Tuesday, 26 Nov 2024

തിങ്കളാഴ്ച ഭദ്രകാളി ജയന്തി; എല്ലാദുഖദുരിതങ്ങളും അകറ്റാൻ ഉത്തമ ദിനം

മംഗള ഗൗരി
കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവീസങ്കല്പമായ കാളീ ഭഗവതിയുടെ അവതാരദിനമാണ് ഇടവത്തിലെ അപരാ ഏകാദശി. ഹിന്ദു കാലഗണന പ്രകാരം ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി
ദിവസമാണ് ഭദ്രകാളി ജയന്തിയായി ആചരിക്കുന്നത്. ഇതനുസരിച്ച് 2024 ജൂൺ 3 തിങ്കളാഴ്ചയാണ് ഇക്കുറി
സംഹാരശക്തിയുടെ പ്രതീകമായ കാളി ഭഗവതിയുടെ തിരുനാൾ.

ഭദ്രകാളി അവതാരത്തെപ്പറ്റി പല സങ്കല്പങ്ങളും വിവിധ ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. പാർവ്വതി ദേവിയുടെ മൂർത്തീ ഭേദമാണ് കാളിയെന്ന് വാമനപുരാണത്തിലും ദേവീ ഭാഗവതത്തിലും പറയുന്നു.

സതിദേവിയുടെ വിയോഗമറിഞ്ഞ് കോപിഷ്ഠനായ ശിവൻ ജട പറിച്ച് നിലത്തടിച്ചപ്പോൾ വീരഭദ്രനും കാളിയും
പിറന്നു. ശിവന്റെ കല്പനപ്രകാരം ഇവർ ദക്ഷനെ വധിച്ചു – ഇത് മറ്റൊരു കഥ.

എന്നാൽ ദേവീ മാഹാത്മ്യം പറയുന്നത് ദുർഗ്ഗ കാളിയെ സൃഷ്ടിച്ചു എന്നാണ്. ദാരിക നിഗ്രഹമാണ് കാളിയുടെ
അവതാര ലക്ഷ്യമെന്ന് ലിംഗപുരാണം പറയുന്നു. ദാരിക വധം കഴിഞ്ഞ് വളരെ നേരമായിട്ടും ക്രോധമടങ്ങാത്ത ഭദ്രകാളിയെ ശാന്തയാക്കിയത് മഹേശ്വരനാണെന്നും ഐതിഹ്യമുണ്ട്.

മഹിഷാസുരന്റെ മാറിൽ ചവട്ടി അവനെ ശൂലം കൊണ്ട് വധിച്ച് രക്തം കുടിച്ച് നാക്ക് നീട്ടി കപാലമാല ധരിച്ചു നിൽക്കുന്ന രൂപത്തിലാണ് പൊതുവേ എല്ലാവരും കാളിയെ സങ്കല്പിക്കുന്നത്. ശക്തി സ്വരൂപിണിയായ
ഭദ്രകാളിയമ്മ ദുഷ്ടരെ നശിപ്പിക്കുകയും ആശ്രിതരെ രക്ഷിക്കുകയും ചെയ്യും. ‘ സർവ്വ മംഗളങ്ങളുടെയും സ്വരൂപമായ ‘ എന്നാണ് ഭദ്ര എന്ന വാക്കിന് അർത്ഥം. കറുത്ത നിറമുളള തമോഗുണ പ്രധാനയായ എന്നാണ്
കാളിയുടെ അർത്ഥം. മൂന്ന് ലോകങ്ങളിലുമുള്ള അസു നിഗ്രഹമാണ് ഭദ്രകാളി ഭഗവതിയുടെ അവതാര ദൗത്യം.
അശരണരെയും അബലരെയും കുട്ടികളെയും സ്ത്രീകളെയും എപ്പോഴും കാളീ ഭഗവതി കാത്തരുളും.

