തറക്കല്ലിൽ ചന്ദനം തൊടാം; കുങ്കുമം പാടില്ല
ഒരു വീടിനെ സംബന്ധിച്ച് പ്രത്യേകിച്ച് കോൺക്രീറ്റ് വീടിന് കുറ്റിയടി എന്നത് ചടങ്ങല്ല. എന്നാൽ ശിലാസ്ഥാപനം പ്രധാന ചടങ്ങാണ്. ഉത്തമമായ ഒരു മുഹൂർത്തം കണ്ടെത്തി ഈ ചടങ്ങ് നടത്തണം. ശിലാസ്ഥാപനം ചെയ്യാൻ കുടുംബത്തിലെ മുതിർന്ന കുടുംബാംഗമോ ഗുരുക്കന്മാരോ അതല്ലെങ്കിൽ സ്വന്തമായോ ചെയ്യാം. കല്ല് പൂജാരിമാരോ മേസ്തിരിമാരോ പൂജിക്കണം. ആദ്യ കല്ലിൽ ശുദ്ധമായ കളഭം ചാർത്തുന്നതിൽ തെറ്റില്ല. കുങ്കുമം ചാർത്തരുത്. തറക്കല്ലിനടിയിൽ ശുദ്ധമായ നവരത്‌നക്കല്ലുകളും അമ്പലത്തിൽ പൂജിച്ച തകിടുകളും നാണയങ്ങളും ഇടാം. തറക്കല്ല് സ്ഥാപിച്ച് കഴിഞ്ഞാൽ അന്നേദിവസം മറ്റ് പണികൾ പാടില്ല.പ്രധാനവാതിൽ സ്ഥാപിക്കുമ്പോൾ വാതിലിന് അടിയിൽ പഞ്ചശിരസ്സ് സ്ഥാപിക്കണം. കട്ടിളപ്പടിയുടെ മുകൾഭാഗത്ത് ഊർജ്ജപ്രവാഹം ലഭിക്കുന്നതിന് വേണ്ടിയുള്ള ചില പ്രത്യേകരത്‌നങ്ങൾ സ്ഥാപിക്കാം. കട്ടളപ്പടിയിൽ കുടുംബത്തിലെ പ്രധാനപ്പെട്ട അംഗങ്ങൾ തൊട്ട് നിന്ന് വേണം സ്ഥാപിക്കുവാൻ. സ്ഥാപിച്ച് കഴിഞ്ഞശേഷം കന്യകമാരായ പെൺകുട്ടികൾ നിറക്കുടവുമായി വാതിലിനകത്ത് കൂടി പ്രവേശിച്ച് വടക്ക് കിഴക്കേ മൂലഭാഗത്ത് ജലം ഒഴിയ്ക്കണം.