തിങ്കൾപ്രദോഷം, കാർത്തിക ദീപം, ചക്കുളത്ത് കാവ് പൊങ്കാല ; ഈ ആഴ്ചത്തെ നക്ഷത്രഫലം
( 2022 ഡിസംബർ 4 – 10 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗുരുവായൂർ ഏകാദശി, തിങ്കൾപ്രദോഷം, കാർത്തിക ദീപം, ചക്കുളത്ത് കാവ് പൊങ്കാല, പൗർണ്ണമി എന്നിവയാണ് 2022 ഡിസംബർ 4 ന് മേടക്കൂറ് അശ്വതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന ഞായറാഴ്ചയാണ് വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി. അന്ന് പുലർച്ചെ 05:34 മുതൽ ഡിസംബർ 5 ന് രാവിലെ 05: 58 വരെയുള്ള ദ്വാദശി കഴിഞ്ഞ് സ്നാനവും പാരണയും കഴിഞ്ഞ് വ്രതത്തിന് പരിസമാപ്തി കുറിക്കാം. ശിവഭഗവാനെയും പാർവതി ദേവിയെയും പ്രീതിപ്പെടുത്താൻ സഹായിക്കുന്ന അപൂർവ്വമായ തിങ്കൾ പ്രദോഷവും അന്നു തന്നെയാണ്.
വൃശ്ചികത്തിലെ ശുക്ലപക്ഷ പ്രദോഷമായ ഈ ദിവസം സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുക്കുകയും ശിവ പഞ്ചാക്ഷരിയും ശിവ അഷ്ടോത്തര ശതനാമാവലിയും ജപിക്കുകയും ചെയതാൽ അളവറ്റ പുണ്യവും അഭീഷ്ട സിദ്ധിയും ലഭിക്കും. ഡിസംബർ 6 നാണ് കാർത്തിക ദീപം. പാൽക്കടലിൽ നിന്ന് വരണമാല്യവുമായി ഉയർന്നുവന്ന മഹാലക്ഷ്മി മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചത് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്. മഹാലക്ഷ്മി അവതരിച്ച ഈ ദിവസം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മംഗളദിനമായി ദീപങ്ങൾ തെളിയിച്ച് ഭക്തർ ആഘോഷിക്കുന്നു. അടുത്ത ദിവസമാണ് ചക്കുളത്ത് കാവ് പൊങ്കാല. കാർത്തിക പൊങ്കാലയിട്ട് ചക്കുളത്തമ്മയെ ഭജിച്ചാൽ ദുരിത ദു:ഖ മോചനവും അഭീഷ്ടസിദ്ധിയും ലഭിക്കും. കുമാരനല്ലൂർകാര്‍ത്ത്യായനി ഭഗവതിയുടെ കാർത്തിക മഹോത്സവവും അന്നാണ്. ഡിസംബർ 8 നാണ് പൗർണ്ണമി. ഡിസംബർ 10 ന് മിഥുനക്കൂറ്. പുണർതം നക്ഷത്രം രണ്ടാം പാദത്തിൽ വാരം അവസാനിക്കും.
ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
മാനസികമായി ഒരു ബലക്കുറവ് തോന്നും. ഉള്ളിൽ അസ്വസ്ഥതയും അനിശ്ചിതത്വം അനുഭവപ്പെടും. ഭൂമി, പൂർവ്വികസ്വത്ത് എന്നിവ മൂലം വരുമാനം വർദ്ധിക്കും. തീരുമാനം കുടുംബാംഗങ്ങളിൽ അടിച്ചേൽപ്പിക്കരുത്. സമ്പാദ്യത്തിൽ ഒരു ഭാഗം മികച്ചൊരു പദ്ധതിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കും. ഗൃഹത്തിൽ തർക്കം, അഭിപ്രായ ഭിന്നത എന്നിവ കർശനമായി ഒഴിവാക്കണം. തൊഴിൽ സ്ഥലത്ത് വിമർശനങ്ങൾ നേരിടേണ്ടിവരാം. വിദേശ യാത്രയ്ക്ക് യോഗമുണ്ട്. അവിവാഹിതർ അടുത്ത സുഹൃത്തുക്കൾ വഴി ഒരാളെ കണ്ടുമുട്ടുകയും ആ വ്യക്തിയുമായി പ്രണയത്തിലാകുകയും ചെയ്യും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ സമയം നല്ലതാണ്. സർപ്പപ്രീതിക്ക് നൂറും പാലും നടത്തി പ്രാർത്ഥിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ആരോഗ്യം മെച്ചപ്പെടും. രോഗദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. ഇഷ്ടക്കാർക്ക് വേണ്ടി കണക്കിലധികം പണം ചെലവഴിക്കും. ഒരു സൗഹൃദം പ്രണയത്തിന് വഴി മാറും. കുടുംബാംഗങ്ങൾ തമ്മിൽ തർക്കത്തിനും കലഹത്തിനും സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം. കർമ്മരംഗത്ത് മികച്ച പ്രകടനം നടത്താൻ കഴിയും. മുൻകാല