എല്ലാത്തരം ദുഖദുരിതങ്ങളും അകറ്റാൻ ഭദ്രകാളി സ്തുതികളും മന്ത്രങ്ങളും ഉത്തമമായ പരിഹാരമാണ്. ദേവി സർവമംഗളങ്ങളും നൽകുന്ന സ്തോത്രമായ ഭദ്രകാളിപ്പത്ത് ജയന്തിക്ക് ജപിക്കുക / ശ്രവിക്കുക ക്ഷിപ്രഫലസിദ്ധിക്ക് നല്ലതാണ്. രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, മറ്റ് കഷ്ടപ്പാടുകൾ ജീവിത പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ശമിക്കും. എല്ലാ ദുരിതങ്ങളും അകറ്റുന്ന ഈ സ്തോത്രം ഭക്തർക്ക് ഒരു രക്ഷാകവചമാണ്. ഇത് പതിവായി ജപിക്കുന്നവരെ എല്ലാ പ്രതിസന്ധികളിലും രക്ഷിക്കും. ലളിതാംബികയുടെ, പരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളിയെ സ്തുതിക്കുന്ന ഈ പത്ത് ശ്ലോകങ്ങൾ നിത്യ ജപത്തിനും ഉത്തമാണ്. ചൊവ്വ, വെള്ളി, അമാവാസി, ഭരണി ദിവസങ്ങളിൽ ജപിക്കുന്നത് ഇരട്ടി ഫലം നൽകും. രാവിലെയാണ് ജപത്തിന് കൂടുതൽ ഉത്തമം. കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായിരുന്ന് ജപിക്കണം. ക്ഷേത്രത്തിലിരുന്ന് ജപിക്കുന്നത് ഏറെ ഗുണപ്രദമാണ്. തുടർച്ചയായി അഞ്ച് തവണ ഓതുന്നത് അല്ലെങ്കിൽ ശ്രവിക്കുന്നത് പെട്ടെന്ന് ഫലസിദ്ധിയേകും എന്നും പറയുന്നു.

ദേവിയുടെ അവതാര ദിവസമായ ഇടവ മാസത്തിലെ
(വൈശാഖം – ജ്യേഷ്ഠ മാസത്തിലെ) കൃഷ്ണപക്ഷ
ഏകാദശി നാൾ ഭദ്രകാളി ക്ഷേത്ര ദർശനം നടത്തുകയും
വഴിപാടുകൾ സമർപ്പിക്കുകയും ചെയ്താൻ പെട്ടെന്ന് ഫലം ലഭിക്കും എന്നും പറയുന്നു.

ഭദ്രകാളി മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദ്രകാളിപ്പത്ത്

ഭദ്രകാളിക്ക് വഴിപാടുകൾ
കടുംപായസം വഴിപാട് ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷശാന്തി ഫലം.
കുങ്കുമാഭിഷേകം : ദാമ്പത്യഭദ്രത, പ്രേമസാഫല്യം കുങ്കുമാർച്ചന കാര്യസിദ്ധിക്കായി നടത്താം. പട്ടുംതാലിയും വിവാഹതടസ മുക്തി, ദാമ്പത്യഭദ്രത. ചെമ്പരത്തിമാല ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമം. എണ്ണ അഭിഷേകം രോഗശാന്തിക്ക് രക്തപുഷ്പാഞ്ജലി ആഭിചാരദോഷശാന്തിക്ക് . ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷനിവാരണം നൽകും . പൂമൂടൽ ദുരിതശാന്തിക്കും, അലച്ചിൽ മാറാനും നല്ലത്. പുഷ്പാഭിഷേകം ഐശ്വര്യമേകും.
സഹസ്രനാമാർച്ചന: കാര്യവിജയം, കർമ്മലാഭം ഭാഗ്യസൂക്താർച്ചന ഭാഗ്യം തെളിയാൻ നല്ലതാണ്. അഷ്‌ടോത്തരം തടസ്സ നിവാരണം സർവാഭീഷ്ട സിദ്ധി പുഷ്പാഞ്ജലി ഐശ്വര്യാഭിവൃദ്ധിയും പനിനീരാഭിഷേകം കർമ്മവിജയവും.നൽകും. കളഭം ചാർത്ത് സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയുന്നതിനും ദുരിതങ്ങൾ മാറുന്നതിനും ഫലപ്രദമാണ്. കാളീസൂക്ത പുഷ്പാഞ്ജലി ശത്രുദോഷം മാറാനുള്ളതാണ്.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീം ഈശ്വരീം

ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്

ഭദ്രകാളി പ്രാർത്ഥന
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version