Friday, 20 Sep 2024

തിങ്കൾ പിറ തേടിക്കാണണം; വ്യാഴം ധനം, വെള്ളിയാഴ്ച രതി സുഖം

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മനുഷ്യമനസുകളെ കാര്യമായി സ്വാധീനിക്കുന്നു എന്നത് പരമ്പരാഗതമായ ഭാരതീയ വിശ്വാസമാണ്. പണ്ടിത് വെറും വിശ്വാസം മാത്രമായിരുന്നു. എന്നാൽ ഇന്നിത് ഒരു ശാസ്ത്രീയ തത്വമാണ്. ചന്ദ്രനിൽ പതിക്കുന്ന സൂര്യകിരണങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഈ പ്രതിഭാസത്തിന്റെ കാരണമത്രേ.

സൂര്യരശ്മികളുടെ ശക്തി ഭൂമിയിൽ ജീവജാലങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്ന് ഈ വൃദ്ധിക്ഷയത്തിൽ കൂടി ശാസ്ത്രലോകം മന‌സിലാക്കുന്നു. സകല ചരാചരങ്ങളുടെയും നിലനിൽപ്പിന് മാത്രമല്ല വികാര വിചാരങ്ങളെ നിയന്ത്രിക്കുവാനും ചന്ദ്രനുള്ള  ശേഷി അപാരമാണ്. മന‌സിനെയും വാക്കിനെയും പ്രവൃത്തിയെയും എല്ലാം തന്നെ അത് സ്വാധീനിക്കുന്നു.
ഈ 15 ദിവസങ്ങളെ അഥവാ പക്കങ്ങളെ പ്രഥമ മുതൽ ചതുർദ്ദശിയും വാവും വരെയുള്ള വ്രതങ്ങൾക്ക് ഉള്ള ശുഭദിനങ്ങളായി തിരഞ്ഞെടുക്കാനുള്ള കാരണവും മറ്റൊന്നല്ല. അത് കറുത്തപക്ഷമായാലും വെളുത്ത പക്ഷമായാലും ശരി ശുഭദിനങ്ങൾ തന്നെയാണ്. 

കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യം കാണുന്ന  ചടങ്ങാണ് ചന്ദ്രദർശനം. കറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രനെ കാണാൻ കഴിയും. ഈ സമയം ചന്ദ്രനെ കാത്തിരുന്നു കാണുക പലരുടെയും പതിവാണ്. ഓരോ ദിവസവും ചന്ദ്രനെ കാണുന്നതിന് ഓരോ ഫലമാണ്. ഞായറാഴ്ച ചന്ദ്രനെ കണ്ടാൽ സുഖം, തിങ്കളാഴ്ചയെങ്കിൽ ജളത്വം, ചൊവ്വയായാൽ മരണഭയം, ബുധനാഴ്ച കണ്ടാൽ ശത്രുഭയം, വ്യാഴാഴ്ചയെങ്കിൽ ധനപുഷ്ടി, വെള്ളിയാഴ്ച കണ്ടാൽ രതി സുഖം, ശനിയാണ് ആദ്യം പിറകാണുന്നതെങ്കിൽ രോഗം: ഇതാണ് ഓരോ ദിവസത്തെയും ചന്ദ്ര ദർശന ഫലം.തിങ്കളാഴ്ചയുള്ള ദർശനമാണ് ഏറ്റവും ഉത്തമം. തിങ്കൾ പിറ തേടിക്കാണണം എന്നൊരു ചൊല്ലു തന്നെയുണ്ട്. ഞായർ, വ്യാഴം, വെള്ളി ദിവസങ്ങളും ചന്ദ്രപ്പിറ കാണാൻ നല്ലതാണ്. ചന്ദ്രനെ മേഘങ്ങൾക്കിടയിൽ കൂടി കണ്ടാൽ ശത്രുഭയവും ജലത്തിൽ കണ്ടാൽ രോഗപീഡയും വൃക്ഷത്തിന്റെ ഇലകൾക്ക് ഇടയിൽക്കൂടി കണ്ടാൽ ദ്രവ്യനാശവുമാണ് ഫലം പറയുന്നത്. 

എന്തായാലും ചന്ദ്രന്റെ വ്യദ്ധിക്ഷയങ്ങൾ മനുഷ്യ ജീവിതത്തെ ബാധിക്കും എന്ന കാര്യം തർക്കമറ്റതാണ്. അമാവാസി മുതൽ ചന്ദ്രൻ അല്പാല്പം വളർന്നു കൊണ്ടിരിക്കുകയാണ്. പതിനഞ്ചാം പക്കം പൗർണ്ണമി ദിവസം  അതു പൂർണ്ണവളർച്ചയിൽ എത്തും.ഈ പതിനഞ്ചുദിവസവും മനുഷ്യശരീരത്തിലെ ഓരോ അവയവത്തെയും കാര്യമായി സ്വാധീനിക്കുന്നത് ചന്ദ്രന്റെ വൃദ്ധിയാണ് – അഭിവൃദ്ധി.

അതുപോലെ പൗർണ്ണമി മുതൽ ഓരോ ദിവസവും ചന്ദ്രന് ക്ഷയം സംഭവിക്കുന്നു. ദിവസേന അല്പാല്പമായി ക്ഷയിക്കുന്ന ചന്ദ്രൻ പതിനഞ്ചാം പക്കം അമാവാസി ദിവസം പൂർണ്ണമായും മറയുന്നു. ഈ 15 ദിവസവും ജീവജാലങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചില രാസപരിണാമങ്ങൾ സംഭവിക്കുന്നു. ചിലർക്ക് അമാവാസി നാളിൽ മനോബലം നഷ്ടമായി വിഷാദരോഗം പിടികൂടുന്നതും അസ്ത്മ രോഗം  ഉള്ളവർക്ക് ഈ സമയത്ത് രോഗം വർദ്ധിക്കുന്നതും കാണാറുണ്ട്. 

ഷഷ്ഠി, നവമി, ദശമി, ഏകാദശി, ദ്വാദശി, പൗർണ്ണമി, അമാവാസി എന്നിവ 15 പക്കങ്ങളിൽ  ഏറെ വിശേഷമാണ്. ആ ദിവസങ്ങളിലെ വ്രതങ്ങൾക്ക് പ്രാധാന്യം ഏറുന്നു. ഉപവാസത്താൽ ശരീരവും ഈശ്വര ചിന്തയാൽ മന‌സും ഒരേ സമയം ശുദ്ധീകരിക്കപ്പെടുന്നു. 
ടി. ജനാർദ്ദനൻ നായർ, മലപ്പുറം

error: Content is protected !!
Exit mobile version