തെറ്റുകൾ, വീഴ്ചകൾ, അനുഭവങ്ങൾ എന്നിവയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വേണ്ട തിരുത്തൽ വരുത്താൻ സാധിക്കും. വ്യാപാരികൾക്ക് സമയം തികച്ചും അനുകൂലമായിരിക്കും. രഹസ്യങ്ങൾ പങ്കിടുന്നതിലൂടെ പങ്കാളിയുടെ വിശ്വാസം ആർജ്ജിക്കും. ജോലിയിൽ, മറ്റുള്ളവരെക്കാൾ മുന്നേറാൻ സാധിക്കും. പഠനത്തിലെ ഏകാഗ്രതക്കുറവ് വിദ്യാർത്ഥികൾക്ക് പ്രതികൂലമാകും. വിഷ്ണു പ്രീതിക്ക് ഓം നമോ നാരായണായ ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കുടുംബ കാര്യങ്ങൾ നന്നായി നോക്കും. ബഹുമാനവും ആദരവും ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും. കഠിനാദ്ധ്വാനം ശ്രദ്ധിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജീവിതപങ്കാളി സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. ഗൃഹത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനിൽക്കും. ബിസിനസ് പങ്കാളിയും ജീവനക്കാരുമായുള്ള ബന്ധം മുമ്പത്തേതിനേക്കാൾ ശക്തമാക്കും. ജോലിസ്ഥലത്ത്, വിജയത്തിന് തടസ്സമായി നിൽക്കുന്നവർക്ക് കാര്യമായ തിരിച്ചടി നേരിടും. മനോവീര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ കഴിയും. എറ്റെടുത്ത എല്ലാ ജോലികളും വേഗത്തിൽ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. കുടുംബ സമ്മേതം ഒരു യാത്ര പോകും. ശനിദോഷം മാറ്റാൻ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4 , പൂയം, ആയില്യം)
പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും മുൻപ് അതിന്റെ സാമ്പത്തിക വശങ്ങൾ നന്നായി പഠിക്കണം. ധിറുതിപിടിച്ച് തീരുമാനങ്ങൾ എടുക്കരുത്. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും. ചില കുടുംബാംഗങ്ങളുടെ ഇടപെടൽ മൂലം ഇഷ്ടങ്ങൾ പലതും സാധിക്കാൻ കഴിയാത്തതിനാൽ ദേഷ്യവും നിരാശയും തോന്നും. സ്വജനങ്ങളോട് പരുഷമായി പെരുമാറും. സ്വന്തം വികാരങ്ങളോട് മാത്രം ആഭിമുഖ്യം പുലർത്തിയാൽ പ്രണയ ബന്ധത്തിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ദാമ്പത്യത്തിലെ സൗന്ദര്യപ്പിണക്കങ്ങൾ സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കാൻ കഴിയും. ബിസിനസിൽ അനുകൂല ഫലങ്ങൾ ലഭിക്കും. വിവിധ മാർഗ്ഗങ്ങളിൽ നിന്ന് പണം സമ്പാദിക്കാനുള്ള സാധ്യത കാണുന്നു. ഓം ഹം ഹനുമതേ നമഃ നിത്യവും ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പല വഴികളിൽ പണം ചെലവഴിക്കേണ്ടി വരും. ഉറ്റവരുടെ സഹായം ലഭിക്കുന്നതിലൂടെ വലിയ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാനാകും. ജീവിതപങ്കാളിയിൽ നിന്ന് അകന്ന് കഴിയേണ്ടി വരും. ഔദ്യോഗിക ജീവിതത്തിലെ ഉയർച്ച താഴ്ചകൾ അസ്വസ്ഥരാക്കും. ആരോഗ്യം മെച്ചപ്പെടും. സുഹൃത്തുക്കളുമൊത്ത് വിനോദയാത്ര പോകും. വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തും. സന്താനങ്ങൾ കാരണം സന്തോഷമുണ്ടാകും. പ്രണയത്തിലെ സൗന്ദര്യപ്പിണക്കം വിഷമിപ്പിക്കും. ബിസിനസ് രഹസ്യങ്ങൾ പങ്കിടുന്നത് വൻ തിരിച്ചടിയാകും. ജീവിതത്തിൽ വന്നുചേരുന്ന തടസ്സങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകും. മനോവീര്യം വർദ്ധിക്കും. നിത്യവും രാവിലെ ഓം നമഃ ശിവായ ജപിക്കുന്നത് നല്ലത്.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2, 3 )
