Friday, 22 Nov 2024

തലേന്ന് ഒരിക്കൽ നിർബ്ബന്ധം ; അതിരാവിലെ തന്നെ ബലിയിടണം

ജ്യോതിഷരത്നം വേണു മഹാദേവ്

മൺമറഞ്ഞ പൂർവികരെ, പിതൃക്കളെ സങ്കൽപിച്ച് അവരുടെ ഓർമ്മകൾക്ക് അഞ്ജലി അർപ്പിക്കുന്നതാണ് ബലിതർപ്പണം. നമ്മെ നാമാക്കിയ പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നേടുകയാണ് ബലിതർപ്പണത്തിന്റെ അടിസ്ഥാനതത്വം. ആത്മാവിന് എള്ളും വെള്ളവും കൊടുക്കുക എന്നാണ് പറയുക. തിലോദകം എന്ന വാക്കും സൂചിപ്പിക്കുന്നത് അതുതന്നെ. അതുകൊണ്ടു ബലിതർപ്പണത്തിന് ഏറ്റവും അത്യാവശ്യം എള്ളും വെള്ളവും തന്നെ.

2023 ജൂലൈ 17, തിങ്കളാഴ്ചയാണ് ബലിതർപ്പണത്തിന് ഏറ്റവും പ്രധാനമായ കർക്കടകവാവ്. 12 മാസത്തെ അമാവാസികളില്‍ ഏറ്റവും പ്രധാനം കര്‍ക്കടകത്തിലെ വാവാണ്. പ്രിയപ്പെട്ടവരുടെ വിയോഗ ശേഷം മാസബലി, വാര്‍ഷികബലി, മരണാനന്തര സംസ്‌കാര ചടങ്ങുകള്‍ എന്നിവ കൃത്യമായി ചെയ്തിട്ടില്ലാത്തവര്‍ക്ക് ഇത് കാരണം ഉണ്ടാകുന്ന ദോഷം പരിഹരിക്കാൻ വരെ ഉത്തമമാണ് കര്‍ക്കടകവാവ് ബലി.

ഈ ദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും അളവറ്റ ഫലം ലഭിക്കും. മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും ഈ ദിവസം ബലിയിടാന്‍ സൗകര്യമുണ്ടാകും. തലേന്ന് വ്രതം നോറ്റ് അതിരാവിലെ പുണ്യതീര്‍ത്ഥത്തില്‍ കുളിച്ച് സ്വസമുദായ സമ്പ്രദായ പ്രകാരം ബലിയിടണം. സ്വന്തം വീട്ടിലും ബലിയിടാം. ഒരു പക്ഷേ അതാണ് ഏറ്റവും ഉത്തമം. ശുദ്ധമായ ഒരു സ്ഥലം കണ്ടെത്തി നല്ല ഒരു കര്‍മ്മിയുടെ നിര്‍ദ്ദേശാനുസരണം ബലിയിടുന്നത് നല്ലത്.
ബലിതർപ്പണച്ചടങ്ങുകൾക്കു പ്രാദേശികമായും മറ്റും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും അടിസ്ഥാനതത്വം പൂർവികരെ വണങ്ങുക എന്നതു തന്നെ.

ബലിതർപ്പണത്തിന് ഒരുക്കേണ്ടത്
എള്ള്,
ശുദ്ധമായ വെള്ളം
ഉണക്കലരി
ചെറൂളപ്പൂവ്,
ചന്ദനം
ദർഭപ്പുല്ല്
നാക്കിലകൾ
നിലവിളക്ക്, എണ്ണ, തിരി
കിണ്ടി (അല്ലെങ്കിൽ വൃത്തിയുള്ള പാത്രം)
വിരലിൽ അണിയാൻ ദർഭപ്പുല്ലു
കൊണ്ട് പവിത്രക്കെട്ട് ഉണ്ടെങ്കിൽ നന്ന്.

ഒരിക്കൽ പ്രധാനം
കർക്കടക വാവ് ബലിയിടുന്നവർ ജൂലൈ 16 ന് കാലത്ത്
മുതൽ വ്രതം നോൽക്കണം. അമാവാസി തിഥി തുടങ്ങുക
അന്ന് രാത്രി 10.08 നും അവസാനിക്കുന്നത് 17 ന് രാത്രി
12:01 നും ആണ്. കർക്കടക വാവിന്റെ തലേന്ന് ‘ഒരിക്കൽ’ അനുഷ്ഠിക്കണം. ഒരിക്കൽ മാത്രം ആഹാരം എന്ന അർത്ഥത്തിലാണ് ‘ഒരിക്കൽ അനുഷ്ഠിക്കുക’ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതായത്, തലേന്ന് ഉച്ചയ്ക്ക് സാധാരണ പോലെ ഊണു കഴിക്കാം. രാത്രി ഊണ് പാടില്ല. പൂർണ ഉപവാസമാണു വേണ്ടത്. എങ്കിലും അരിയാഹാരം ഒഴിവാക്കി മറ്റെന്തെങ്കിലും ലഘുഭക്ഷണം ആകാം എന്ന ആചാരമാണ് ഇപ്പോൾ പൊതുവേയുള്ളത്. കർക്കടക വാവിനും തലേന്നും മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. മനസിൽ യാതൊരുവിധ ദുർചിന്തകളും പരദ്രോഹവും പാടില്ല.

