്കൾക്ക് സൗജന്യ വിവാഹവും 25 കുട്ടികളെ അൻപ് ഇല്ലത്തിൽ താമസിപ്പിച്ച് സൗജന്യ വിദ്യാഭ്യാസവും ക്ഷേത്രം നൽകുന്നു. തമിഴ്നാട് സർക്കാർ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രഭരണം എക്സിക്യൂട്ടീവ് ഓഫീസറാണ്.

ക്ഷേത്രത്തിലെ ഫോൺ: 0422-2672000, 2677700
അഡ്വ.എസ്.സുരേഷ് ചാറ്റർജി , + 91 9847124664

error: Content is protected !!
Exit mobile version