തിങ്കളാഴ്ച അപര ഏകാദശി നോറ്റ് ദുഃഖംതീർക്കാം; ധനം, പുണ്യം, കീർത്തി നേടാം
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷമായ പുണ്യഫലങ്ങളും ഉണ്ട്. 2023 മെയ് 15 തിങ്കളാഴ്ച അപര ഏകാദശിയാണ്. വൈശാഖം/ ജ്യേഷ്ഠ മാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഈ ഏകാദശിയെ അചല ഏകാദശി എന്നും പറയും. മേടം / ഇടവം മാസത്തിലെ ഈ ഏകാദശി നോൽക്കുന്നവർ ഭഗവാൻ മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പ്രാർത്ഥിക്കണം. ബലി ചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്നിട്ട് മൂന്നാം ചുവട് വയ്ക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ത്രിവിക്രമ ഭാവം. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ മഹാപാപങ്ങൾ പോലും അകലും. പാപങ്ങളാണ് എപ്പോഴും ദുരിതങ്ങളും തടസ്സങ്ങളുമായി മാറുന്നത്. പാപങ്ങൾ അവസാനിച്ചാൽ തടസങ്ങൾ അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ഇഹലോകത്തും പരലോകത്തും എല്ലാത്തരം സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന വ്രതമാണ് ഏകാദശി.
അപര എന്നാൽ ശ്രേഷ്ഠമായ, പരമമായ, ഇതിനപ്പുറം മറ്റൊന്നില്ലാത്ത, പരിധിയില്ലാത്ത, വളരെ അധികം, പരാശക്തിയുടെ മൂന്നാമത്തെ ഭാവമായ ( ഭദ്രകാളി ) എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്നവരെ വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. കൊടുംപാപങ്ങളിൽ നിന്നു പോലും മോചിപ്പിക്കുന്നു. ഈ വ്രതം നോറ്റാൽ സന്താനങ്ങൾ ഇല്ലാത്തവർക്ക് പുത്രനെയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കും. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ നശിപ്പിച്ച് വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ പാപങ്ങൾ തീരും. അന്ന് വ്രതമെടുക്കാനാകാത്തവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി മൂലമന്ത്രമായ ഓം നമോ നാരായണായ അത്ഭുത ശക്തിയുള്ള നാമത്രയ മന്ത്രം ഓം അച്യുതായ നമഃ , ഓം അനന്തായ നമഃ , ഓം ഗോവിന്ദായ നമഃ എന്നിവ കഴിയുന്നത്ര ജപിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. വിശിഷ്ടമായ വസ്തുക്കൾ, ദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് സമം ഫലം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നു. അപര ഏകാദശി ഭദ്രകാളി ജയന്തിയായും ആചരിക്കുന്നുണ്ട്.
മറ്റെല്ലാ ഏകാദശിയും പോലെ അരികൊണ്ടുള്ള ഭക്ഷണം ഉപേക്ഷിച്ച് വേണം വിഷ്ണു ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമന പ്രീതിക്കുള്ള അപര ഏകാദശിയും നോൽക്കാൻ. ദശമി ദിവസം രാവിലെ കുളിച്ച് വ്രതം തുടങ്ങണം. അന്ന് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണമായും ഉപവാസിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർക്ക് പാലും പഴങ്ങളും ലഘു ഭക്ഷണമായി
കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച ശേഷം ഭക്ഷണം കഴിക്കാം. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്.
ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ സമയമാണ് ഹരിവാസരം. ഈ സമയത്ത് മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറെ പുണ്യകരമാണ്.
എല്ലാമാസവും 2 ഏകാദശിയുണ്ട്. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും. രണ്ടും ആചരിക്കാം. എങ്കിലും വെളുത്തപക്ഷത്തിനാണ് പ്രാധാന്യം കൂടുതൽ ഉള്ളതായി കരുതുന്നത്. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു, വാസരം എന്നാൽ ദിവസം എന്നുമാണർത്ഥം അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്. ഏകാദശി വ്രതത്തിനു ശേഷം ദ്വാദശിയുടെ ആദ്യപാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രീതികരമാണെന്നാണു വിശ്വാസം. ഈ സമയം വിഷ്ണുവിനെ ആരാധിക്കുന്നതു കൂടുതൽ പുണ്യമെന്ന് കരുതുന്നു. 2023 മേയ് 15 ന് രാത്രി 7:32 മണിക്ക് ഹരിവാസരം തുടങ്ങും. 16 ന് രാവിലെ 6:43 മണിക്ക് അവസാനിക്കും.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,
+91 8921709017
Story Summary: Significance of Apara or Achala Ekadeshi