Friday, 22 Nov 2024

തിരുപ്പതി ദേവന് കാണിക്കയിട്ടാൽ ഇരട്ടിയായി തിരിച്ചുകിട്ടും

തിരുപ്പതിയാണ് ലോകത്തേറ്റവും വരുമാനമുളള ക്ഷേത്രം. കോവിഡ് മഹാമാരിക്ക് മുൻപ്4 കോടി രൂപയായിരുന്നു  ഒരു ദിവസത്തെ ശരാശരി വരുമാനം. 14000 കോടി രൂപയാണ്  തിരുപ്പതി ദേവസ്വത്തിന് ബാങ്കുകളിൽ സ്ഥിര നിക്ഷേപം. ഇതിന്റെ പലിശ 706 കോടി രൂപ വരും. 3 കോടി രൂപ വരെ ഭക്തർ കാണിക്കയിട്ട ദിവസങ്ങളുണ്ട്. 

തിരുപ്പതി ഭഗവാന് കാണിക്ക അര്‍പ്പിക്കുന്നവര്‍ക്ക് ഇരട്ടിയായി തിരിച്ചുകിട്ടുമെന്നാണ് വിശ്വാസം. അതിന് പിന്നിലൊരു കഥയുണ്ട് : പത്മാവതിയുമായുളള വിവാഹത്തിന് ശ്രീ വെങ്കടേശ്വരന്‍ കുബേരനില്‍ നിന്ന് 3364 കോടി രാമനാണയങ്ങള്‍ വായ്പ വാങ്ങി. ആ തുക ഉപയോഗിച്ച് ശേഷാദ്രി കുന്നുകള്‍ സ്വര്‍ഗ്ഗതുല്യം കമനീയമാക്കി. സകല ആഡംബരത്തോടെയും വെങ്കടേശ്വര – പത്മാവതീ വിവാഹം നടന്നു. ലക്ഷ്മീദേവിയാകട്ടെ ഭക്തരോടുളള ഭഗവാന്റെ പ്രതിബദ്ധത മനസിലാക്കി ഭഗവാന്റെ ഹൃദയത്തില്‍ വസിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഭഗവാന്റെ കടംവീട്ടാന്‍ ഭക്തര്‍ കാണിക്ക സമര്‍പ്പിച്ചു തുടങ്ങി. അതു മനസിലാക്കിയ ഭഗവാന്‍ തനിക്ക് നല്‍കുന്ന കാണിക്കയുടെ ഇരട്ടിയായി ഒരോ ഭക്തർക്കും തിരികെ കിട്ടുമെന്ന് വരമേകി. കോടിക്കണക്കിന് ഭക്തർക്ക് ഇത് അനുഭവ സിദ്ധമായതോടെ  ആ വിശ്വാസം ശക്തമായി. അതു കാരണമാണ് സ്വര്‍ണ്ണം, രത്‌നം, പണം എന്നിവയായി കോടിക്കണക്കിന്  രൂപ മൂല്യമുള്ള കാണിക്ക ഭഗവാന്  ദിനം തോറും കാലങ്ങളായി സമര്‍പ്പിക്കപ്പെടുന്നത്. ലോകത്ത് വരുമാനത്തിലും ആസ്തിയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്ഷേത്രമാണിത്.

ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന് വേണ്ടി ഭക്തർ  സമർപ്പിക്കുന്ന തിരുപ്പതിയിലെ പ്രധാന നേര്‍ച്ചകളിലൊന്നാണ്  മുടിയെടുക്കൽ. ഈ മുടി വിറ്റ് ഈ വർഷം കിട്ടിയ തുകയാണ്  106 കോടി രൂപ. തലമുണ്ഡനം ചെയ്യല്‍ നേര്‍ച്ച നടത്തുന്നതിന് പിന്നിലും ഒരു കഥയുണ്ട് : ഒരിക്കല്‍ തിരുപ്പതി ബാലാജിയുടെ  തല ഒരു ഇടയന്റെ തലയുമായി കൂട്ടി മുട്ടി ഭഗവാന്റെ തലയില്‍ കുറച്ചുഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇത് ഗന്ധര്‍വ്വ രാജകുമാരിയായ നീല ദേവി കാണുകയും തന്റെ മുടിമുറിച്ച്  ആ ഭാഗത്ത് ചേര്‍ക്കുകയും ചെയ്തു. അവരുടെ ത്യാഗത്തില്‍ പ്രസന്നനായ ഭഗവാന്‍ തനിക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന മുടിക്ക് മുഴുവന്‍ ദേവിയായിരിക്കും അവകാശിയെന്ന് വരമേകി. തിരുപ്പതിയിലെ ഏഴ് ദിവ്യ മലകളിലൊന്നിന് നീലാദ്രിയെന്ന് പേരും നല്‍കി. 

തിരുപ്പതിദേവന്റെ   ഏറ്റവും വിശേഷപ്പെട്ട പ്രസാദംലഡ്ഡുവാണ്. വലിപ്പത്തിലും സ്വാദിലും ഈ ലഡ്ഡു വിശേഷമാണ്. തൈര്‌ സാദം, മഞ്ഞള്‍ചോറ് , വട, ചക്കരപൊങ്കല്‍, അപ്പം, പായസം, ജിലേബി, മുറുക്ക്, ദോശ, കേസരി, മല്‍ഹോര, വെണ്‍പൊങ്കല്‍ തുടങ്ങിയവയാണ് തിരുപ്പതിയിൽ ലഭിക്കുന്ന മറ്റ്  പ്രസാദങ്ങള്‍. 

– സരസ്വതി ജെ. കുറുപ്പ്, +91 907 458 0476

error: Content is protected !!
Exit mobile version