തിരുപ്പതി ഭഗവാനെ നിത്യവും ഇങ്ങനെ ഭജിച്ചാൽ അഭിവൃദ്ധി, ദുരിത മോചനം
മംഗള ഗൗരി
തിരുപ്പതി ബാലാജി സക്ഷാൽ വിഷ്ണു ഭഗവാനാണ്. ഇത് എല്ലാവർക്കും അറിയാം. എന്നാൽ വിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി ദേവനെന്ന് ആരും പറയില്ല. എന്താണ് അതിന് കാരണം?
ലോകത്ത് അധർമ്മം വ്യാപിക്കുമ്പോൾ ധർമ്മം പുന:സ്ഥാപിക്കാൻ യുഗം തോറും ഭഗവാൻ അവതരിക്കും എന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്. ദശാവതാരങ്ങൾ എല്ലാം സംഭവിച്ചത് അങ്ങനെയാണ്. ഗീതയിൽ ശ്രീകൃഷ്ണ പരമാത്മാവ് തന്നെ ഇക്കാര്യം വിളംബരം ചെയ്യുന്നുണ്ട് :
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ
(സാരം: സജ്ജനങ്ങളെ രക്ഷിക്കാനും ദുഷ്ടന്മാരെ സംഹരിക്കാനും നന്മയുടെ അതായത് ധർമ്മത്തിന്റെ മാർഗ്ഗം യഥാവിധി ഉറപ്പിക്കാനും യുഗം തോറും ഞാൻ അവതരിക്കുന്നു.)
എന്നാൽ കലിയുഗത്തിൽ തിരുപ്പതി ശ്രീ ബാലാജിയും പുരി ജഗന്നാഥ സ്വാമിയും പാന്ഥർപൂർ വിത്തൽ പ്രഭുവും അവതരിച്ചത് എതെങ്കിലും ദുഷ്ടനിഗ്രഹത്തിനോ ധർമ്മ പുന:സ്ഥാപനത്തിനോ അല്ല. പിന്നെയോ, തന്റെ പ്രിയ ഭക്തർക്ക് അനുഗ്രഹാശിസുകൾ ചൊരിയാനാണ്. അവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാനാണ്.
അതിലൂടെ ഭഗവാൻ സ്വയം ഭക്തരെ സേവിക്കുന്നു. ഇതിലൂടെ ഭക്തരും ഭഗവാനും തമ്മിലുള്ള അപാരമായ സ്നേഹമാണ് വെളിവാക്കപ്പെടുന്നത്. ഭക്തരുടെ ആഗ്രഹങ്ങൾ ഫലമാക്കിക്കൊടുക്കാൻ വേണ്ടി മാത്രം അവതരിച്ച ഈ മൂർത്തികൾ ഒരു ലീലകളും ആടിയിട്ടില്ല. ഭക്തർക്ക് വേണ്ടതെല്ലാം നൽകാനായി തന്റെ സന്നിധിയിൽ വര മുദ്രയുമേന്തി പരിലസിക്കുന്നു.
അതു കൊണ്ടു തന്നെ മഹാവിഷ്ണുവിന്റെ പ്രത്യേക തരത്തിലെ അവതാരമായി തിരുപ്പതി ദേവനെ ഭക്തർ ആരാധിക്കുന്നു.
കലിയുഗ ദുരിതങ്ങളിൽ നിന്നും ഭക്തരെ സദാ മോചിപ്പിക്കുന്ന തിരുപ്പതി ഭഗവാനെ നിത്യവും ഭജിച്ചാൽ സാമ്പത്തിക അഭിവൃദ്ധി, ദുരിത മോചനം, വിവാഹ ഭാഗ്യം, ശനി ദോഷമുക്തി, സർപ്പ ദോഷശമനം, രാഹു – കേതു ദോഷ മോചനം തുടങ്ങിയവ ലഭിക്കും. പെട്ടെന്ന് അനുഗ്രഹം ചൊരിയുന്ന ദേവനാണ് ശ്രീവെങ്കടേശൻ. ഭഗവാന്റെ ക്ഷിപ്ര ഫലസിദ്ധിയുള്ള അതിശക്തമായ ഒരു മന്ത്രമുണ്ട് : ഓം നമോ വെങ്കടേശായ എന്നാണ് ആ മന്ത്രം. തിരുപ്പതി ദേവവന്റെ രൂപം മനസിൽ ധ്യാനിച്ച് ഈ മന്ത്രം എല്ലാ ദിവസവും 108 തവണ ജപിച്ചാൽ ഒരു മണ്ഡല കാലത്തിനുള്ളിൽ ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാകും. സ്ത്രീകൾക്കും ജപിക്കാം. അശുദ്ധിയുടെ ദിവസങ്ങൾക്ക് ശേഷം ജപം തുടർന്ന് 41 ദിവസം പൂർത്തിയാക്കിയാൽ മതി. ഒരു വ്യാഴാഴ്ച ദിവസം ജപം ആരംഭിക്കണം. ഇതിനൊപ്പം വെങ്കിടേശ്വര ഗായത്രി കൂടി ജപിക്കുന്നത് നല്ലതാണ്.
വെങ്കിടേശ്വര മന്ത്രം
ഓം നമോ വെങ്കടേശായ
വെങ്കിടേശ്വര ഗായത്രി
നിരഞ്ജനായ വിദ്മഹേ
നിരപശായ ധീമഹേ തന്നോ
ശ്രീനിവാസ: പ്രചോദയാത്
മംഗള ഗൗരി
Story Summary: Powerful Mantra for the Blessings of Thirupati Balaji
Copyright 2021 Neramonline.com. All rights reserved