അതിരാവിലെ ബലിയിടണം
കർക്കടകവാവു ദിവസം അതിരാവിലെയാണ് ബലി തർപ്പണം നടത്തേണ്ടത്. വീട്ടിലാണെങ്കിൽ മുറ്റത്തിന്റെ തെക്കുഭാഗത്ത് തെക്കോട്ടു തിരിഞ്ഞ് ഇരുന്ന് ബലിയിടണം. ബലിയിടുന്ന സ്ഥലം നേരത്തേ തന്നെ വൃത്തിയാക്കണം. ബലിതർപ്പണ സ്ഥലത്തിനടുത്ത് പ്രത്യേക അടുപ്പു കൂട്ടി ബലിച്ചോറ് തയ്യാറാക്കണം. അഞ്ചോ ആറോ ഉരുളയ്ക്ക് ബലിച്ചോറ് ആണ് വേണ്ടത്. ഇതിന് ഉണക്കലരി വേണ്ടത്ര വെള്ളമൊഴിച്ച് വേവിക്കണം. വെള്ളം ഊറ്റിക്കളയാതെ വറ്റിച്ചാണ് ബലിച്ചോറ് ഒരുക്കുക. ഇതാണ് ബലി പിണ്ഡം.

തീർത്ഥം, പവിത്രം
ബലിതർപ്പണത്തിനു മുന്നോടിയായി കിണ്ടിയിൽ വെള്ളമെടുത്ത് തീർത്ഥം ഉണ്ടാക്കണം.
‘‘ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻസന്നിധിം കുരു’’ എന്ന മന്ത്രം ചൊല്ലി പുണ്യനദികളെയെല്ലാം ആവാഹിക്കുന്നു എന്ന സങ്കൽപത്തിൽ രണ്ടു കയ്യിലും പുഷ്പമെടുത്ത് സങ്കൽപിച്ച് കിണ്ടിയിലെ വെള്ളത്തിൽ സമർപ്പിക്കണം. ഈ തീർത്ഥം കൊണ്ടാണു തുടർന്നുള്ള തർപ്പണച്ചടങ്ങുകൾ ചെയ്യേണ്ടത്. തർപ്പണം ചെയ്യുമ്പോൾ വലതുകയ്യിന്റെ മോതിരവിരലിൽ പവിത്രം ധരിക്കുന്നതു നല്ലതാണ്.

ദർഭപ്പുല്ലിലേക്ക് ആവാഹനം
നിലവിളക്കു കത്തിച്ചുവച്ച് അതിനു മുന്നിൽ നാക്കില
വച്ച് അതിൽ ദർഭപ്പുല്ല് വയ്ക്കണം. ഈ ദർഭപ്പുല്ലിലേക്ക് പിതൃക്കളെ ആവാഹിക്കുന്നതായി സങ്കൽപിക്കണം. ഗുരുകാരണവന്മാരെയും കുടുംബത്തിലെ ധർമ്മദൈവങ്ങളെയും മനസ്സിൽ ധ്യാനിക്കണം. തുടർന്ന്, മൺമറഞ്ഞുപോയ പിതൃക്കളെ സങ്കൽപിച്ച് ദർഭയിലേക്ക് എള്ള്, വെള്ളം, ചന്ദനം, പുഷ്പം എന്നിവ അർപ്പിക്കണം. സാധാരണ പൂജകളിൽ ‘സ്വാഹാ’ എന്നു പറഞ്ഞു സമർപ്പിക്കുന്നതിനു പകരം പിതൃകർമ്മങ്ങളിൽ ‘സ്വധാ’ എന്നാണു പറയുന്നത്.

സമർപ്പണം, നമസ്കാരം
തുടർന്ന് ഉരുളകൾ ഓരോന്നായി ദർഭയിൽ വച്ച് അതിൽ എള്ളും വെള്ളവും ചന്ദനവും പുഷ്പവും സമർപ്പിക്കുക. തുടർന്ന് പൂർവികരെ മുഴുവൻ സങ്കൽപിച്ച് സാഷ്ടാംഗം നമസ്കരിക്കുക.(വേവിച്ച ഉരുളകൾക്കു പകരം ഉണക്കലരി തന്നെ അതേപടി ഉപയോഗിക്കുന്ന രീതിയും ഉണ്ട്.) അർപ്പണങ്ങൾക്ക് ശേഷം പിതൃക്കളെ സ്വസ്ഥാനങ്ങളിലേക്കു തിരിച്ചയയ്ക്കുന്നതായി സങ്കൽപിച്ച് പ്രാർത്ഥിക്കണം.

പിണ്ഡം സമർപ്പണ ശേഷം
പിണ്ഡം സമർപ്പിച്ച ശേഷം കൈ നനച്ചു കൊട്ടണം. ഇത് കേട്ട് കാക്ക വന്ന് ബലിപിണ്ഡമെടുത്താൽ പിതൃക്കൾ കഴിച്ചുവെന്നാണ് വിശ്വാസം. പിന്നീട്, ബലിയിട്ട ഇലകൾ ദർഭകളും പൂവും എള്ളും എല്ലാം സഹിതം എടുത്ത് ജലാശയത്തിൽ സമർപ്പിക്കണമെന്നാണ് ആചാരം. കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ഇല സഹിതം പിന്നിലേക്ക് ഇടുകയാണ് ചെയ്യേണ്ടത്. അടുത്തൊന്നും ജലാശയം ഇല്ലെങ്കിൽ ശുദ്ധമായ സ്ഥലത്ത് അവ ഇടാം. തർപ്പണച്ചടങ്ങിനു ശേഷം വീണ്ടും കുളി കഴിയുന്നതോടെ ബലിതർപ്പണം പൂർത്തിയാകും.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Significance and Rituals of
    Karkkadaka Vavu Bali


error: Content is protected !!
Exit mobile version