കർമ്മരംഗത്ത് അഭിമാനകരമായ നേട്ടങ്ങളാർജ്ജിക്കും. വിദേശയാത്രയ്ക്ക് നല്ല അവസരങ്ങൾ ലഭിക്കും. പഴയ തർക്കങ്ങൾ പരിഹരിക്കും. എവിടെയും ഭാഗ്യത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും കടാക്ഷം ലഭിക്കും. പ്രണയ വിവാഹത്തിന് സാധ്യത കൂടുതലാണ്. വാഹനം വാങ്ങും. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏറെ ശുഭകരമായിരിക്കും. ഭൂമി സംബന്ധമായ രേഖകളിലെ നൂലാമാലകൾ പരിഹരിക്കും. ബന്ധുമിത്രാദികൾക്കായി കണക്കിലധികം പണം ചെലവഴിക്കരുത്. ദൗർബല്യങ്ങൾ ചൂഷണം ചെയ്യാൻ നിന്നു കൊടുക്കരുത്. കരുതലോടെ പണം ചെലവഴിച്ചില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ നേരിടും. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുടുംബസമ്മേതമുള്ള യാത്ര മാറ്റിവയ്ക്കും. സർപ്പപ്രീതിക്ക് വഴിപാട് നടത്തുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
എല്ലാത്തരം സാമ്പത്തിക പ്രശ്‌നങ്ങളും തരണം ചെയ്യും. ആഗ്രഹങ്ങൾ സഫലമാകും. ജീവിതത്തിൽ പുരോഗതി ഉണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങും. മാനസികമായ വിഷമങ്ങൾ കുറയില്ല. ജോലിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം വർദ്ധിക്കും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബപ്രശ്നങ്ങൾ എല്ലാവരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കും. വ്യാപാരത്തിൽ മികച്ച ലാഭം ഉണ്ടാകുമെങ്കിലും കടുത്ത സമ്മർദ്ദങ്ങൾ നേരിടും. വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കാൻ സദാ
സമയവും ശ്രദ്ധിക്കണം. ജീവിത പങ്കാളിയുടെ പിൻതുണ ആശ്വാസമാകും. വിദേശയാത്ര ആസ്വദിക്കും. ആരോഗ്യം മെച്ചമാകും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ ജപിച്ച് ദേവീ പ്രീതി നേടണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജീവിതപങ്കാളിയുടെ ഉപദേശവും സഹായവും ഗുണം ചെയ്യും. ജീവിതത്തിൽ പലതരം നേട്ടങ്ങളുണ്ടാകും. ചെറിയ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ആരോഗ്യം വളരെയധികം മെച്ചപ്പെടും. ചില ബന്ധുക്കളിൽ നിന്ന് കാര്യമായ സഹായം ലഭിക്കും. ഗൃഹത്തിൽ ഐശ്വര്യം നിറയും. അപൂർവ്വമായി കണ്ടുമുട്ടുന്ന ബന്ധുക്കളുമായി സമയം ചെലവിടും. പഴയ ബന്ധങ്ങൾ പുനസ്ഥാപിക്കും. സമൂഹത്തിലും കുടുംബത്തിലും ബഹുമാനവും ആദരവും ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. ബിസിനസിൽ മികച്ച വിജയം വരിക്കും. ജീവനക്കാർക്ക് ശമ്പളവർദ്ധനവും സ്ഥലം മാറ്റവും ലഭിക്കും. നിത്യവും ഓം വചത്ഭുവേ നമഃ ജപിച്ച് സുബ്രഹ്മണ്യ പ്രീതി നേടണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികമായി സമയം മികച്ചതായിരിക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. വീട്ടുപകരണങ്ങൾക്കും വാഹനത്തിനും കേടുപാടുകൾ സംഭവിക്കാൻ സാധ്യത. ആത്മവിശ്വാസക്കുറവ് കാരണം ശരിയായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടും. ഒരേ സമയം ധാരാളം കാര്യങ്ങൾ ഏറ്റെടുക്കുന്നത് വഴി മാനസിക സമ്മർദ്ദമുണ്ടാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രധാന പരിഗണന നൽകും. കർമ്മ രംഗത്ത് കാര്യമായ ചില മാറ്റങ്ങൾക്ക് ശ്രമിക്കും. മോശം പെരുമാറ്റം ദാമ്പത്യത്തെ ബാധിക്കാം. അതിനാൽ, സൂക്ഷിച്ച് സംസാരിക്കുകയും മാന്യമായി പെരുമാറുകയും വേണം. വിദേശ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക്, പ്രമോഷൻ അല്ലെങ്കിൽ ആനുകൂല്യം ലഭിക്കും. നിത്യവും ഓം നമോ നാരായണായ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ജോലിയിൽ ഉയർച്ച നേടാൻ പരിശ്രമിക്കും. എന്നാൽ സ്വന്തം കഴിവിലധികം അദ്ധ്വാനിക്കുന്നത് മാനസിക സമ്മർദ്ദത്തിനും ക്ഷീണത്തിനും കാരണമാകും. ഭൂമി അല്ലെങ്കിൽ വാഹനം വാങ്ങാനുള്ള നീക്കങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കും. ആഡംബരത്തിനും പൊങ്ങച്ചം കാട്ടുന്നതിനും കണക്കിലധികം പണം ചെലവഴിക്കുന്നത് വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കും. വാവിട്ട വാക്കുകൾ പല കുടുംബ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. അടുത്ത ബന്ധുവിന് വിരുന്നൊരുക്കും. രുചികരവുമായ ഭക്ഷണം ആസ്വദിക്കും. ജീവിത പങ്കാളിയോട് കൂടുതൽ അടുപ്പം തോന്നും. പരസ്പരം വികാരങ്ങളും ഹൃദയരഹസ്യങ്ങളും പങ്കിടും. അവിവാഹിതർക്ക് വിവാഹ സാധ്യത കാണുന്നു. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ പതിവായി ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വ്യക്തിപരമായ വികാരങ്ങളും രഹസ്യങ്ങളും ആരുമായും തൽക്കാലം പങ്കിടരുത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരാർ ഇടപാടിൽ നിന്നുള്ള വരുമാനത്തിൽ വൻതോതിൽ വർദ്ധനവ് ഉണ്ടാകും. ജോലിഭാരം കുറയുന്നതിനാൽ വിനോദ യാത്രയ്ക്കും വിശ്രമത്തിനും വേണ്ടത്ര സമയം ലഭിക്കും. വാഗ്ദാനം പാലിക്കാൻ കഴിയാതെ വരുന്നത് വിഷമിപ്പിക്കും. അപകീർത്തി സാധ്യതയുളള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കും. പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച് സമയം വെറുതെ കളഞ്ഞാൽ മറ്റുള്ളവർ മറികടന്ന് പോകും. വീട് പണി പൂർത്തിയാകും. അംഗീകാരങ്ങൾ തേടിയെത്തും. പഠനത്തിൽ കാര്യങ്ങൾ എളുപ്പമാകും. സന്താനങ്ങൾ വഴി സന്തോഷം ലഭിക്കും. ഓം നമഃ ശിവായ ജപം മുടക്കരുത്.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ശാരീരികമായ അദ്ധ്വാനം കൂടിയ ജോലികളിൽ നിന്ന് തൽക്കാലം ഒഴിഞ്ഞ് നിൽക്കുന്നത് നന്നായിരിക്കും. പണം ലാഭിക്കുന്നതിനെക്കുറിച്ച് ഗാഢമായി ചിന്തിക്കും. പുതിയ പ്രവർത്തനരംഗത്ത് സജീവമാകും. ചുറുചുറുക്കും കാര്യക്ഷമതയും കൂടും. സ്വജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. മാനസിക സമ്മർദ്ദം കുറയും. വാഹനം മാറ്റി വാങ്ങുന്നതിന് ശ്രമിക്കും. കുടുംബാംഗങ്ങളുമായി തർക്കങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കണം. ഗൃഹത്തിൽ ഐക്യം കൊണ്ടുവരുന്നതിന് ജീവിത പങ്കാളി നിങ്ങളെ സഹായിക്കും. വിലപിടിപ്പുള്ള സമ്മാനം ലഭിക്കാൻ ഭാഗ്യം കാണുന്നു. സന്താനങ്ങളുടെ കാര്യങ്ങൾക്കായി സമയം ചെലവഴിക്കാൻ കഴിയും. സുഹൃത്തുക്കളുടെ പിൻതുണ ലഭിക്കും. ഉന്നതരുടെ സ്വാധീനത്തിന് വശംവദരാകും. നിത്യവും ഓം ഗം ഗണപതയേ നമഃ ജപം പതിവാക്കണം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559
Summary: Predictions: This week for you