Friday, 20 Sep 2024

തിരുവാതിരനാൾ വിവാഹിതകൾ കുങ്കുമം തൊടണം; ദാമ്പത്യ ഭദ്രതയ്ക്ക് ഈ അർച്ചന

ജ്യോതിഷി സുജാത പ്രകാശൻ

ശ്രീ മഹാദേവന്റെ തിരു അവതാര ദിനമായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്. അതിനാൽ മിക്ക പ്രധാന ശിവക്ഷേത്രങ്ങളിലും ഈ
ദിവസമാണ് ഉത്സവ സമാപനവും ആറാട്ടും.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം, മാവേലിക്കര കണ്ടിയൂർ, ചെങ്ങമനാട് ക്ഷേത്രം , ശുചീന്ദ്രം തുടങ്ങിയ പ്രധാന മഹാദേവ സന്നിധികളിൽ ഭഗവാന്റെ തിരുനാളിലാണ് ഉത്സവ സമാപനം.

ഈ ദിവസം വ്രതമെടുത്ത് പാർവതി പരമേശ്വരന്മാരെ ഭജിച്ചാൽ വിവാഹിതകൾക്ക് ദീർഘ മാംഗല്യവും വിവാഹം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് മംഗല്യസൗഭാഗ്യവും ലഭിക്കും. ദാമ്പത്യപ്രശ്നങ്ങൾ നേരിടുന്നവർ തിരുവാതിര വ്രതം എടുക്കുന്നത് വളരെ ഗുണകരമാണ്.

തിരുവാതിരയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ഭഗവാൻ ശ്രീ പരമേശ്വരന്റെ ആരോഗ്യത്തിനായി ശ്രീ പാർവ്വതി ദേവി വ്രതമെടുത്തതും കാമദേവനെ ഭഗവാൻ ശ്രീ പരമേശ്വരൻ പുനരുജ്ജീവിപ്പിച്ചതും തിരുവാതിര നാളിലാണെന്ന് വിശ്വസിക്കുന്നു. ശിവശക്തി സംഗമം നടന്ന ഈ വിശിഷ്ട ദിവസം വ്രതമെടുത്താൽ ശിവന്റെയും ശക്തിയുടെയും പൂർണ്ണചൈതന്യം നമുക്ക് അനുഗ്രഹ കലയായി ലഭിക്കും.

വിവാഹം കഴിഞ്ഞിട്ട് ആദ്യം വരുന്ന തിരുവാതിരയെ പൂത്തിരുവാതിര എന്നാണ് വിശേഷിപ്പിക്കുന്നത്. തിരുവാതിരയ്ക്ക് മുൻപുള്ള ദിവസമായ മകയിരത്തിനു കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി വ്രതം അനുഷ്ഠിക്കാം. തിരുവാതിരയുടെ തലേന്നോ രോഹിണി നാളിലോ ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കാം. മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. പിറ്റേദിവസം കുളിച്ച് ജപം ആരംഭിക്കാം… ശിവപുരാണം, ശിവസഹസ്രനാമം, ഉമാ മഹേശ്വര മന്ത്രങ്ങൾ, സ്തോത്രങ്ങൾ മുതലായവ ജപിക്കാവുന്നതാണ്.

മംഗല്യസിദ്ധിക്ക് വേണ്ടി സ്വയംവരമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ഗായത്രി മന്ത്രം ചൊല്ലുന്നത് കോടി പുണ്യമാണെന്ന് വിശ്വസിക്കുന്നു . അത് കൊണ്ട് രാവിലെ നെയ്‌വിളക്ക് തെളിച്ച് വച്ച് അതിന് മുന്നിൽ 1008 തവണ ഗായത്രി ചൊല്ലുന്നത് ഉത്തമമാണ്. അഷ്ടമംഗലങ്ങൾ ഒരുക്കി പ്രാർത്ഥിക്കുന്നതും നല്ലത് തന്നെ. പ്രാർത്ഥന കഴിഞ്ഞ ശേഷം വാലിട്ട് കണ്ണെഴുതി സിന്ദൂരക്കുറി, മഞ്ഞാൾക്കുറി, ഭസ്മം എന്നിവ തൊടുന്നത് ഉത്തമം. തിരുവാതിര ദിവസം വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിൽ കുങ്കുമം തൊടണം. അരിയാഹാരം പാടില്ല. പഴങ്ങൾ, ഇളനീർ, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയവ കഴിക്കാം.

തിരുവാതിര ദിവസം ഉമാമഹേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി ഉമാമഹേശ്വര പൂജ ചെയ്യുന്നതും ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നതും സ്വയംവര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും ശിവശക്തി പ്രീതിക്ക് നല്ലതാണ്. ദാമ്പത്യകലഹം അനുഭവിക്കുന്നവർ
ശിവക്ഷേത്രത്തിൽ തിരുവാതിര ദിവസം ദമ്പതികളുടെ പേരും നാളും ഒറ്റ ചീട്ടിലെഴുതി ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി നടത്തുന്നത് വളരെ ഉത്തമമാണ്.

ദശപുഷ്പം ചൂടലാണ് തിരുവാതിരനാളിലെ മറ്റൊരു സവിശേഷത…ഇതിനെ പാതിരാപ്പൂ ചൂടൽ എന്നും പറയുന്നു…ഭക്തിയോടെ തിരുവാതിര വ്രതം നോറ്റാൽ സർവ്വ ഐശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം.

ജ്യോതിഷി സുജാത പ്രകാശൻ,
ശങ്കരം, കാടാച്ചിറ, കണ്ണൂർ
വാട്സാപ്പ് : 9995960923,
Email: Sp3263975@gmail.com

Story Summary: Benefits of Gayatri Mantra
Recitation, Uma Maheshwara Pooja and different
Pushpanjalies on Thiruvathira Day

error: Content is protected !!
Exit mobile version