Monday, 25 Nov 2024

തിങ്കളാഴ്ച ഭദ്രകാളി ജയന്തി; വഴിപാട്നടത്തി ഭജിച്ചാൽ അതിവേഗം ഫലസിദ്ധി

മംഗള ഗൗരി
കേരളീയർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ദേവീ സങ്കല്പമായ കാളീയുടെ അവതാര ദിനമാണി ഭദ്രകാളി ജയന്തി. മേടമാസത്തിലെ അപരാ ഏകാദശിയാണ് സംഹാരശക്തിയുടെ സ്വരൂപമായ കാളി ഭഗവതിയുടെ തിരുനാളായി ആചരിക്കുന്നത്. 2023 മേയ് 15 തിങ്കളാഴ്ചയാണ് ഇക്കുറി ഭദ്രകാളി ജയന്തി. പാർവ്വതി ദേവിയുടെ മൂർത്തീ ഭേദമാണ് കാളിയെന്ന് വാമനപുരാണത്തിലും ദേവീ ഭാഗവതത്തിലും പറയുന്നു:
സതി ദേവിയുടെ വിയോഗമറിഞ്ഞ് കോപിഷ്ഠനായ ശിവൻ ജട പറിച്ച് നിലത്തടിച്ചപ്പോൾ വീരഭദ്രനും കാളിയും പിറന്നു. ശിവന്റെ കല്പനപ്രകാരം ഇവർ ദക്ഷനെ വധിച്ചു. എന്നാൽ ദേവീ മാഹാത്മ്യം പറയുന്നത് ദുർഗ്ഗ കാളിയെ സൃഷ്ടിച്ചു എന്നാണ്. ദാരിക നിഗ്രഹമാണ് കാളിയുടെ അവതാര ലക്ഷ്യമെന്ന് ലിംഗപുരാണം പറയുന്നു. ദാരിക വധം കഴിഞ്ഞശേഷവും കോപമടങ്ങാത്ത കാളിയെ ശാന്തയാക്കിയത് ഭഗവാൻ മഹേശ്വരനാണെന്നും ഐതിഹ്യമുണ്ട്. മഹിഷാസുരന്റെ മാറിൽ ചവട്ടി നിന്ന് അവനെ ശൂലം കൊണ്ട് വധിച്ച് രക്തം കുടിച്ച് നാക്ക് നീട്ടി കപാലമാല ധരിച്ചു നിൽക്കുന്ന രൂപത്തിലാണ് കാളിയെ സങ്കല്പിക്കുന്നത്. ശക്തി സ്വരൂപിണിയായ ഭദ്രകാളിയമ്മ ദുഷ്ടരെ നശിപ്പിക്കുകയും ആശ്രിതരെ രക്ഷിക്കുകയും ചെയ്യും. സർവ്വ മംഗളങ്ങളുടെയും സ്വരൂപമായ എന്നാണ് ഭദ്ര എന്ന വാക്കിന് അർത്ഥം. കറുത്ത നിറമുളള തമോഗുണ പ്രധാനയായ എന്നാണ് കാളിയുടെ അർത്ഥം. മൂന്ന് ലോകങ്ങളിലുമുള്ള അസുര നിഗ്രഹമാണ് ഭദ്രകാളി ഭഗവതിയുടെ അവതാര ദൗത്യം. അശരണരെയും അബലരെയും കുട്ടികളെയും സ്ത്രീകളെയും എപ്പോഴും കാളി ഭഗവതി കാത്തരുളും.

എല്ലാത്തരം ദുഖദുരിതങ്ങളും അകറ്റാൻ ഭദ്രകാളി സ്തുതികളും മന്ത്രങ്ങളും ഉത്തമമായ പരിഹാരമാണ്. ദേവിയുടെ അവതാര ദിവസമായ മേടമാസത്തിലെ (വൈശാഖം – ജ്യേഷ്ഠ മാസത്തിലെ) കൃഷ്ണപക്ഷ ഏകാദശി നാൾ ഭദ്രകാളീ പ്രീതി നേടാൻ ഏറ്റവും നല്ല ദിനങ്ങളിൽ ഒന്നാണ്. ഈ ദിവസം കാളീ ക്ഷേത്ര ദർശനം, വഴിപാടുകൾ നടത്തിയാൽ പെട്ടെന്ന് ഫലം ലഭിക്കും.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീം ഈശ്വരീം

മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്

ഭദ്രകാളി പ്രാർത്ഥന
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

ഭദ്രകാളിക്ക് വഴിപാടുകൾ
കടുംപായസം വഴിപാട് ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷശാന്തി ഫലം. കുങ്കുമാഭിഷേകം : ദാമ്പത്യഭദ്രത, പ്രേമസാഫല്യം കുങ്കുമാർച്ചന കാര്യസിദ്ധിക്കായി നടത്താം. പട്ടുംതാലിയും വിവാഹതടസ മുക്തി, ദാമ്പത്യഭദ്രത.

ചെമ്പരത്തിമാല ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമം. എണ്ണ അഭിഷേകം രോഗശാന്തിക്ക് രക്തപുഷ്പാഞ്ജലി ആഭിചാരദോഷശാന്തിക്ക് . ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷനിവാരണം നൽകും . പൂമൂടൽ ദുരിതശാന്തിക്കും, അലച്ചിൽ മാറാനും നല്ലത്. പുഷ്പാഭിഷേകം ഐശ്വര്യമേകും.

സഹസ്രനാമാർച്ചന: കാര്യവിജയം, കർമ്മലാഭം ഭാഗ്യസൂക്താർച്ചന ഭാഗ്യം തെളിയാൻ നല്ലതാണ്. അഷ്‌ടോത്തരം തടസ്സ നിവാരണം സർവാഭീഷ്ട സിദ്ധി പുഷ്പാഞ്ജലി ഐശ്വര്യാഭിവൃദ്ധിയും പനിനീരാഭിഷേകം കർമ്മവിജയവും.നൽകും. കളഭം ചാർത്ത് സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയുന്നതിനും ദുരിതങ്ങൾ മാറുന്നതിനും ഫലപ്രദമാണ്. കാളീസൂക്ത പുഷ്പാഞ്ജലി ശത്രുദോഷം മാറാനുള്ളതാണ്.

Story Summary: Date and significance of Bhadra Kali Jayanti

error: Content is protected !!
Exit mobile version